Breaking

Monday, 2 September 2019

700 രൂപയ്ക്ക് ഡിടിഎച്ച്, ബ്രോഡ്‌ബാൻഡ്, ലാൻഡ്‌ലൈൻ പദ്ധതിയുമായി ബിഎസ്എൻഎൽ


രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ ഉടൻ പുറത്തിറക്കുന്ന ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് ഡിടിഎച്ച് വിപണിയിൽ വൻ കോളിളക്കം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. വിലകളും ഭാവി പദ്ധതികളും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ടിവി സർവീസുകൾക്കൊപ്പം ഉയർന്ന വേഗമുള്ള ഡേറ്റയും ന്യായമായ വിലയ്ക്ക് ജിയോ ഫൈബർ വാഗ്ദാനം"ചെയ്യുന്നുണ്ട്. സെപ്റ്റംബർ 5 നാണ് ജിയോ ഫൈബർ സർവീസ് ഔദ്യോഗികമായി തുടങ്ങുന്നത്. അതേസമയം തന്നെ ജിയോയുടെ എതിരാളികൾ ഉപഭോക്താക്കളെ നിലനിർത്തുന്നതിനായി ചിലതൊക്കെ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. ജിയോയുടെ ഓഫർ ഭീഷണിക്കെതിരെ നടപടിയെടുക്കുന്ന ആദ്യത്തെ ടെലികോം കമ്പനിയാകും ബി‌എസ്‌എൻ‌എൽ എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആന്ധ്യ ജ്യോതി (പ്രാദേശിക പത്രം) യിലെ റിപ്പോർട്ട് പ്രകാരം വിശാഖപട്ടണം മേഖലയിലെ പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്റർമാർക്കൊപ്പം ബി‌എസ്‌എൻ‌എൽ പ്രവർത്തിക്കുന്നു എന്നാണ്. ജിയോയുടെ ഫൈബർ സബ്‌സ്‌ക്രിപ്‌ഷനു സമാനമായ ത്രീ-ഇൻ-വൺ സേവനം വാഗ്ദാനം ചെയ്യാനാണ് ബിഎസ്എൻഎലും നീക്കം നടത്തുന്നത്. പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്റർമാരുമായി ബി‌എസ്‌എൻ‌എൽ ചർച്ച നടത്തുന്നുണ്ടെന്നും കേബിൾ ടിവി കണക്ഷനുകൾക്കൊപ്പം ബ്രോഡ്‌ബാൻഡ്, ലാൻഡ്‌ലൈൻ കണക്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിനായി ലയിപ്പിക്കാൻ തയ്യാറാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത് വാഗ്ദാനം ചെയ്യുന്നതിന് ബി‌എസ്‌എൻ‌എൽ ജിയോ ഫൈബറിനു സമാനമായ നവീകരിച്ച ഇൻഫ്രാസ്ട്രക്ചർ ഉപയോഗിക്കും.

ത്രീ-ഇൻ-വൺ സേവനം വാഗ്ദാനം ചെയ്യുന്നതിനായി ബി‌എസ്‌എൻ‌എൽ ഉപഭോക്താവിന്റെ വീട്ടിലേക്ക് ഒരൊറ്റ ഒപ്റ്റിക്കൽ ഫൈബർ കേബിൾ നൽകും. ജിയോ ഫൈബറിന് സമാനമായി ഒരൊറ്റ ഒപ്റ്റിക്കൽ ഫൈബർ കേബിൾ മൂന്ന് സേവനങ്ങളും വാഗ്ദാനം ചെയ്യും. ഹോം ബ്രോഡ്‌ബാൻഡ് കണക്ഷനോടൊപ്പം ലാൻഡ്‌ലൈൻ സേവനത്തിനും കേബിൾ ടിവി കണക്ഷനും ഇതുവഴി ലഭ്യമാക്കും.

ജിയോ ഫൈബറിന്റെ സജ്ജീകരണത്തിനു സമാനമായി, ബി‌എസ്‌എൻ‌എലും കേബിൾ ടിവി ഓപ്പറേറ്റർമാരും മൂന്ന് സേവനങ്ങളെയും ഏകീകരിക്കാൻ ഒ‌എൻ‌ടി ഉപകരണം നൽകും. ബി‌എസ്‌എൻ‌എൽ പ്രാഥമികമായി ബ്രോഡ്‌ബാൻഡ്, ലാൻഡ്‌ലൈൻ സേവനങ്ങൾ നോക്കിനടത്തും. കേബിൾ ടിവി ഓപ്പറേറ്റർമാർ ഡിടിഎച്ച് പ്രവർത്തനങ്ങളും നോക്കും. സെറ്റ്-ടോപ്പ് ബോക്സ് കേബിൾ ടിവി ഓപ്പറേറ്റരായിരിക്കും നൽകുക.

എന്നാൽ ത്രീ-ഇൻ-വൺ സേവനത്തിന്റെ വിലനിർണയത്തെക്കുറിച്ച് ഒരു വിവരവുമില്ല. ജിയോ ഫൈബർ പ്ലാനുകൾ പ്രതിമാസം 700 രൂപയിലാണ് തുടങ്ങുന്നത്. ബി‌എസ്‌എൻ‌എലിനും ഇതേ നിരക്കിൽ സേവനങ്ങള്‍ നൽകാനാകുമെന്നാണ് വിപണി വൃത്തങ്ങൾ നൽകുന്ന സൂചന. കൂടാതെ ബി‌എസ്‌എൻ‌എൽ കുറഞ്ഞ വിലയ്ക്ക് ജിയോ ഫൈബറിനെ നേരിടാൻ മൂന്ന് സേവനങ്ങളും ഒരുമിച്ച് ഒരു ബണ്ടിൽ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർവീസ് ലഭ്യതയെ സംബന്ധിച്ചിടത്തോളം ബി‌എസ്‌എൻ‌എൽ ഇപ്പോൾ ഇത് വിസാഗ് മേഖലയിൽ മാത്രമായിരിക്കും ആരംഭിക്കുക. വരും ദിവസങ്ങളിൽ ഗ്രാമീണ, നഗര സർക്കിളുകളിലേക്ക് ത്രീ-ഇൻ-വൺ സർവീസ് വ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്.

No comments:

Post a Comment