കേരളത്തിൽ വളരെ ആദായകരമായി കൃഷി ചെയ്യാവുന്ന ഫലവൃക്ഷമാണ് അവക്കാഡോ അല്ലെങ്കിൽ വെണ്ണപ്പഴം. 10-12 വർഷം പ്രായമായ മരത്തിൽ നിന്ന് 300 മുതൽ 400 വരെ പഴങ്ങൾ ലഭിക്കും. മൂപ്പെത്തിയ ഒരു മരത്തിൽ നിന്ന് ശരാശരി 10,000 രൂപ വരെ ആദായം ലഭിക്കുമെന്നാണ് കർഷകർ പറയുന്നത്.വിത്ത് മുളപ്പിച്ച് നട്ട തൈകൾ അഞ്ചോ ആറോ വർഷം എടുത്താണ് കായ്ക്കുക.ഗ്രാഫ്റ്റ് തൈകൾ മൂന്ന് വർഷം കൊണ്ട് കായ്ക്കും.
നവംബർ-ഡിസംബറിൽ പൂവിട്ടു തുടങ്ങുന്ന അവക്കാഡോ ഏപ്രിൽ-മെയ് മാസത്തോടെ കായ് പിടിക്കാൻ തുടങ്ങും. മൂപ്പെത്തിയ പഴങ്ങൾ അഞ്ച്,പത്ത് ദിവസത്തിനുളളിൽ പഴുത്തു തുടങ്ങും. ഫുൾട്ടി, പിൻകർട്ടൺ, പർപ്പിൾ ഹൈബ്രിഡ്, ഹാസ്,ട്രാപ്, പുള്ളോക്ക് എന്നിങ്ങനെ ഒട്ടേറെ ഇനങ്ങൾ ഉണ്ട്. ഫുൾട്ടി,പർപ്പിൾ ഹൈബ്രിഡ് ,പുളളോക്ക് എന്നിവയാണ് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യം. നീർവാർച്ചയും വളക്കൂറും, അഞ്ച് മുതൽ ഏഴ് വരെ അമ്ലതയുമുളള മണ്ണാണ് അവക്കാഡോ കൃഷിക്ക് അനുയോജ്യം.
വിത്താണ് പ്രജനനത്തിന് ഉപയോഗിക്കുന്നത് ഒരേ വൃക്ഷത്തിൽ തന്നെ ആൺപൂവും പെൺപൂവും ഉണ്ടെങ്കിലും വ്യത്യസ്തത സമയങ്ങളിൽ വിരിയുന്നതിനാൽ വൃക്ഷത്തിൽ തന്നെ പരാഗണം സാധ്യമല്ല.അടുത്തടുത്ത രണ്ട് തൈകൾ വീതം നടണം. ഇത് ഒഴിവാക്കാൻ ഗ്രാഫ്റ്റ് ചെയ്ത തൈകളും ഉപയോഗിക്കാം. ആവശ്യത്തിന് മേൽമണ്ണും അഞ്ചു കിലോ ജൈവവളവും ചേർത്ത് മഴയ്ക്ക് മുൻപായി ഏപ്രിൽ-മേയ് മാസങ്ങളിൽ തൈകൾ നടാം. തൈകൾ തമ്മിൽ എട്ട്-10 മീറ്റർ അകലം വേണം. ആദ്യ വർഷങ്ങളിൽ ഇടവിളയായി പയർവർഗങ്ങളും പച്ചക്കറികളും കൃഷി ചെയ്യാം.
നട്ട് ഒരു വർഷം കഴിഞ്ഞ വളപ്രയോഗം നടത്തണം. രാസവളങ്ങൾ വർഷത്തിൽ രണ്ടു തവണകളായി ഏപ്രിൽ-മെയ് മാസങ്ങളിലും സെപ്റ്റംബർ ഒക്ടോബർ മാസത്തിലുമാണ് നൽകേണ്ടത്. 30-50 ഗ്രാം ഇരുമ്പ് അംശമുളള വളം ചെടിയൊന്നിന് എന്ന തോതിൽ നൽകാവുന്നതാണ്. വേനൽകാലത്ത് തണൽ ആവശ്യമാണ്.നന്നായി നനയ്ക്കണം. പുതയിടുന്നച് വേനൽ കാഠിന്യത്തെ അതിജീവിക്കാൻ ഉപകരിക്കും.
മീലിമൂട്ട,ശൽക്കകീടങ്ങൾ,മണ്ഡരി എന്നിവയാണ് അവക്കാഡോയെ ബാധിക്കുന്ന പ്രധാന കീടങ്ങൾ. ഇവയിൽ മീലി മൂട്ടയ്ക്കും ശൽക്കകീടത്തിനുമെതിരെ വെർട്ടിസീലിയം ലെക്കാനി എന്ന ജൈവ കീടനാശിനി ഉപയോഗിക്കാം. മണ്ഡരി കീട ബാധയ്്‌ക്കെതിരെ സ്‌പൈറോമെസിഫെൻ എന്ന കീടനാശിനി മൂന്നു മില്ലി ലിറ്റർ വെളളത്തിൽ എന്ന തോതിൽ ഉപയോഗിക്കാം. പുളളിക്കുത്ത് രോഗം ,വേരു ചീയൽ എന്നിവയാണ് സാധാരണ കണ്ടു വരുന്ന പ്രധാന രോഗങ്ങൾ ഇതിനെതിരെ കാർബെൻഡാസിം എന്ന കുമിൾനാശിനി ഉപയോഗിക്കാം.
No comments:
Post a Comment