Breaking

Saturday, 2 November 2019

മഞ്ഞപ്പാറയിലെ നബിദിനം ഒരോർമ്മ


നബിദിനം... ഒരോർമ്മ 


എഴുതിയത് :- മുഹമ്മദ് അൻസാരി മഞ്ഞപ്പാറ

അന്നൊക്കെ നബിദിനത്തിനായിരുന്നു നാട്ടിലെ കടകളിൽ വർണ്ണ കടലാസ് വിൽപ്പനക്ക് വെക്കുന്നത്.  ചുവപ്പും,  വൈലറ്റും, പച്ചയും,  മഞ്ഞയും,  വെള്ളയുമെല്ലാം,  ചുരുട്ടി വെച്ചിട്ടണ്ടാവും.  അത് കുട്ടികളെ മാടി വിളിച്ച് കൊണ്ടിരിക്കുക്കും.  10 പൈസ കൊടുത്താൽ ഒരു കടലാസ് കിട്ടും.  മഞ്ഞയും,  പച്ചയും,  ചുവപ്പും, തീപ്പട്ടി കളറും കൂടി ആയാൽ കുശാലായി.ക്രമത്തിൽ മടക്കി കത്രിക കൊണ്ടോ,  സ്കെയിലിന്റെ വശങ്ങൾ കൊണ്ടോ മുറിച്ചെടുക്കും.  ബിസ്കറ്റ കുതിർത്ത അറ്റത്തു പുരട്ടി ചണ ത്തിലൊട്ടിക്കും,  ചണം മുന്നേ കൊണ്ടുവന്ന സാധനങ്ങളുടെ കെട്ടിൽ നിന്നും അഴിച്ചു സൂക്ഷിച്ചിട്ടുണ്ടാവും....

 വള്ളികളിലൊട്ടിച്ച വർണ്ണക്കടലാസ് വീടിന്റെമുന്നിലൊക്കെ വലിച്ച് കെട്ടും,  ജനലിനടുത്തു കിടന്നാൽ വർണ്ണക്കടലാസിൽ ഇളം കാട്ടുതട്ടുമ്പോഴുള്ള ഒരു മർമ്മരം കേൾക്കാം,  മനസ്സ് സന്തോഷം കൊണ്ട് പുളയും,  ലോകാനുഗ്രഹി യായ പ്രവാചകന്റെ ജന്മത്തിൽ ഈലോകം മുഴുവൻ സന്തോഷിക്കുന്നപോലെ തോന്നും,  നാളെ ഘോഷയാത്ര ക്കുള്ള കൊടി ഉമ്മ ചെത്തിയുണക്കി തന്ന മരക്കമ്പിൽ ഒട്ടിച്ചു വെച്ചോ...  ആലോചിച്ചു കെടന്നു എപ്പഴോ ഉറങ്ങി....


പള്ളിയിലെത്തിയപ്പോൾ അവിടെ ഒരാൾ കൂട്ടം,  പള്ളിക്കു മുന്നിൽ പനയോലയിൽ തീർത്ത വലിയ കവാടം...  ആരോ പറഞ്ഞു...  അത് ആർച്ചു ആണത്രേ,  എന്തായാലും നല്ല ഭംഗിയുണ്ട്.  റോഡിനരികിൽ കുറ്റിയടിച്ചു വർണ്ണക്കടലാസ് വലിച്ച് കെട്ടിയിട്ടുണ്ട്.  അവിടെയും മർമ്മരം തൊട്ടടുത്തു ഒരു സൈക്കിളിൽ കോളാമ്പി കെട്ടിവെച്ചിരിക്കുന്നു. അതിൽ നിന്നും സ്വലാത്ത് കേൾക്കുന്നു..  സ്വല്ലല്ലാഹു അലാ മുഹമ്മദ്‌.....

ഘോഷയാത്ര തുടങ്ങുകയായ്....  പള്ളിയിൽ നിന്നും ആദ്യം മുക്കട യിലേക്ക്....

"പശ്ചിമ പശ്ചിമ തീരത്ത്...
മക്കാ എന്നൊരു ദേശത്ത് ...
പിറവിയെടുത്തൊരു മുത്തു നബി
സ്വല്ലല്ലാഹു അലാ മുഹമ്മദ്‌....."

സൈക്കിളിൽ കെട്ടിയ മൈക്കിൽ നിന്നും വരുന്ന ശബ്ദം കേട്ട് ഞങ്ങൾ വിളിച്ചു.....
ആവേശത്താൽ ഞങ്ങൾ വിളിക്കും,
ആമോദത്താൽ ഞങ്ങൾ വിളിക്കും
ലാ ഇലാഹ ഇല്ലല്ലാഹ്....


എല്ലാരും ആവേശത്തിലാണ്.  ഉസ്താദ് മാർ കുട്ടികളെ നിയന്ത്രിക്കുന്നുണ്ടെങ്കിലും,  വഴിയരികിൽ നിൽക്കുന്നവർ നമ്മെ നോക്കുന്നത് വല്ലാത്തൊരു വാത്സല്യത്തോടെ,  സ്നേഹത്തോടെ,  അവർ നമുക്ക് കരുതി വെച്ചത് പുഞ്ചിരിയിൽ പൊതിഞ്ഞ സ്നേഹം,  അത് നമ്മുടെ മുഖത്ത് തട്ടി പ്രതിഫലിച്ചു. പലരും സ്നേഹത്തിനൊപ്പം മുട്ടായിയും ബിസ്കറ്റുമൊക്കെ തന്നു. എല്ലാറ്റിനും ഒരേ സ്വാദ്...  സ്നേഹത്തിന്റെ വാത്സല്യത്തിന്റെ.....

വട്ടത്രാമല എത്തിയപ്പോൾ പായസം കിട്ടി..  സ്റ്റീൽ ഗ്ലാസിൽ ...  എല്ലാരും  കുടിച്ചിട്ട് ഗ്ലാസ്‌ തിരിച്ചു കൊടുക്കണം.  വല്യ ഉസ്താദാണ്..  ഗ്ലാസ് കൊടുത്തിട്ട് വീണ്ടും തിരിച്ചു മഞ്ഞപ്പാറ യിലേക്ക...

മഞ്ഞപ്പാറ എത്തിയപ്പോൾ കുറെ വലിയ ആൾക്കാർ കൂടിച്ചേർന്നു..  കുട്ടികൾക്കു പുറകിൽ അവർ കൂട്ടം ചേർന്ന്..  മുദ്രാവാക്യം വിളിച്ചു...  കുലൂ തഖ്‌ബീർ.. അള്ളാഹു അക്ബർ ... !
പാവൂരെത്തിയപ്പോൾ,  പായസവും കുടിച്ചു ഗ്ലാസും കൊടുത്തു പിന്നെയും യൂ ടേൺ....

പള്ളിയിലെത്തിയപ്പോൾ,  ഒരു കിസ്  നിറയെ, കൊച്ചു ബിസ്കറ്റും ബ്രിട്ടാനിയ ബിസ്കറ്റും,  റൂബി മുട്ടായിയും,  മുട്ടായി പോലെ പൊതിഞ്ഞ കേക്കൊക്കെ പൊടിഞ്ഞു പോയിരിക്കുന്നു..  കുറച്ച് തിന്നിട്ട് ബാക്കി വെച്ചു,   വീട്ടിൽ കൊണ്ട് പോകാം...

മൗലൂദും പ്രസംഗങ്ങളുമൊക്കെ നടക്കുന്നു.  ഉമ്മ മാരും വലിയ സ്ത്രീ കളുമൊക്കെയുണ്ട്...  എവിടന്നോ,  അബ്ദുൽ റഹ്മാൻ ഉസ്താദ് വന്നു..  എന്റെ കയ്യിൽ പിടിച്ചു കൊണ്ടുപോയി...

വല്യ ഉസ്താദ് വിളിച്ച് പറഞ്ഞു..  അൻസാരി ഗാനം.  
മൈക്കിന് മുന്നിൽ സലാം പറഞ്ഞപ്പോൾ,  എന്റെ ശബ്ദം എവിടെ യൊക്കെയോ കേൾക്കുന്ന പോലെ തോന്നി....  ഞാൻ പാടി തുടങ്ങി...  നബിദിനം ഹായ്..  നബിദിനം ഹായ്  മുത്ത്‌ നബി പിറന്നു...
എഴുതി പഠിപ്പിച്ച പോലെ യാണോ പാടുന്നതെന്നറിയാൻ ഉസ്താദ് വാതിലിൽ തന്നെ നിന്നു...

ഇപ്രാവശ്യം അവിലാണ്  പാത്യാ പങ്ക്... തേങ്ങയും ശർക്കരയും പിന്നെ കടലയും ചേർത്ത് വട്ടയിലയിൽ പൊതിഞ്ഞു വാഴവള്ളികൊണ്ട് കെട്ടിവെചിരിക്കുന്നു , ഒരു പ്രത്യേക മണം....   അതും വാങ്ങി..  വീട്ടിലേക്ക് പോയി....  ഉമ്മ കാത്തിരിക്കുന്നുണ്ടാവും...  ആകെ കൂടി സന്തോഷവും ആവേശവും നിറഞ്ഞതായിരുന്നു..  ആദിനങ്ങൾ....

ഒരുക്കലും തിരിച്ചു വരാത്ത ആ  ദിനങ്ങൾക്കൊപ്പം,  ഉമ്മയും നമ്മെ വിട്ടു പോയിരിക്കുന്നു, അന്ന് കണ്ട ഒരുപാട് മുഖങ്ങൾ ഇന്ന് നമ്മോടൊപ്പമില്ല...

ഏവർക്കും നബിദിനാശംസകൾ !!!

No comments:

Post a Comment