Breaking

Wednesday, 4 September 2019

പരിഹാസങ്ങളും വിമർശനങ്ങളും പ്രവഹിക്കുകയാണ് ഈ പാവത്തിന് നേരെ,എങ്ങനെയെങ്കിലും ജീവിച്ചുകൊള്ളും ദയവ്ചെയ്ത് സ്നേഹിച്ച് ഉപദ്രവിക്കാതെയിരിക്കുക ; വൈറൽ പോസ്റ്റ്.


നന്മ ചെയ്തു എന്നപേരിൽ സോഷ്യൽ മീഡിയകൾ വഴി ഏറെ പരിഹാസങ്ങളും വിമർശനങ്ങളും നൗഷാദ് എന്നയാൾക്ക് ഏൽക്കേണ്ടി വരുന്നു.ഇതിനെക്കുറിച്ച് സന്ദീപ് ദാസ് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയുണ്ടായി.പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,
സമാനതകളില്ലാത്ത ഒരു നന്മ ചെയ്തതിൻ്റെ പേരിൽ,ഒറ്റ രാത്രി കൊണ്ട് കേരളം മുഴുവൻ പ്രശസ്തനായ വ്യക്തിയാണ് നൗഷാദ്.പക്ഷേ ഇപ്പോൾ ആമനുഷ്യനെക്കുറിച്ചോർക്കുമ്പോൾ ആശങ്കയാണ് തോന്നുന്നത്.”ഒന്നും വേണ്ടിയിരുന്നില്ല’എന്ന് അധികം വൈകാതെ തന്നെ നൗഷാദ് ചിന്തിച്ചേക്കാം ! ആ നിലയിലാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്.ബേബി ജോസഫ് എന്ന യുവതി നൗഷാദിനെക്കുറിച്ച് ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് എഴുതിയിരുന്നു.നൗഷാദിൻ്റെ കട സന്ദർശിച്ചപ്പോൾ ഉണ്ടായ അനുഭവമാണ് അവർ പങ്കുവെച്ചത്.കടയിൽ ബേബി ചെല്ലുമ്പോൾ നൗഷാദ് മറ്റൊരാളോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.താൻ മൂലം സമീപത്തുള്ള കടകളിൽ കച്ചവടം കുറയുന്നതിൽ തനിക്ക് ദുഃഖമുണ്ടെന്ന് നൗഷാദ് പറഞ്ഞുവെത്രേ.

ആ ഫെയ്സ്ബുക്ക് പോസ്റ്റ് പല ഒാൺലൈൻ മാദ്ധ്യമങ്ങളും വലിയ വാർത്തയാക്കി.അവയ്ക്കുകീഴിൽ വന്ന കമൻ്റുകൾ കണ്ടാൽ വല്ലാത്ത നിരാശ തോന്നും.തള്ളി മറിക്കല്ലേ ഇക്കാ.എന്നാൽപ്പിന്നെ കട അടച്ചിട്ടാൽ പോരേ സേട്ടാ.കരയിക്കല്ലേ നെന്മമരമേ.”സുഡാപ്പിയുടെ അഭിനയം കൊള്ളാം.ഇത്തരത്തിൽ പരിഹാസങ്ങളും വിമർശനങ്ങളും പ്രവഹിക്കുകയാണ്. ഇതിനുംമാത്രം എന്തുതെറ്റാണ് ആ സാധുമനുഷ്യൻ ചെയ്തത്ഒരു കാര്യം മനസ്സിലാക്കുക.ഇതൊന്നും നൗഷാദ് പത്രസമ്മേളനം വിളിച്ചുകൂട്ടി പറഞ്ഞ കാര്യങ്ങളല്ല.മറ്റൊരാൾ പറഞ്ഞപ്പോഴാണ് അതെല്ലാം നാം അറിഞ്ഞത്.പിന്നെ എന്തിനാണ് അതിൽ കൃതൃമത്വം ആരോപിക്കുന്നത്.കേരളത്തിനുവേണ്ടി തൻ്റെ മുഴുവൻ സമ്പാദ്യവും കൈവിട്ടപ്പോഴും,നൗഷാദ് പ്രശസ്തി ആഗ്രഹിച്ചിരുന്നില്ല.ആ വിവരം ലോകത്തോട് വിളിച്ചുപറഞ്ഞത് നടൻ രാജേഷ് ശർമ്മയാണ്.രാജേഷിൻ്റെ അന്നത്തെ ഫേസ്ബുക്ക് ലൈവ് കണ്ടവർക്കറിയാം.തുണികൾ എടുത്തുകൊടുക്കുന്ന നേരത്ത് നൗഷാദ് ക്യാമറയിലേക്ക് ശ്രദ്ധിക്കുക കൂടി ചെയ്തിരുന്നില്ല.ആ സംഭവത്തിനുശേഷം നൗഷാദ് നൽകിയ അഭിമുഖങ്ങളും ശ്രദ്ധിച്ചിരുന്നു.പ്രശസ്തിയുടെ വെള്ളിവെളിച്ചം അയാൾ അത്രയ്ക്കൊന്നും ആസ്വദിക്കുന്നില്ല എന്നാണ് മനസ്സിലായത്.പലപ്പോഴും വളരെ കുറച്ച് വാക്കുകളിലൂടെ നൗഷാദ് കാര്യം പറഞ്ഞവസാനിപ്പിച്ചു.നാട്ടുകാരുടെ മുന്നിൽ ആളാകുന്നതിനുവേണ്ടി നന്മകൾ ചെയ്യുന്നവർ അങ്ങനെയല്ല മാദ്ധ്യമങ്ങളെ സമീപിക്കാറുള്ളത്.അത്തരക്കാർ ചാനലുകാരെ കാണുമ്പോൾ നൗഷാദിനെപ്പോലെ പകച്ചുനിൽക്കാറില്ല.

2018ലെ പ്രളയത്തിൻ്റെ സമയത്തും നൗഷാദ് കേരളത്തിനുവേണ്ടി വസ്ത്രങ്ങൾ സംഭാവന ചെയ്തിരുന്നു.അതൊന്നും അന്ന് പുറത്തുവന്നില്ലെന്നുമാത്രം.നൗഷാദ് എന്ന പേര് നമുക്ക് പരിചിതമായ ആദ്യം ദിനം തന്നെ അയാളുടെ വിരോധികളും ജന്മം കൊണ്ടിരുന്നു.എന്തിലും ഏതിലും കുറ്റം മാത്രം കണ്ടെത്തുന്ന ചില ദോഷൈകദൃക്കുകളുണ്ട്.അവർ ഇത്രയും കാലം ഒളിച്ചിരിക്കുകയായിരുന്നു.ഇപ്പോൾ മാളങ്ങളിൽ നിന്ന് പുറത്തുവന്നുതുടങ്ങിയിട്ടുണ്ട.ന്യൂനപക്ഷത്തിൻ്റെ പ്രതിനിധി ആയതുകൊണ്ടാണ് നൗഷാദിന് ഇത്രയേറെ അംഗീകാരങ്ങൾ ലഭിച്ചത് എന്ന് വിശ്വസിക്കുന്ന ധാരാളം ആളുകളുണ്ട്.ശരിക്കും നൗഷാദിൻ്റെ മുസ്ലിം എെഡൻ്റിറ്റി പലർക്കും വലിയൊരു അടിയായിരുന്നു.മുസ്ലീങ്ങളെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾക്ക് നൗഷാദുമാർ നിസ്സാരമായി പ്രതിരോധം തീർക്കുമ്പോൾ ഏത് വർഗീയവാദിയ്ക്കാണ് സഹിക്കാൻ കഴിയുക.

”താൻ മൂലം മറ്റു കച്ചവടക്കാർ വിഷമിക്കുകയാണല്ലോ” എന്ന് ചിന്തിച്ചത് നൗഷാദിന് മനുഷ്യപ്പറ്റുള്ളതുകൊണ്ടാണ്.അതിനർത്ഥം നാളെ മുതൽ അയാൾ കട അടച്ചിടുമെന്നല്ല .നൗഷാദിൻ്റെ ഉപജീവനമാർഗ്ഗമാണത്.അത് വേണ്ടെന്ന് വെയ്ക്കാൻ സാധിക്കുമോ.മലയാളികൾക്ക് ഒരു കുഴപ്പമുണ്ട്.ഒരാളെ സ്നേഹിച്ചാൽ അയാളുടെ തുടർജീവിതം നിർദാക്ഷിണ്യം ഒാഡിറ്റ് ചെയ്യും.കഷ്ടപ്പാടുകളോട് പടപൊരുതി വളർന്ന മനുഷ്യർ എന്നും ‘സിമ്പിളായി’ ജീവിക്കണം.അല്ലെങ്കിൽ മലവെള്ളം പോലെ കുത്തുവാക്കുകൾ ഒഴുകിയെത്തും.നാളെ നൗഷാദ് ഒരു വലിയ ബിസിനസ്സുകാരനായി എന്ന് സങ്കൽപ്പിക്കുക.കറുത്ത കോട്ടും കൂളിംഗ് ഗ്ലാസും ധരിച്ച നൗഷാദിൻ്റെ ഒരു ഫോട്ടോ പുറത്തുവന്നു എന്ന് കരുതുക.അപ്പോൾ ചില മലയാളികൾ എന്താണ് പറയുക?കണ്ട ഫുട്പാത്തിലൊക്കെ തുണി വിറ്റ് നടന്ന ആളാ.ഇപ്പോഴത്തെ വളർച്ച കണ്ടില്ലേ? ഇവൻ്റെയൊക്കെ മാർക്കറ്റിംഗ് തന്ത്രത്തിൽ വീണുപോയ നമ്മളല്ലേ മണ്ടൻമാർ.അതും അതിലപ്പുറവും പറയും.സാധാരണ മലയാളിയുടെ മനോഭാവം അതാണ്.ഈ നാട്ടിലെ മാദ്ധ്യമങ്ങളോട് ഒരു അഭ്യർത്ഥനയുണ്ട്.നൗഷാദിൻ്റെ നന്മയെ നിങ്ങൾ തെറ്റായ രീതിയിൽ വിപണനം ചെയ്യരുത്.തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾ നൽകി തെറി വാങ്ങിക്കൊടുക്കരുത്.ആ പാവം എങ്ങനെയെങ്കിലും ജീവിച്ചുകൊള്ളും.ദയവായി സ്നേഹിച്ച് ഉപദ്രവിക്കാതിരിക്കുക.
Written by-Sandeep Das

No comments:

Post a Comment