Breaking

Tuesday, 12 November 2019

ബസിൽ സീറ്റുപിടിച്ചവർ ഒന്ന്‌ അമ്പരന്നു; ഡ്രൈവിങ്‌ സീറ്റിൽ കയറിയത്‌ ഒരു വനിത


പെരുമ്പാവൂരിൽനിന്ന്‌ രാവിലെ 6.05ന്‌ തിരുവനന്തപുരത്തേക്ക്‌ പുറപ്പെടുന്ന സൂപ്പർഫാസ്‌റ്റ്‌ ബസിൽ സീറ്റുപിടിച്ചവർ ഒന്ന്‌ അമ്പരന്നിട്ടുണ്ടാകും. ഡ്രൈവിങ്‌ സീറ്റിൽ കയറിയത്‌ ഒരു വനിത.കോട്ടപ്പടി സ്വദേശിനി ഷീല.ഷീല ഡ്രൈവിങ്ങ് തുടങ്ങി സ്‌റ്റാൻഡിൽനിന്നിറങ്ങി മെയിൻ റോഡിലൂടെ വണ്ടി കുതിച്ചുതുടങ്ങിയപ്പോഴാണ്‌ പലരുടെയും ആശങ്കകൾ മാറിയത്‌. വഴി പരിചിതമല്ലെങ്കിലും കൃത്യസമയത്ത്‌ വണ്ടി തമ്പാനൂർ സ്‌റ്റാൻഡിൽ എത്തിച്ച്‌ കെഎസ്‌ആർടിസിയിലെ ഏക വനിതാ ഡൈവർ വി പി ഷീല നേടിയത്‌ കൈയടികൾ.
ഏഴുകൊല്ലമായി ഡ്രൈവർ തസ്‌തികയിൽ ഉണ്ടെങ്കിലും ദീർഘദൂര സൂപ്പർഫാസ്‌റ്റ്‌ സർവീസിൽ ഷീലയുടെ ആദ്യ നിയോഗമായിരുന്നു. ആലുവ–-മൂവാറ്റുപുഴ ഓർഡിനറി ബസിൽ പതിവുപോലെ ഡ്യൂട്ടിക്ക്‌ കയറാനാണ്‌ പുലർച്ചെ എത്തിയത്‌. തിരുവനന്തപുരം സൂപ്പർ ഫാസ്‌റ്റിന്റെ ഡ്രൈവർ അടിയന്തരമായി അവധിയെടുത്തതോടെ സർവീസ്‌ മുടങ്ങുമെന്ന സ്ഥിതിയായി. അപ്പോഴാണ്‌ അധികൃതർ ഷീലയുടെ സമ്മതം തേടിയത്‌. ആശങ്കയോടെയെങ്കിലും ആ വെല്ലുവിളി ഏറ്റെടുത്തു. സ്‌റ്റാൻഡും വഴികളും പറഞ്ഞുകൊടുത്ത്‌ കണ്ടക്‌ടർ ലിജോ നല്ല പിന്തുണയും നൽകി. മഴയും തിരക്കും ട്രാഫിക്‌ കുരുക്കും ഉണ്ടായിരുന്നെങ്കിലും 4.45നുള്ള മടക്കയാത്രയും ഷീലയുടെ കൈകളിൽ ഭദ്രമായി.
കെഎസ്ആർടിസിയിൽ എം പാനലുകാർ അടക്കം ഇരുപതിനായിരത്തോളം ഡ്രൈവർമാരുള്ളതിലെ ഏക പെൺതരിയാണ്‌ ഷീല.കോട്ടപ്പടി ചേറങ്ങനാൽ സ്വദേശിനി. കഴിഞ്ഞ വി എസ് സർക്കാരിന്റെ കാലത്താണ് ഷീലയ്ക്ക് ജോലി ലഭിക്കുന്നത്. ബിരുദാനന്തര ബിരുദധാരികളടക്കം പതിനായിരങ്ങൾ എഴുതിയ പരീക്ഷയിൽ മികച്ച റാങ്കോടെയാണ്‌ പാസായത്. ആദ്യ നിയമനം കോതമംഗലം ഡിപ്പോയിൽ. വെള്ളാരംകുത്തിലേക്കായിരുന്നു ആദ്യ സർവീസ്. പിന്നെ, വളവുകളും കയറ്റങ്ങളുമുള്ള വെറ്റിലപ്പാറ റൂട്ടിൽ. നിരവധി സ്ത്രീകൾ ആദ്യകാലങ്ങളിൽ വണ്ടിയിൽനിന്ന്‌ ഇറങ്ങിപ്പോയതും ഷീല ഓർക്കുന്നു. കോതമംഗലം ഡിപ്പോയിൽനിന്ന്‌ പെരുമ്പാവൂരിലേക്ക്‌ മാറ്റം ലഭിച്ച ഷീല വർക്ക് അറേഞ്ച്മെന്റിൽ മൂന്നുമാസം അങ്കമാലിയിലും ഒരു കൊല്ലത്തോളേം തലസ്ഥാനത്തും ജോലിചെയ്‌തു.

തടിവെട്ടുതൊഴിലാളിയായിരുന്ന പരേതനായ പാപ്പുവിന്റെയും കുട്ടിയുടെയും മകളാണ്. സഹോദരന്മാരാണ്‌ ഡ്രൈവിങ് പഠിപ്പിച്ചത്‌. ഒരു സഹോദരന്റെ വീട്ടിൽ 76 വയസ്സുള്ള അമ്മയ്‌ക്കൊപ്പമാണ് താമസം. വിവാഹം കഴിച്ചെങ്കിലും 11 വർഷത്തിനുശേഷം വേർപെട്ടു. ഷീലയുടെ ഡ്രൈവർജോലി അടക്കമുള്ള കാര്യങ്ങൾ അതിനു വഴിവച്ചു. എന്നാൽ, തൊഴിൽ ഉപേക്ഷിച്ച്‌ ഒരു തീർപ്പിനും ഷീല തയ്യാറായില്ല.കോതമംഗലത്തെയും കോട്ടപ്പടിയിലെയും ഡ്രൈവിങ്ങ് സ്കൂളിലെ അധ്യാപിക കൂടിയായിരുന്നു ഷീല. നൂറു കണക്കിന് ആളുകളെ ആണ് ഷീല വളയം പിടിക്കാൻ പഠിപ്പിച്ചത്.

No comments:

Post a Comment