മഞ്ഞപ്പാറ 2030 ല്‍ - ഒരു സ്വപ്നം .
എഴുതിയത് -ഷെഫീർ ഹൈദ്രോസ്
അതിര്‍ത്തികളെല്ലാം പുനര്‍ നിര്‍ണ്ണയിച്ച് ഇപ്പോള്‍ അതൊരു വലിയ പട്ടണമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു, കിഴക്ക് വട്ടത്രാമലയും പടിഞ്ഞാറ് കുഴിയവും തമ്മിലുള്ള അന്‍ചു കിലോമീറ്റര്‍ ദൂരത്തില്‍ ആയൂര്‍ ചുണ്ട റോഡ് വികസിച്ച് മടത്തറ - കൊല്ലം സ്റ്റേറ്റ് ഹൈവേ 313 ആയി കടന്നു പോയപ്പോള്‍ ഇരു വശത്തും വലിയ കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും തിങ്ങി നിറഞ്ഞിരിക്കുന്നു .
സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ മംഗലപ്പടി സ്റ്റോപ്പില്‍ നിര്‍ത്താത്തതിനെച്ചൊല്ലി പ്രദേശ വാസികള്‍ ഗതാഗത വകുപ്പ് മന്ത്രിക്ക് പരാതി കൈമാറി,ജടായു നേച്ചര്‍ പാര്‍ക്കില്‍ നിന്നുള്ള കേബിള്‍ കാര്‍ സര്‍വ്വീസ് ആയിരവല്ലി പാറ മുകളിലുള്ള ലുക്ക് ഔട്ട് പോയിന്‍റ് വരെ ദീര്‍ഘിപ്പിച്ചതിന്‍െറ കമിഷനിംഗും ട്രക്കിംഗ് സ്റ്റേഷന്‍െറ ഉദ്ഘാടനവും നടക്കുന്നതിനിടെയാണ് മന്ത്രിക്ക് പരാതി കൈമാറിയത്,
പട്ടണത്തിന്‍െറ തെക്കെയറ്റം കുണ്ടയത്തേക്ക് നീണ്ടതും കേന്ദ്ര ഗവണ്‍മെന്‍റിന്‍െറ തീര്‍ത്ഥാടന ടൂറിസ പദ്ധതിക്ക് കീഴില്‍ വര്‍ക്കല-പാരിപ്പള്ളി- ചടയമംഗലം- കുണ്ടയം - കോട്ടുക്കല്‍ ഗുഹാ ക്ഷേത്രം-കുളത്തൂപ്പുഴ വഴി തെന്മലയിലേക്ക് പുതിയ ഹൈവേ നിലവാരമുള്ള റോഡ് വന്നത് വഴി സ്വപ്ന തുല്യമായ വികസനമാണ് നാടിന് ലഭിച്ചത്. ആയിരവല്ലി ക്ഷേത്രം, കൊളുവല്‍ ഉടയന്‍കാവ് ക്ഷേത്രം ,മഞ്ഞിപ്പുഴ ഭഗവതി ക്ഷേത്രം ,മഞ്ഞപ്പാറ ജുമാ മസ്ജിദ് ,മലപ്പേരൂര്‍ സെന്‍റ് ജൂഡ് ചര്‍ച്ച് ,കുഴിയം ഇമ്മാനുവേല്‍ ചര്‍ച്ച് ,പാവൂര്‍ ജുമാ മസ്ജിദ് എന്നിവിടങ്ങളിലേക്ക് ഉയര്‍ന്ന നിലവാരത്തില്‍ കണക്ടിവിറ്റി റോഡ് സംസ്ഥാന ടൂറിസം വകുപ്പിന്‍െറ പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മ്മിച്ച് ടൂറിസം വികസനത്തില്‍ കുതിച്ചുചാട്ടം തന്നെ നടത്താനായത് വലിയ നേട്ടം തന്നെയാണ്. കിഴക്കന്‍ മേഖലയുടെ ടൂറിസം ഹബ് ആയി ഇനി ഇവിടം മാറും .
മുക്കട പാലോണത്ത് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന കൊല്ലം ജില്ലാ റബ്ബര്‍ പാര്‍ക്ക് കേരളപ്പിറവി ദിനത്തില്‍ നാടിന് സമര്‍പ്പിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി കൊല്ലത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു,ചടങ്ങില്‍ മുഖ്യ മന്ത്രി സംബന്ധിച്ചേക്കും,പാര്‍ക്ക് നിലവില്‍ വരുന്നതോടെ കിഴക്കന്‍ ജില്ലകളുടെ റബ്ബര്‍ അധിഷ്ഠിത വ്യവസായ ഇടനാഴി ആയി മഞ്ഞപ്പാറ മാറും. ഇത് മുക്കട ജംഗ്ഷന്‍െറ മുഖച്ഛായ തന്നെ മാറ്റിയെഴുതും.
പള്ളിമുക്കില്‍ നിന്ന് താളിക്കോട് - കീച്ചം കോട് വഴി കോട്ടുക്കല്‍ ഗുഹാ ക്ഷേത്രത്തിലേക്ക് സമാന്തര പാതയും മന്ത്രിസഭയുടെ പരിഗണനയിലാണ്.
തിരുവനന്തപുരത്തു നിന്ന് പത്തനം തിട്ടയിലേക്ക് ഇടുക്കുപാറ പാവൂര്‍ കല്ലുമല വഴി കടന്നുപോകുന്ന ശബരി റെയില്‍ പാതയില്‍ പാവൂരില്‍ റെയില്‍വേ സ്റ്റേഷനും ഇടത്താവളവും ഗവണ്‍മെന്‍റിന്‍െറ സജീവ പരിഗണനയിലുള്ളതും അടുത്ത ബജറ്റില്‍ പണം വകയിരുത്തുന്നതുമാണ്,ഇത് പാവൂര്‍ വെള്ളം കൊള്ളി പ്രദേശത്തിന്‍െറ സമഗ്ര വികസനത്തിന് വഴി തെളിക്കും .
പെരുങ്ങള്ളൂര്‍ കോഴിപ്പാലം 2020 ല്‍ തന്നെ പൂര്‍ത്തിയായത് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുമായെത്തുന്ന വലിയ വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് തിരക്കില്‍പ്പെടാതെ കടന്നെത്തുവാന്‍ ഏറെ സഹായകമായി. മൂന്നുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍െറ പഴം - പച്ചക്കറി സംഭരണ സംസ്ക്കരണ കേന്ദ്രം ഈ പാതയുമായി ബന്ധിപ്പിച്ചത് അവിടേക്കുള്ള ചരക്കു നീക്കം സുഗമമാക്കി.
വട്ടത്രാമല മിച്ചഭൂമി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മഞ്ഞപ്പാറ ഡെവലപ്പ്മെന്‍റ് സോസൈറ്റിയുടെ ഹൈടെക് ഡയറി ഫാമിന് സംസ്ഥാന സര്‍ക്കാരിന്‍െറ മികച്ച സംരഭത്തിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ചത് വലിയ നേട്ടത്തിനൊപ്പം നാടിന് അഭിമാനമായി മാറി.പാലില്‍ നിന്ന് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് കൂടുതല്‍ നേട്ടം കൈവരിക്കാനാവുന്ന തരത്തില്‍ പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ നടപ്പിലാക്കുമെന്ന് സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.
സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ പരിശീലന കേന്ദത്തിലൂടെ നിരവധി പേര്‍ക്ക് സ്വന്തമായി തൊഴില്‍ കണ്ടെത്താനായത് സാമ്പത്തിക രംഗത്ത് ഉണര്‍വ്വുണ്ടാക്കി.
ഇതോടെ വിവിധ സ്വകാരൃ പൊതു മേഖലാ ബാന്‍കുകള്‍ തങ്ങളുടെ ശാഖകള്‍ ഗ്രാമ പദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു.
മഴവെള്ളം ശേഖരിച്ച് അത്യാധുനിക യന്ത്ര സഹായത്തോടെ കുടിവെള്ളമാക്കി മാറ്റുന്ന മഞ്ഞപ്പാറ ഡെവലപ്പ്മെന്‍റ് സൊസൈറ്റിയുടെ പ്രോജകക്റ്റിന് സംസ്ഥാന - ദേശീയ- തലങ്ങളില്‍ ഏറെ പ്രശംസ നേടാന്‍ കഴിഞ്ഞു. സൊസൈറ്റി ആവശ്യപ്പെട്ടാല്‍ പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കാന്‍ തയ്യാറാണെന്ന് ഗവണ്‍മെന്‍റ് പ്രതിനിധികള്‍ അറിയിച്ചു .
മഞ്ഞപ്പാറയിലെ പ്രവാസി സുഹൃത്തുക്കള്‍ ഷെയര്‍ ഹോള്‍ഡേഴ്സ് ആയ കൊല്ലോണത്ത് പ്രവര്‍ത്തിച്ച് വരുന്ന സ്വകാര്യ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ രണ്ടാം ഘട്ട വികസനം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് മാനേജ്മെന്‍റ്
പ്രതിനിധികള്‍ അറിയിച്ചു. അത്യാധുനിക സംവിധാനങ്ങളോടു കൂടി സജ്ജീകരിച്ച പുതിയ ലബോറട്ടറി കൂടി വരുന്നതോടെ രോഗ നിര്‍ണ്ണയത്തിനും ചികിത്സകള്‍ക്കും വേണ്ടി വരുന്ന സമയ നഷ്ടം ഇതിലുടെ പരിഹരിക്കാനാവും .
ഇവിടുന്ന് ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മഞ്ഞപ്പാറ സൊസൈറ്റിയുടെ സൂപ്പര്‍ മാര്‍ക്കറ്റിലൂടെ സബ്സിഡി നിരക്കില്‍ വിറ്റഴിക്കും.
ഇതിലൂടെ ഓണം വിപണിയില്‍ ഇടപെടാനും വിലക്കയറ്റം ഏറെക്കുറെ നിയന്ത്രിക്കാനുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .
പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും മാനേജ്മെന്‍റിന്‍റെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സര്‍ക്കാര്‍ ഗ്രാന്‍റോടെ മഞ്ഞപ്പാറ ഹൈസ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തിയതിലൂടെ നാടിന്‍െറ വിദ്യാഭ്യാസ നിലവാത്തില്‍ പ്രകടമായ മാറ്റമാണ് കൈവന്നത് ,സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ത്ഥി നിഹാല്‍ മുഹമ്മദിന് അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ സ്ഥാപനമായ NASA സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചതിലൂടെ നാടിന്‍െറ യശസ്സ് വാനോളം ഉയര്‍ന്നതിനൊപ്പം മഞ്ഞപ്പാറ ഹൈസ്ക്കൂളില്‍ പ്രവേശനം ലഭിക്കാന്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ഏറേ പ്രയാസം നേരിടേണ്ടതായും വന്നിരിക്കുന്നു .
പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും സഹായത്തോടെ ലോവര്‍ ,അപ്പര്‍ പ്രൈമറി സ്ക്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനായതും ഈ രംഗത്ത് വലിയ നേട്ടം തന്നെയാണ്.
മികവുറ്റ വിദ്യാഭ്യാസം കരസ്ഥമാക്കാന്‍ കഴിയുന്നതിലൂടെ പഠനശേഷം വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങളില്‍ അനായാസം തൊഴില്‍ നേടാനാവുന്നു.
വിദ്യാഭ്യാസ മേഖലയിലുണ്ടായ ഈ വലിയ മാറ്റങ്ങളോടെ പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി മഞ്ഞപ്പാറയി ലേക്ക് എത്താന്‍ ആരംഭിച്ചിക്കുന്നു.
ഇതോടെ ഹോം സ്റ്റേ,റെന്‍റ് സ്പേസ് ,ഹോട്ടല്‍ ,പഠനോപകരണ വിതരണ സ്റ്റാളുകള്‍,ബേക്കറി തുടങ്ങിയ രംഗങ്ങളില്‍ ഉണ്ടായ ഉണര്‍വ്വും നേട്ടമായി.
വട്ടത്രാമല-കോട്ടുക്കല്‍ ഗുഹാ ക്ഷേത്രം റോഡില്‍ എഴിയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എം എം ജെ. എന്ജിനീയറിംഗ് കോളേജില്‍ പണി പൂര്‍ത്തിയായ പുതിയ ടെക്നോളജി സെന്‍ററിന് എ. പി. ജെ. അബ്ദുല്‍ കലാമിന്‍െറ പേര് നല്‍കുമെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാനേജ്മെന്‍റ് അറിയിച്ചു , കൂടുതല്‍ പുതിയ കോഴ്സുകള്‍ ആരംഭിച്ച് മികവിന്‍െറ കേന്ദ്രമാക്കി ഉയര്‍ത്താനാണ് മാനേജ്മെന്‍റിന്‍െറ ലക്ഷ്യം .
ഇതിലൂടെ വിജ്ഞാന മേഖലയില്‍ വലിയ മാറ്റം കൈവരിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗ്രാമ പന്ചായത്ത് , കര്‍ഷകരുടെ സഹായത്തോടെ നടപ്പിലാക്കിയ മത്സ്യ സമൃദ്ധി പദ്ധതി വലിയ വിജയമായത് രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍ക്കപ്പെടുന്ന കടല്‍ മത്സ്യങ്ങളുടെ വില്‍പ്പന ഗണ്യമായി കുറക്കുന്നതിന് ഇടയാക്കി .കുളങ്ങള്‍ നിര്‍മ്മിക്കാന്‍ പന്ചായത്തും സഹായം നല്‍കിയതും ഫിഷറീസ് വകുപ്പ് മത്സ്യ കുഞ്ഞുങ്ങളെ സൗജന്യമായി നല്‍കിയതിനാലും നിരവധി കര്‍ഷകരാണ് പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കിയത്.
കടന്നു പോയ മുപ്പത് കൊല്ലക്കാലയളവില്‍ മാറി മാറി വിജയിച്ച ജനപ്രതിനിധികളുടെ തികഞ്ഞ അവഗണനക്ക് ശക്തമായ പ്രതിഷേധം വരികളിലൂടെ രേഖപ്പെടുത്തുന്നു.
ഇവിടെയാണ് നമ്മുടെ യുവാക്കളുടെ ചിന്താഗതിയില്‍ മാറ്റം വരേണ്ടതിന്‍െറ ആവശ്യകത.
പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ നമ്മുടെ നാടിന് തങ്ങളുടെ നേതാക്കളിലൂടെ വികസനം കൊണ്ടുവരാനാണ് മത്സരിക്കേണ്ടത്,അതാണ് ആരോഗ്യകരവും.
യുവാക്കള്‍ കൂടുതലായി കേന്ദ്രീകയിക്കുന്ന ക്ളബ്ബുകള്‍ ,വായനശാലകള്‍ മുഖേന നിരവധി ജനോപകാര പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ നടത്താന്‍ നമുക്കാവും.
ഉദാഹരണത്തിന്
തൊഴില്‍ - കാര്‍ഷിക - ആരോഗ്യ - വിദ്യാഭ്യാസ മേഘലകളില്‍ പ്രാഗല്‍ഭ്യമുള്ളവരെക്കൊണ്ട് ക്ളബ്ബുകളുടെ നേതൃത്വത്തില്‍ പരിശീലന ക്ളാസുകള്‍ സംഘടിപ്പിക്കാം.
വിഷരഹിത-ജൈവ കൃഷി പ്രോത്സാഹനത്തിന് വേണ്ടി ഹെല്‍പ്പ് ലൈന്‍
ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി സഹകരിച്ച് മെഡിക്കല്‍ ചെക്കപ്പ്
വിവിധ കൃഷി പരിശീലന ക്ളാസുകള്‍
കരിയര്‍ ഗൈഡന്‍സ്
പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
വിവിധ തൊഴില്‍ ഉപകരണങ്ങള്‍ സംഘടിപ്പിച്ച് നല്‍കല്‍
ഓണം,ക്രിസ്മസ്,പെരുന്നാള്‍ തുടങ്ങിയ വിശേഷ സന്ദര്‍ഭങ്ങളില്‍ നാട്ടിലെ കര്‍ഷകരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് വിതരണം.
തുടങ്ങി അനേകം ആശയങ്ങള്‍ സ്വീകരിച്ച് നടപ്പാക്കാനാവും .
മാറ്റം അനിവാര്യമാണ് .
സമയം ഏറെ വൈകിയിരിക്കുന്നു.
ഇനിയും ആര്‍ക്കും വേണ്ടി കാത്തിരിക്കാന്‍ നമുക്ക് കഴിയില്ല.
വരും തലമുറക്ക് വേണ്ടിയെന്കിലും ഇനി നമുക്ക് ഒരുമിച്ച് പ്രയത്നിക്കാനാവട്ടെ ,
ആശംസകള്‍ !!!
No comments:
Post a Comment