Breaking

Sunday, 8 September 2019

ആദ്യമായി കോളേജിൽ പോകുമ്പോൾ കാലിലിടാൻ നല്ലൊരു ചെരുപ്പ് പോലുമില്ലായിരുന്നു,ഫീസിനായുള്ള പണം കണ്ടെത്തിയത് മാർക്കറ്റിൽ മാങ്ങവിറ്റ് കൊണ്ട് ; ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ കെ ശിവൻ


കന്യാകുമാരി ജില്ലയിലെ ഒരു കർഷകന്റെ മകനായി ജനിച്ച ശിവൻ ഗ്രാമത്തിലെ ഒരു സർക്കാർ സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്.എട്ടാം ക്‌ളാസ്സുവരെ പഠിക്കാനേ ഗ്രാമത്തിലെ സർക്കാർ സ്‌കൂളിൽ സൗകര്യമുണ്ടായിരുന്നുള്ളൂ. തുടർന്ന് പഠിക്കണമെങ്കിൽ പട്ടണത്തിൽ പോയി തങ്ങണം. അതിനുള്ള സാമ്പത്തിക നില അന്ന് അദ്ദേഹത്തിന്റെ വീട്ടുകാർക്ക് ഇല്ലായിരുന്നു. അതിനുള്ള പണം കണ്ടെത്താൻ വേണ്ടി ശിവൻ അന്ന് തൊട്ടടുത്തുള്ള മാർക്കറ്റിൽ മാങ്ങ വിൽക്കാൻ പോകുമായിരുന്നു സ്ഥിരമായി.ഇതേപ്പറ്റി അദ്ദേഹം ഒരിക്കൽ ഡെക്കാൻ ക്രോണിക്കിൾ പത്രത്തിന് നൽകിയ ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിട്ടുണ്ട്, ” എന്റേത് ഒരു ദരിദ്ര കുടുംബമായിരുന്നു. മൂത്ത സഹോദരൻ പണമില്ല എന്ന ഒരൊറ്റ കാരണത്താൽ പഠിത്തം നിർത്തേണ്ടി വന്നയാളാണ്. എന്റെ അച്ഛൻ കൈലാസവടിവ് ഒരു കർഷകനായിരുന്നു. അച്ഛൻ സൈക്കിളിൽ മാങ്ങാ കൊണ്ടു ചെന്ന് അങ്ങാടിയിൽ കൊണ്ടുവെച്ച് വിൽക്കുമായിരുന്നു. എന്റെ ഫീസിനുള്ള വക ഞാനും അങ്ങനെ തന്നെയാണ് കണ്ടെത്തിയിരുന്നത് അന്നൊക്കെ.”

അങ്ങനെ പഠിത്തത്തോടൊപ്പം ജോലിയും ചെയ്തുകൊണ്ടാണ് ശിവൻ ഇന്റർമീഡിയറ്റ് പഠനം പൂർത്തിയാക്കുന്നത്. അതിനു ശേഷം അദ്ദേഹം നാഗർകോവിലിലെ ഹിന്ദു കോളേജിൽ നിന്നും ശിവൻ ഗണിതശാസ്ത്രത്തിൽ ബിരുദപഠനത്തിന് ചേർന്നു. ആദ്യമായി കോളേജിലേക്ക് നടന്നു കേറുമ്പോൾ കാലിലിടാൻ നല്ലൊരു ചെരുപ്പുപോലും ഇല്ലായിരുന്നു ശിവന്. എന്നാലും നല്ല മാർക്കോടെ തന്നെ ബിരുദം പൂർത്തിയാക്കി അദ്ദേഹം. കണക്കിന് നൂറിൽ നൂറും നേടി. അതോടെ തന്റെ കുടുംബത്തിൽ നിന്നും ആദ്യമായി ബിരുദം നേടുന്ന ആളായി ശിവൻ. പക്ഷേ, താൻ പഠിക്കേണ്ടത് കണക്കല്ല, ശാസ്ത്രമാണ് എന്ന് ശിവൻ ബിരുദപഠനത്തോടെ തിരിച്ചറിഞ്ഞു.തുടർന്ന് പഠിക്കാനുള്ള സ്‌കോളർഷിപ്പ് അപ്പോഴേക്കും ശിവൻ സംഘടിപ്പിച്ചു കഴിഞ്ഞിരുന്നു. അതുമായി എൺപതുകളുടെ തുടക്കത്തിൽ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിലെത്തി. അവിടെ ശിവൻ ഏയ്റോനോട്ടിക്കൽ എഞ്ചിനീയറിങ്ങ് പഠിക്കാൻ ചേരുന്നു. തുടർന്ന് എസ് നരസിംഹൻ, എൻ എസ് വെങ്കട്ടരാമൻ, എ നാഗരാജൻ, ആർ ധനരാജ് ആർ കെ ജയരാമൻ തുടങ്ങിയ പ്രൊഫസർമാർ അദ്ദേഹത്തിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.

എപിജെ അബ്ദുൾ കലാം ഇതേ കോഴ്സ് ഇതേ കോളേജിലെ നാലാം ബാച്ചിൽ പഠിച്ചതാണ്, ശിവൻ ഇരുപത്തൊമ്പതാം ബാച്ചിലും. അടുത്തതായി ശിവൻ ചെന്നത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബെംഗളൂരുവിലേക്കായിരുന്നു. അവിടെ നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിങ്ങിലും ബിരുദാനന്തര ബിരുദവും തുടർന്ന് ഐഐടി ബോംബെയിൽ ചേർന്ന് ഡോക്ടറേറ്റ് പഠനവും അദ്ദേഹം പൂർത്തിയാക്കി.1982-ലാണ് ശിവൻ ഐഎസ്ആർഒയുടെ ഭാഗമാകുന്നത്. വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ ക്രയോജനിക് എഞ്ചിൻ വികസിപ്പിച്ചെടുക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്കു വളരെ വലുതാണ്. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV) വികസിപ്പിച്ചെടുത്ത സംഘത്തിൽ അദ്ദേഹമുണ്ടായിരുന്നു. തുടർന്നുള്ള മൂന്നു പതിറ്റാണ്ടുകാലം അദ്ദേഹം, ജിഎസ്‌എൽവി, പിഎസ്എൽവി, ജിഎസ്‌എൽവി മാർക്ക് ത്രീ തുടങ്ങി പല പ്രസ്റ്റീജ് പ്രോജക്ടുകളുടെയും ഭാഗമായി പ്രവർത്തിക്കുന്നു.

അദ്ദേഹമാണ് വിഎസ്എസ്സിക്കുവേണ്ടി 6D ട്രജക്ടറി സിമുലേഷൻ സോഫ്റ്റ് വെയറായ ‘സിതാര’ വികസിപ്പിച്ചെടുക്കുന്നത്. ഐഎസ് ആർഓയുടെ എല്ലാ ലോഞ്ച് വാഹനങ്ങളുടെയും റിയൽ ടൈം, നോൺ റിയൽ ടൈം ട്രജക്ടറി സിമുലേഷനുകൾക്കും ഉപയോഗിക്കുന്നത് ഈ സോഫ്റ്റ് വെയറാണ്.ചന്ദ്രയാൻ പദ്ധതി 95 ശതമാനവും വിജയമായി എന്നും ഏറെക്കുറെ അതിന്റെ ലക്ഷ്യങ്ങളെല്ലാം തന്നെ നിറവേറി എന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാലും, തന്റെ കീഴിലുള്ള നൂറുകണക്കിന് ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ അദ്ധ്വാനങ്ങൾ അവസാനനിമിഷത്തെ എന്തോ സാങ്കേതിക തകരാറു മൂലം നൂറുശതമാനം വിജയമാവാത്തതിന്റെ സങ്കടമാണ് അദ്ദേഹത്തിന്റെ മുഖത്ത് നിഴലിച്ചത്. വിശ്വസിച്ച് ഈ ദൗത്യം തന്നെ ഏൽപ്പിച്ച പ്രധാനമന്ത്രിയെ കണ്ടപ്പോൾ അദ്ദേഹം ഒരു നിമിഷത്തേക്ക് മനോനിയന്ത്രണം വിട്ട് കരഞ്ഞു പോയതും, ഈ സ്വപ്നപദ്ധതിയിൽ അദ്ദേഹത്തിനുണ്ടായിരുന്ന സമർപ്പണത്തെയും പ്രതീക്ഷകളെയും തന്നെയാണ് അടയാളപ്പെടുത്തുന്നത്.

No comments:

Post a Comment