രോജയിലെ ചിന്ന ചിന്ന ആസയ് എന്ന പാട്ട് ഒരിക്കലെങ്കിലും കേട്ടിട്ടുള്ളവര്‍ക്ക് ഹോഗനക്കല്‍ വെള്ളച്ചാട്ടം ഓര്‍മ്മയുണ്ടാകും. രോജയില്‍ മാത്രമല്ല പിന്നെ ഇങ്ങോട്ടു എത്രയെത്ര സിനിമകളില്‍ ഈ മനോഹരമായിടം നമ്മള്‍ കണ്ടിട്ടുണ്ട്. കുത്തിയൊഴുകുന്ന പുഴയും, കുട്ടവഞ്ചിയും, പാറയിടുക്കുകളുമെല്ലാം കൂടി ചേര്‍ന്ന ഒരു സ്വപ്നഭൂമിയാണ് ഹോഗനക്കല്‍ എന്ന് വേണമെങ്കില്‍ പറയാം.
തമിഴ്നാട്ടിലെ ധര്‍മ്മപുരിയിലാണ് ഈ സ്ഥലം. പുകയുന്ന പാറ എന്നാണു ഹോഗനക്കല്‍ എന്ന പേരിന്റെ അര്‍ത്ഥം. നനുത്ത വെള്ളത്തുള്ളികള്‍ നീരാവി പോലെ അന്തരീക്ഷത്തില്‍ ഉയരുന്നതു കൊണ്ടാവം ഈ പേര് വന്നത്. സാധാരണ വെള്ളം മലകളില്‍ നിന്നും താഴേക്ക് പതിച്ചാണല്ലോ വെള്ളച്ചാട്ടം ഉണ്ടാകുന്നത്. പക്ഷെ ഇവിടെ മലയില്‍ നിന്നല്ല വെള്ളം താഴെ പതിക്കുന്നത്, സാധാരണ പോലെ വരുന്ന കാവേരി നദി പെട്ടന്ന് പാറകളാല്‍ നിര്‍മ്മിക്കപ്പെട്ട കിടങ്ങുകളിലേക്ക് പതിക്കുക്കുകയാണ്. കാവേരി നദിയിലെ ഈ വെള്ളച്ചാട്ടതിന്റെ വലതുകര തമിഴ്നാടും ഇടതുകര കര്‍ണാടകവുമാണ്.
ധര്‍മ്മപുരിയില്‍ നിന്നും ഏകദേശം 50 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഹോഗനക്കല്ലില്‍ എത്താം.പരശല്‍(coracle) എന്നു തമിഴര്‍ വിളിക്കുന്ന വട്ടക്കൊട്ടയിലെ സവാരിയാണ് ഹോഗനക്കലിലെ പ്രധാന വിനോദം. മണിക്കൂറിനു ഒരാള്‍ക്ക് 160 രൂപ വച്ചു 6 പേര്‍ക്കു കയറാവുന്നവയാണ് ഓരോ കുട്ടയും. മുളകൊണ്ട് നിര്‍മ്മിച്ച്, അടിഭാഗം പ്ലാസ്റ്റിക്കും,ടാറും ഉപയോഗിച്ചു വെള്ളം കടക്കാതെ പൊതിഞ്ഞ ഈ വഞ്ചികളിലെ സവാരി രസകരമാണ്. ഒരിത്തിരി ശ്രദ്ധ നല്‍കണമെന്ന് മാത്രം.
പുഴക്കരയില്‍ നല്ല അടിപൊളി മീന്‍ വറുത്തത് കിട്ടുന്ന ഇടമുണ്ട്. അപ്പപ്പോള്‍ പിടിച്ച ഫ്രഷ് മീനാണ് ആവശ്യക്കാര്‍ക്ക് വറുത്തു നല്‍കുന്നത്. ചൂണ്ടയിട്ടു പിടിച്ച പുഴമീന്‍ മുളകിട്ട് പൊരിച്ചത് നാടന്‍ ഭക്ഷണവുമായി ചേര്‍ത്തു പ്രാദേശികവാസികളായ സ്ത്രീകള്‍ തന്നെയാണ് കച്ചവടം നടത്തുന്നത്. എണ്ണ മസാജിനും പ്രശസ്തമാണ് ഈ നദീതീരം. ഒരുദിവസത്തെ ഒരു മനോഹരമായ യാത്രയാണ് മനസിലെങ്കില്‍ ഉറപ്പായും ഹോഗനക്കല്‍ നിങ്ങളെ തൃപ്തിപ്പെടുത്തും.
No comments:
Post a Comment