വൈദ്യശാസ്ത്രരംഗം ലോകമെമ്പാടും വലിയ പുരോഗതി നേടി വളരുകയാണ്. ഇന്ന് ഒരു രോഗം കണ്ടെത്താനോ അതിനു ചികിത്സ തേടാനോ ആളുകള്‍ക്ക് മുന്‍പില്‍ ഒരുപാട് വഴികളുണ്ട്. ശസ്ത്രക്രിയകള്‍ പണ്ടത്തെ അപേക്ഷിച്ച് ഇന്ന് വളരെ സുരക്ഷിതമാണ്. മരുന്നുകളും അതുപോലെതന്നെ. ഒട്ടുമിക്ക രോഗങ്ങള്‍ക്കും ഇന്ന് മരുന്നുണ്ട്. അതുപോലെതന്നെ എല്ലാ വിഭാഗങ്ങളിലും വിദഗ്ധരായ ഡോക്ടർമാരും സുലഭം. എന്നാല്‍ ഇതിനൊക്കെ ഒപ്പം വൈദ്യശാസ്ത്രത്തെ പോലും ചില സമയങ്ങളിൽ വെല്ലുവിളിക്കുന്ന ഒന്നാണ് കാന്‍സര്‍.
പണ്ടൊക്കെ കാന്‍സര്‍ ബാധിതരുടെ എണ്ണം വിരലില്‍ എണ്ണാമായിരുന്നെങ്കില്‍ ഇന്ന് ദിനംപ്രതി കാന്‍സര്‍ ആളുകള്‍ക്കിടയില്‍ പടര്‍ന്നു പിടിക്കുകയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലോകത്താകമാനം കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ് 20- 50% ആണ്. കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കും ഇന്ന് ഒട്ടേറെ നൂതനമാര്‍ഗങ്ങള്‍ ഉള്ളപ്പോള്‍തന്നെ കാന്‍സര്‍ വ്യാപകമാകുകയും ചെയ്യുന്നു. എന്താണ് ഈ വര്‍ധിച്ചു വരുന്ന കാന്‍സര്‍ രോഗികളുടെ എണ്ണത്തിന് പിന്നിലെ കാരണം? ഉത്തരം കണ്ടെത്തുക എളുപ്പമല്ല. നമ്മുടെ ആഹാരരീതികള്‍ മുതല്‍ അന്തരീക്ഷമലിനീകരണം വരെ ഇതിനു പിന്നിലുണ്ട്.
അമിതവണ്ണം - പണ്ടെത്ത അപേക്ഷിച്ച് ഇന്ന് അമിതവണ്ണം അല്ലെങ്കില്‍ ഒബിസിറ്റിയുടെ തോത് ആളുകള്‍ക്കിടയില്‍ കൂടുതലാണ്. കൊച്ചു കുട്ടികളെ വരെ ഇന്ന് ഈ പ്രശ്നം അലട്ടുന്നുണ്ട്. ആഹാരരീതികള്‍, വ്യായാമമില്ലായ്മ എന്നിവയൊക്കെ ഇതിനു പിന്നിലുണ്ട്. ജങ്ക് ഫുഡ് കഴിക്കുന്നതും പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയുന്നതും അമിതവണ്ണം ഉണ്ടാക്കും. വന്‍കുടല്‍, തൈറോയ്ഡ്, കിഡ്നി, പാന്‍ക്രിയാസ്, അന്നനാളം എന്നിവിടങ്ങളെ ബാധിക്കുന്ന കാന്‍സറിന് പിന്നില്‍ അമിതവണ്ണം ഒരു കാരണമാണ്.
സ്ട്രെസ് - ഇന്ന് പലതരത്തില്‍ ആളുകള്‍ക്കിടയില്‍ സ്‌ട്രെസ് കൂടുതലാണ്. പലപ്പോഴും ഈ സ്‌ട്രെസ് കാരണം ആഹാരം ശരിയായി കഴിക്കാതിരിക്കുക, ഉറക്കം കുറയുക എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതൊക്കെ മനസ്സിനെ മാത്രമല്ല ശരീരത്തെയും പ്രതിരോധശേഷിയും കൂടിയാണ് ബാധിക്കുക. തുടര്‍ച്ചയായി സ്‌ട്രെസ് അനുഭവിക്കുമ്പോള്‍ ശരീരം പലതരത്തില്‍ പ്രതികരിക്കും. ഹൃദ്രോഗം, കാന്‍സര്‍ എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടും. നല്ല ഉറക്കം, വ്യായാമം, പോഷകസമ്പന്നഭക്ഷണം എന്നിവയുടെ ആവശ്യകത ഇവിടെയാണ്.
credit :-manorama
No comments:
Post a Comment