Breaking

Tuesday, 2 October 2018

സൗദിയില്‍ സ്വദേശിവത്കരണം: 68 പദ്ധതികള്‍ കൂടി പട്ടികയില്‍; മലയാളികൾ പ്രതിസന്ധിയിൽ

സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളില്‍ നടപ്പാക്കാന്‍ തീരുമാനം. സ്വകാര്യമേഖലയില്‍ കൂടുതല്‍ സൗദിവല്‍ക്കരണം ലക്ഷ്യമിട്ട് 68 പദ്ധതികളാണ് തൊഴില്‍, സാമൂഹിക മന്ത്രി അഹമ്മദ് ബിന്‍ സുെലെമാന്‍ അല്‍റാജ്ഹി പ്രഖ്യാപിച്ചത്. ഇതോടെ, മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ കടുത്ത ആശങ്കയില്‍.
ആരോഗ്യം, കോഫിഷോപ്പ്, റെസ്‌റ്റോറന്റ്, ടെലികമ്യൂണിക്കേഷന്‍, കോണ്‍ട്രാക്ടിങ്, റിയല്‍ എസ്‌റ്റേറ്റ് മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനാണ് പുതിയ തീരുമാനം. എന്നാല്‍, റെസ്‌റ്റോറന്റ് എന്നതില്‍ മുഴുവന്‍ ഹോട്ടലുകളും ബൂഫിയകളും(ചെറിയ ചായ കട ) ഉള്‍പ്പെടുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ മൂന്നുമാസത്തിനകം വ്യക്തതയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പെട്രോള്‍ പമ്ബുകളില്‍ അടക്കം പ്രവര്‍ത്തിക്കുന്ന കോഫിഷോപ്പുകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കും. പദ്ധതിയുടെ വിശദാംശങ്ങള്‍ വെകാതെ പ്രഖ്യാപിച്ചേക്കും. .
വിദേശികള്‍ക്ക് ഗുണപരമായ കാര്യങ്ങളും ഇന്നലത്തെ പ്രഖ്യാപനത്തില്‍ ഉണ്ട്. വിദേശങ്ങളില്‍നിന്ന് റിക്രൂട്ട്‌മെന്റിന് അത്യാവശ്യഘട്ടങ്ങളില്‍ തൊഴില്‍ വിസകള്‍ അനുവദിക്കല്‍, സ്വദേശിവല്‍ക്കരണം നടപ്പാക്കിയവര്‍ക്ക് പാരിതോഷികം, നിതാഖാത് പദ്ധതിയില്‍ ഗ്രേസ് പീരിയഡ് നടപ്പാക്കല്‍, നിതാഖാത് സേവനങ്ങള്‍ പരിഷ്‌കരിക്കല്‍, പ്ലാറ്റിനം പാക്കേജില്‍ കൂടുതല്‍ സേവനങ്ങള്‍ അനുവദിക്കല്‍, പ്രഫഷനുകള്‍ക്ക് നിതാഖാത് നിശ്ചയിക്കല്‍, തൊഴില്‍ തര്‍ക്കങ്ങളുടെ പരിഹാരം, തൊഴില്‍ വ്യവസ്ഥകള്‍ ക്രമീകരിക്കല്‍ തുടങ്ങിയവ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ്. .
സ്വദേശികളെ ലഭിക്കാത്ത പ്രഫഷനുകളില്‍ റിക്രൂട്ട്‌മെന്റ് പ്രക്രിയകള്‍ ലഘൂകരിക്കാനും ഗാര്‍ഹിക വേലക്കാരുടെ റിക്രൂട്ട്‌മെന്റ് മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. കഴിഞ്ഞ മാസം 12 മുതല്‍ 12 സ്വകാര്യമേഖലയില്‍ സൗദിവല്‍ക്കരണ പദ്ധതി തൊഴില്‍ മന്ത്രാലയം കര്‍ശനമായി നടപ്പാക്കിവരികയാണ്. ആദ്യഘട്ടത്തില്‍ തുണിക്കടകള്‍, പാത്രങ്ങള്‍, വാഹനവില്‍പ്പന കേന്ദ്രം, ഫര്‍ണിച്ചര്‍ കടകള്‍ എന്നീ മേഖലകളില്‍ 70 ശതമാനം സൗദിവല്‍ക്കരണം ആണു നടപ്പാക്കുന്നത്. .
നവംബറിലും ജനുവരി ആദ്യ ആഴ്ചയിലും കൂടുതല്‍ മേഖലയിലേക്ക് നിതാഖാത് വ്യാപിപ്പിക്കാനിരിക്കെയാണ് 68 പദ്ധതികളുമായി വീണ്ടും പ്രവാസികളെ ആശങ്കയിലാക്കി തൊഴില്‍ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. പുതിയ തീരുമാനം മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പ്രവാസികളുടെ ജോലി പ്രതിസന്ധിയിലാക്കും. .

No comments:

Post a Comment