യുഎഇയിൽ അടുത്ത കാലത്തായി വർധിച്ച് വരുന്ന ‘നാടുകടത്തൽ’ തട്ടിപ്പ് വീണ്ടും സജീവമാകുന്നു. ഇന്ത്യക്കാരായ പ്രവാസികളെയാണ് തട്ടിപ്പ് സംഘം പ്രധാനമായും ലക്ഷ്യം വെക്കുന്നതായി കണ്ടുവരുന്നത്. ഫോൺ മുഖേനയാണ് തട്ടിപ്പ് സംഘം ‘ഇരകളെ’ കണ്ടെത്തുന്നത്.
പ്രവാസികളെ ഫോണിൽ ബന്ധപ്പെടുകയും തങ്ങളുടെ നിയമരേഖകൾ നിയമാനുസൃതമല്ല എന്ന് പറഞ്ഞു ഭയപ്പെടുത്തുകയും അത് പരിഹരിക്കാനും നിയമരേഖകൾ ശരിയാക്കുവാനും പിഴയെന്ന രൂപത്തിലും പണം അടയ്ക്കണമെന്നാണ് തട്ടിപ്പ് സംഘം പ്രവാസികളെ അറിയിക്കുന്നത്. ആയിരക്കണക്കിന് ദിർഹമുകളാണ് ഇത്തരത്തിൽ പ്രവാസികളിൽ നിന്ന് തട്ടിപ്പ് സംഘം തട്ടിയെടുക്കുന്നത്.
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെയും ഇമിഗ്രേഷൻ വകുപ്പിന്റെയും ഔദ്യോഗിക ഫോൺ നമ്പറുകളിൽ സാങ്കേതിക കൃതൃമം (സ്പൂഫിങ്) നടത്തിയാണ് തട്ടിപ്പ് സംഘം പ്രവാസികളെ ബന്ധപ്പെടുന്നത് എന്നത് ഏറെ ഗൗരവമുള്ള കാര്യമാണ്. ഒപ്പം ആശങ്കകൾക്കും ഇത് വഴിവെക്കുന്നുണ്ട്. തട്ടിപ്പ് സംബന്ധിച്ച പരാതിയുടെ പ്രവാഹമാണ് ദുബായിലെ ഇന്ത്യൻ മിഷന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാക്കരുതെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
No comments:
Post a Comment