Breaking

Sunday, 28 April 2019

സ്വകാര്യ ബസ്സുകളുടെ കൊള്ളയ്ക്ക് സർക്കാർ പൂട്ട്; ബംഗളൂരു റൂട്ടില്‍ പുതിയ 100 ബസ്സ്


തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ നിയമലംഘനം തടയാൻ കർശന വ്യവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ കൊള്ള അവസാനിപ്പിക്കാൻ കേരള-ബംഗളൂരു റൂട്ടിൽ 100 സർവീസ‌് ആരംഭിക്കാൻ ഗതാഗതവകുപ്പ‌് തീരുമാനിച്ചു.

ഇതിനായി താൽക്കാലിക പെർമിറ്റ‌് അനുവദിക്കും. മൾടി ആക‌്സിൽ ബസുകളാകും സർവീസിനായി നിരത്തിലിറങ്ങുക. കെഎസ‌്ആർടിസിയുടെ കൈവശം ആവശ്യത്തിന‌് ബസില്ലാത്ത സാഹചര്യത്തിൽ പാട്ടത്തിന‌് വണ്ടിയെടുക്കും
ഇരുസംസ്ഥാനങ്ങളിലെയും ഗതാഗതസെക്രട്ടറിമാർ നടത്തിയ ചർച്ചയിലാണ‌് ഇക്കാര്യത്തിൽ ധാരണയായത‌്. തുടർനടപടി സ്വീകരിക്കാൻ കെഎസ‌്ആർടിസി എംഡിയെ ചുമതലപ്പെടുത്തിയതായി ഗതാഗതമന്ത്രിയുടെ ഓഫീസ‌് അറിയിച്ചു. കേരളവും കർണാടകവും 50 സർവീസ‌് വീതം നടത്തും.
ബസ‌് നൽകാൻ സന്നദ്ധതയുള്ളവരിൽനിന്ന‌് ഉടൻ താൽപ്പര്യപത്രം ക്ഷണിക്കും. എറണാകുളം, തൃശൂർ, കോഴിക്കോട‌്, തിരുവനന്തപുരം കേന്ദ്രീകരിച്ച‌് പത്തുദിവസത്തിനകം സർവീസ‌് ആരംഭിക്കും. 20 പെർമിറ്റ‌് സംസ്ഥാനത്തിന്റെ കൈവശമുണ്ട‌്.
പുതുതായി ആരംഭിക്കുന്ന സർവീസുകൾ പര്യാപ‌്തമല്ലെങ്കിൽ കോൺട്രാക്ട‌് ക്യാരേജുകളും ഏർപ്പെടുത്തും. നിലവിൽ കർണാടകത്തിലേക്ക‌് 52 സർവീസുണ്ട‌്. ബംഗളൂരു സർവീസിനുപുറമേ ചെന്നൈയിലേക്കും ആവശ്യമെങ്കിൽ അധിക സർവീസ‌് തുടങ്ങും. ഇത് കല്ലട അടക്കം ഉള്ള ബസുകൾക്ക് വൻ തിരിച്ചടി തന്നെ ഉണ്ടാക്കും എന്നാണ് റിപ്പോർട്ടുകൾ.

No comments:

Post a Comment