Breaking

Wednesday, 3 October 2018

വീട്ടില്‍ കേക്ക് ഉണ്ടാക്കി 30,000 രൂപ മാസവരുമാനം നേടുന്ന വീട്ടമ്മ


വിവാഹശേഷം വീട്ടമ്മമാരായി മാറുമ്പോള്‍ പല സ്ത്രീകള്‍ക്കും മുന്‍പ് ചെയ്തിരുന്ന ജോലി തുടരാന്‍ കഴിയാറില്ല. പിന്നീട് വീട്ടില്‍ വെറുതെയിരുന്ന് മുഷിയുമ്പോഴോ, ഒരു വരുമാനമാര്‍ഗം വേണമെന്ന് ചിന്തിക്കുമ്പോഴോ ഈ വീട്ടമ്മമാരില്‍ പലരും എന്തെങ്കിലുമൊരു ജോലി കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്. ഇതു ചിലരെ വ്യത്യസ്തമായ ചില മേഖലകളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു.
തൃശൂര്‍ പുറനാട്ടുകരയില്‍ ചെറിയ സംരംഭം നടത്തുന്ന ശ്രീലേഖ ഉണ്ണിക്കൃഷ്ണന്റെ കാര്യവും ഇങ്ങനെ തന്നെ. വിവാഹശേഷം നഴ്‌സിംഗ് ജോലി തുടരാന്‍ കഴിയാതെ വന്നതോടെയാണ് സംരംഭകത്വത്തിന്റെ വഴിയില്‍ ഈ വീട്ടമ്മയും എത്തിയത്. കാരറ്റ്, ഈന്തപ്പഴം, പുഡ്ഡിംഗ് കേക്കുക്കള്‍ വീട്ടിലുണ്ടാക്കി വില്‍ക്കുന്ന 'യമ്മി യമ്മി ഹോം മെയ്ഡ് കേക്ക്‌സ്' എന്ന സംരംഭം രണ്ടു വര്‍ഷം മുമ്പാണ് തുടങ്ങുന്നത്. ഇതിനൊപ്പം കുക്കീസ്, ചോക്ലേറ്റ് എന്നിവയും ഹോം മെയ്ഡ് ഉത്പന്നങ്ങള്‍ എന്ന നിലയില്‍ വില്‍ക്കുന്നു.
കേക്ക് നിര്‍മാണത്തിലേക്ക് എത്തിച്ചത് ആഗ്രഹവും ഭര്‍ത്താവിന്റെ പിന്തുണയും 
കല്യാണം കഴിഞ്ഞതോടെ നഴ്‌സിംഗ് ജോലി ഉപേക്ഷിക്കേണ്ടി വന്നതാണ് ശ്രീലേഖയെ സംരംഭം തുടങ്ങുന്നതിലേക്ക് വഴിതിരിച്ചുവിട്ടത്. വ്യക്തിപരമായി ശ്രദ്ധ നല്‍കി ഉണ്ടാക്കാന്‍ കഴിയും എന്നതായിരുന്നു കേക്ക് നിര്‍മാണത്തിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്. പ്രിസര്‍വേറ്റീവ്‌സ് ചേര്‍ക്കാത്ത നല്ല ബേക്കറി ഉത്പന്നങ്ങള്‍ ഉണ്ടാക്കണമെന്ന ആഗ്രഹവും, സ്വന്തമായി തൊഴിലും വരുമാനവും കണ്ടെത്താന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനായ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ പ്രോത്സാഹിപ്പിച്ചതും പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ പ്രചോദനമായി.
ആകെയുള്ള നിക്ഷേപം ഒന്നരലക്ഷം രൂപ
തുടര്‍ന്ന് വീടിന്റെ ഒരു ചെറിയഭാഗം കേക്ക് നിര്‍മാണത്തിനായി സജ്ജമാക്കി. ചെലവു കുറയ്ക്കാന്‍ ഒന്നരലക്ഷം രൂപ മുടക്കി പഴയ ഉപകരണങ്ങളാണ് വാങ്ങിയത്. ഉപയോഗിച്ച ഡക്ക് അവ്ന്‍, മൈദ മിക്‌സര്‍, ഡൈസെറ്റ്, സീലര്‍ മെഷീന്‍ എന്നിവ വാങ്ങിയതായിരുന്നു ആകെയുള്ള നിക്ഷേപം. ജോലിക്കാരില്ലാതെ തനിച്ചാണ് കേക്ക് നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നത്.
വില്‍പ്പന പ്രാദേശികമായി
സമീപപ്രദേശങ്ങളിലാണ് വില്‍പ്പന ഏറെയും നടക്കുന്നത്. ആവശ്യക്കാര്‍ നേരിട്ട് ഓര്‍ഡറുകള്‍ നല്‍കുകയും വാങ്ങുകയും ചെയ്യുന്നു. വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് എന്നിവ വഴിയും ഓര്‍ഡറുകള്‍ സ്വീകരിക്കാറുണ്ട്. പ്രദര്‍ശന മേളകിളിലും പങ്കെടുക്കാറുണ്ട്. എന്നാല്‍ കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ വഴി വില്‍പ്പന നടത്തുന്നില്ല. അത്തരം ഉപഭോക്താക്കളെ ലക്ഷ്യമിട്ടല്ല സംരംഭം തുടങ്ങിയത് എന്നതുതന്നെ കാരണം. പ്രതിമാസമുള്ള വില്‍പ്പനയുടെ കണക്ക് കൃത്യമായി എടുത്തിട്ടില്ലെങ്കിലും ശരാശരി അറ്റാദായം 30,000 രൂപയോളം വരുമെന്ന് ശ്രീലേഖ പറയുന്നു.
കേക്കുകളുടെ വെറൈറ്റി ഒരുക്കണമെന്ന് ആഗ്രഹം
മികച്ച അസംസ്‌കൃത വസ്തുക്കള്‍ മാത്രം ഉപയോഗിക്കുവെന്നതാണ് ആദ്യം പറയേണ്ട പ്രത്യേകത. നല്ലരുചിയില്‍ ചേരുവകള്‍ തയ്യാറാക്കുകയും അതതു ദിവസം വില്‍ക്കുകയും ചെയ്യുന്നു. ആവശ്യാനുസരണം കേക്കുകള്‍ ഉണ്ടാക്കി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഒപ്പം കൃത്യസമയത്ത് എത്തിച്ചു നല്‍കുന്നുവെന്നതും എടുത്തു ചൂണ്ടിക്കാണിക്കേണ്ടതാണ്. കേക്കുകളുടെ വെറൈറ്റി ഒരുക്കിക്കൊണ്ട് പുതിയൊരു സ്ഥാപനത്തിന് തുടക്കമിടമണമെന്ന് ശ്രീലേഖ ആഗ്രഹിക്കുന്നു. ഇതിലൂടെ കുറച്ചുപേര്‍ക്ക് ജോലി നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയും പങ്കുവയ്ക്കുന്നു.
വിലാസം: യമ്മി യമ്മി ഹോംമെയ്ഡ് കേക്ക്‌സ്, പുറനാട്ടുകര പി.ഒ, തൃശൂര്‍. ഫോണ്‍-9400298473

No comments:

Post a Comment