ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററില്‍ ഒരു മാസം നീളുന്ന ‘ജടായു കാര്‍ണിവലി’ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. കാര്‍ണിവലിന്റെ ഭാഗമായി പാരമ്പര്യ ഭക്ഷ്യോത്സവം, കലാസാംസ്‌കാരിക സന്ധ്യകള്‍, തെരുവുമാജിക്, പരമ്പരാഗത കലാരൂപങ്ങള്‍ എന്നിവ മലമുകളില്‍ അരങ്ങേറും. ഓരോ ദിവസവും സാമൂഹ്യ-സാംസ്‌കാരിക-സിനിമാ മേഖലകളിലെ പ്രമുഖര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഏറ്റവും പ്രമുഖ കേന്ദ്രമായി മാറാന്‍ ജടായു എര്‍ത്ത് സെന്ററിനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന അന്തരീക്ഷമാണിവിടെ. കൂടുതല്‍ സൗകര്യങ്ങള്‍ ഇവിടെ വരുന്നുണ്ട്. പ്രകൃതിദത്ത യോഗാ സെന്റര്‍, ആയുര്‍വേദ സെന്റര്‍, സാഹസിക ടൂറിസം തുടങ്ങിയവ വരും. കേബിള്‍ കാറും ലോകോത്തര നിലവാരത്തിലുള്ളതാണ്. മനോഹര പ്രകൃതിഭംഗി ആസ്വദിക്കാവുന്ന നവ്യാനുഭവമാണിവിടം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജടായുപ്പാറയെക്കുറിച്ച് ഒ.എന്‍.വി കുറുപ്പിന്റെ കവിത ആലേഖനം ചെയ്ത ശില മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. കൊല്ലത്തെ ടൂറിസം കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് രൂപീകരിച്ച ഹെറിറ്റേജ് ദേശിംഗനാട് പദ്ധതി ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
സഹകരണ – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍, ജടായു എര്‍ത്ത് സെന്റര്‍ സി.എം.ഡി രാജീവ് അഞ്ചല്‍, സി.ഇ.ഒ ബി. അജിത് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഒരു മാസം നീണ്ടു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന ക്രിസ്മസ് പുതുവത്സര ആഘോഷമായ ജടായു കാര്‍ണിവല്‍ എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതല്‍ രാത്രി ഒന്‍പതു വരെയാണ്. കലാസാംസ്‌കാരിക സന്ധ്യകളും പരമ്പരാഗത ഭക്ഷ്യമേളയും ഉണ്ടാകും. രാഷ്ട്രീയ, സാംസ്‌കാരിക, കലാ രംഗത്തെ പ്രമുഖരുടെ സന്ദര്‍ശനവും ഉണ്ടാകും. ജനുവരി 22 ന്് കാര്‍ണിവല്‍ സമാപിക്കും
No comments:
Post a Comment