88 വര്‍ഷം പഴക്കമുള്ള അഹമ്മദാബാദിലെ അരവിന്ദ് കമ്പനി ബ്ലൂ ജീന്‍സിന്റെ പര്യായമായി മാറിയതിങ്ങനെ
ബ്ലൂ ജീന്‍സ് എന്നും യുവാക്കളുടെ ഹരമാണ്. അതിന് പ്രത്യേകിച്ച് കാലമൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി ബ്ലൂ ജീന്‍സിന്റെ മറുപേരായി വിലസുന്ന കമ്പനിയാണ് അരവിന്ദ് ലിമിറ്റഡ്. ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രമാക്കിയാണ് അരവിന്ദിന്റെ പ്രവര്‍ത്തനം. 88 വര്‍ഷം പഴക്കമുള്ള ഈ കമ്പനിയാണ് ഇന്ത്യയില്‍ ആദ്യമായി ഇന്‍ഡിഗോ ഡൈ ഉപയോഗിച്ചുള്ള ബ്ലൂ ഡെനിം വസ്ത്രം നിര്‍മിക്കുന്നത്.
62കാരനായ സഞ്ജയ് ലാല്‍ഭായ് ആണ് അരവിന്ദിന്റെ ചെയര്‍മാന്‍. 1985-86 കാലഘട്ടത്തിലാണ് ആദ്യ ഇന്‍ഡിഗേ ഡൈ അധിഷ്ഠിത ഡെനിം ഇവര്‍ നിര്‍മിക്കുന്നത്. 1980ലാണ് രാജീവ് ബദ്ലാനി എന്ന അഡ്വര്‍ടൈസിംഗ് രംഗത്തെ കേമന്‍ ഫ്ളൈയിംഗ് മഷീന്‍ ജീന്‍സ് ബ്രാന്‍ഡിന് തുടക്കമിടുന്നത്.
ലാല്‍ഭായ് കുടുംബത്തിലേക്കായിരുന്നു കല്ല്യാണം കഴിഞ്ഞ് രാജീവ് എത്തുന്നത്. തന്റെ ബ്രാന്‍ഡിനായി വിദേശത്തുനിന്നും ഡെനിം ഇറക്കുമതി ചെയ്യുകയായിരുന്നു ബദ്ലാനി. അദ്ദേഹമാണ് ഡെനിം ഇവിടെ ഉണ്ടാക്കിക്കൂടേയെന്ന് അരവിന്ദ് സാരഥികളോട് ചോദിച്ചത്. തുടര്‍ന്ന് അരവിന്ദ് മില്‍സ് 1984ല്‍ ഫ്ളൈയിംഗ് മഷീനെ ഏറ്റെടുത്തു.
എന്നാല്‍ മുന്നിലുള്ളത് വലിയ വെല്ലുവിളി ആയിരുന്നു. ഡെനിം ഉണ്ടാക്കുന്നതിനുവേണ്ട മഷീനിന് വലിയ നിക്ഷേപം വേണം. സംഭവം വിജയിക്കുമോയെന്നതില്‍ വ്യക്തതയില്ലാതെ അത്രയും പണം മുടക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ലായിരുന്നു. അതിനാല്‍ ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത ഡെനിം പിറവിയെടുത്തത് ഒരു സാരീ പ്രിന്റിംഗ് മഷീനിലാണ്. അതാണ് ഫ്ളൈയിംഗ് മഷീന്‍ ജീന്‍സായി മാറിയത്. സംഗതി വന്‍വിജയമായി. പിന്നീടാണ് ഡെനിം നിര്‍മാണത്തിനാവശ്യമായ സാങ്കേതികവിദ്യ അരവിന്ദ് മില്‍സ് സജ്ജീകരിച്ചത്.
അങ്ങനെയാണ് 1986ല്‍ ഇന്ത്യയില്‍ ആദ്യത്തെ ഡെനിം നിര്‍മാണ പ്ലാന്റ് അഹമ്മദാബാദിലെ നരേദ റോഡില്‍ പിറവിയെടുത്തത്. ഫ്ളൈയിംഗ് മഷീന്‍, സെഫോറ, ആരോ, ടോമിഹില്‍ഫിഗര്‍, ഗ്യാപ് തുടങ്ങി നിരവധി പ്രമുഖ ബ്രാന്‍ഡുകളെ ഇന്ത്യക്കാരുടെ കൈകളിലെത്തിക്കുന്നത് അരവിനദ് ഫാഷന്‍സാണ്.
No comments:
Post a Comment