Breaking

Saturday, 13 July 2019

വൈദ്യുതിയിൽ ഓടുന്ന എസ്.യു.വിയുമായി ഹ്യൂണ്ടായ്, വില 25 ലക്ഷം


പൂർണമായും വൈദ്യുതിയിൽ ഓടുന്ന എസ്.യു.വി കൊറിയൻ കമ്പനിയായ ഹ്യൂണ്ടായ് ഇന്ത്യൻ വിപണിയിൽ ഇന്ന് പുറത്തിറക്കി. ‘ഹ്യുണ്ടായ് കോന’  എന്ന ഈ വാഹനത്തിന്റെ വില 25.3 ലക്ഷം രൂപയാണ്. സ്റ്റാൻഡേർഡ് സാഹചര്യങ്ങളിൽ ഒറ്റ ചാർജിൽ ഈ എസ്.യു.വി 452 കിലോമീറ്റർ താണ്ടുമെന്ന് കമ്പനി അവകാശപ്പെടുന്നു. സാധാരണ റോഡ് കണ്ടിഷനിൽ 200 കിലോമീറ്ററും പോകാൻ കഴിയും. ആറ് മണിക്കൂർ കൊണ്ട് പൂർണമായും ചാർജ് ചെയ്യാൻ കഴിയും. പൂജ്യത്തിൽ നിന്ന് 100 കിലോ മീറ്റർ വേഗമാർജിക്കാൻ ഈ കാറിന് വേണ്ടത് വെറും 9.7 സെക്കൻഡുകൾ മാത്രമാണ്.

ആറ് എയർ ബാഗുകൾ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ടയർ പ്രെഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർ കാമറ തുടങ്ങിയ നിരവധി ഫീച്ചറുകളുമായാണ് കോനയുടെ വരവ്. ഇറക്കുമതി ചെയ്യുന്ന പാർട്സ് ചെന്നൈയിലെ യൂണിറ്റിൽ അസംബിൾ ചെയ്താണ് വാഹനം ഇന്ത്യൻ റോഡുകളിൽ എത്തുന്നത്. ആദ്യഘട്ടത്തിൽ ഇന്ത്യയിലെ 11 നഗരങ്ങളിൽ കോനയെ അവതരിപ്പിക്കാനാണ് ഹ്യുണ്ടായുടെ പദ്ധതി. ചാർജ് ചെയ്യുന്നതിനുള്ള കിറ്റ് വാഹനത്തോടൊപ്പം ലഭിക്കും. പുറമെ, എല്ലാ ഡീലർമാരുടെ അടുത്തും ചാർജിങ്ങിനുള്ള സംവിധാനവും ഉണ്ടാകും. ഐ.ഒ.സി യുടെ നാല് നഗരങ്ങളിലെ ഔട്ട് ലെറ്റുകളിലും ചാർജിംഗ് സ്റ്റേഷനുകൾ ഒരുക്കുമെന്ന് ഹ്യൂണ്ടായ് അറിയിച്ചു.

പാർട്ടുകൾ ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കാൻ കഴിയുന്ന സാഹചര്യത്തിൽ വാഹനത്തിന്റെ വില കുറയുമെന്ന് മാനേജിംഗ് ഡയറക്ടർ എസ്. എസ് കിം പറഞ്ഞു. 2025- ഓടെ പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന 23 മോഡൽ വാഹനങ്ങൾ കമ്പനി ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment