Breaking

Sunday, 28 October 2018

പാന്‍ കാര്‍ഡിന്റെ ആവശ്യകതയെന്ത്?


1962ലെ ആദായനികുതി നിയമം 114(ബി) ഭേദഗതി പ്രകാരം ബാങ്ക് ഇടപാടുകള്‍ക്ക് 2016 ജനുവരി മുതല്‍ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ നിര്‍ബന്ധമാക്കി. 2015 ഡിസംബര്‍ 30ന് പുറപ്പെടുവിച്ച എസ് ഒ 3545(C)വിജ്ഞാപനത്തിലൂടെയാണ് നിയമം ഭേദഗതി(22-ാം ഭേദഗതി) ചെയ്തിരിക്കുന്നത്. നികുതി വെട്ടിപ്പും കള്ളപ്പണവും കണ്ടെത്തുന്നതിനായി കര്‍ശനമാക്കിയ പാന്‍ ചില ഇടപാടുകള്‍ക്ക് ഇളവുകള്‍ നല്‍കുകയും ചില സാഹചര്യത്തില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

എന്താണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍?

പണമിടപാടുകള്‍ സംബന്ധിച്ച എല്ലാ രേഖകളിലും ഇപ്പോള്‍ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ ചേര്‍ക്കണമെന്നതാണ് നിയമം. ഇതുവഴി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡിറക്ട് ടാക്‌സസിന് യഥാസമയം ഇടപാടുകളുടെ കൃത്യമായ വിവരം ലഭിക്കും.  ആദായ നികുതി നല്‍കാന്‍ ബാധ്യസ്ഥരായവരില്‍ നിന്നും കൃത്യമായ വരുമാന കണക്കുകള്‍ ലഭിക്കുന്നതിനായാണ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് 2005 മുതല്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ഉയര്‍ന്ന തുകയ്ക്കുള്ള പണമിടപാടുകള്‍ നടത്തുന്നതിന് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്ത്യ ലാമിനേറ്റഡ് കാര്‍ഡില്‍ സുരക്ഷാ സംവിധാനങ്ങളോടെ രേഖപ്പെടുത്തി നല്‍കുന്ന അക്കങ്ങളും അക്ഷരങ്ങളും ഉള്‍പ്പെട്ട പത്തക്ക നമ്പര്‍ ആണ് പാന്‍.

പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ ഇല്ലെങ്കില്‍...

ആദായനികുതി ഒഴിവ് പരിധിയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആദായ നികുതി നിയമത്തിലെ 139 എ വകുപ്പ് പ്രകാരം പാന്‍ നിര്‍ബന്ധമായും എടുത്തിരിക്കണം. ഔദ്യോഗിക രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ഇടപാടുകള്‍ എന്നിവയില്‍ പാന്‍ നമ്പര്‍ രേഖപ്പെടുത്തുവാന്‍ ഏതൊരു വ്യക്തിയും നിയമപ്രകാരം ബാധ്യസ്ഥരാണ്. പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ ചേര്‍ക്കാത്ത രേഖകള്‍ അസാധുവാകുന്നതോടൊപ്പം ബാങ്ക് ഇടപാടുകള്‍ നടത്താനും സാധിക്കില്ല.

രേഖകളില്‍ പാന്‍ നമ്പര്‍ ചേര്‍ക്കാതിരിക്കുകയോ തെറ്റായ നമ്പര്‍ നല്‍കുകയോ ചെയ്താല്‍ 272 ബി (2) വകുപ്പ് പ്രകാരം 10000രൂപ പിഴ ചുമത്താം. രേഖകള്‍ സഹിതം മതിയായ കാരണം ബോധിപ്പിച്ചാല്‍ 273 ബി വകുപ്പ് പ്രകാരം പിഴ ഒഴിവാക്കാന്‍ അസസ്സിങ് ഓഫീസര്‍ക്ക് അധികാരമുണ്ട്. 139 എ വകുപ്പ് അനുസരിച്ച് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ ഉപയോഗിക്കാത്ത കുറ്റത്തിന് 272 ബി (1) വകുപ്പ് പ്രകാരം 10000 രൂപ വരെ പിഴ ചുമത്താവുന്നതാണ്.

പാന്‍ നിര്‍ബന്ധമാക്കിയ ഇടപാടുകള്‍/ രേഖകള്‍

*ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍(എന്‍ബിഎഫ്‌സി) നിക്ഷേപിക്കുന്നതിന്
*സഹകരണബാങ്കുകള്‍, പോസ്റ്റ് ഓഫിസ് നിധി, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ ടൈം ഡിപ്പൊസിറ്റ് നിക്ഷേപം നടത്താന്‍.
*ഒരു ദിവസം 50000രൂപയോ അതില്‍ കൂടുതലോ തുക ബാങ്ക് വഴി മൊത്തമായോ പലതവണയായോ നിക്ഷേപിച്ചാലും എടുത്താലും പാന്‍ നമ്പര്‍ രേഖപ്പെടുത്തണം. ബാങ്ക് ഡ്രാഫ്റ്റ്, പേ ഓര്‍ഡര്‍, ബാങ്കര്‍ ചെക്ക് എന്നിവയ്ക്കും ഇത് ബാധകമാണ്.
*മ്യൂച്വല്‍ ഫണ്ടിലേക്ക് അരലക്ഷം രൂപയ്ക്കു മുകളിലുള്ള തുക നിക്ഷേപിക്കാന്‍.
*കമ്പനികളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും അരലക്ഷം മുതല്‍ മുകളിലോട്ടുള്ള തുകയ്ക്ക് കടപത്രം, ബോണ്ട് എന്നിവ വാങ്ങിക്കുമ്പോള്‍ അപേക്ഷയില്‍ പാന്‍ നമ്പര്‍ രേഖപ്പെടുത്തണം.
*സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങുന്നതിന്
*ബാങ്കിങ് റഗുലേഷന്‍ നിയമം(1949) ബാധകമായ ബാങ്കുകളില്‍ അരലക്ഷം രൂപയില്‍ കൂടുതല്‍ ടൈം നിക്ഷേപം നടത്തുന്നതിന്.
*അഞ്ചുലക്ഷം രൂപയ്ക്കു മേലുള്ള എല്ലാ വാര്‍ഷിക നിക്ഷേപങ്ങള്‍ക്കും(50000 രൂപയില്‍ താഴെ പല തവണയായി നിക്ഷേപിച്ചാലും കണ്ടെത്തുന്നതിനാണിത്).
*വിദേശ യാത്രക്കുള്ള ടിക്കറ്റ് മുതലായ ആവശ്യങ്ങള്‍ക്ക് അരലക്ഷം രൂപയില്‍ കൂടുതലുള്ള തുക പണമായി നല്‍കുന്നതിന്. വിദേശ കറന്‍സി വാങ്ങുന്നതിനും പാന്‍ നമ്പര്‍ രേഖപ്പെടുത്തണം(ട്രാവല്‍ ഏജന്റ് മുഖേനയുള്ള ഇടപാടിനും ബാധകം).
*ടെലിഫോണ്‍, സെല്‍ഫോണ്‍ കണക്ഷന്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കുമ്പോള്‍ പാന്‍ നമ്പര്‍ ഉപയോഗിക്കണം.
*എല്‍ ഐ സി പ്രീമിയം നല്‍കുന്നതിന്
*ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള രജിസ്‌ട്രേഷന്‍ ആവശ്യമായ, മോട്ടോര്‍ വാഹനങ്ങളും മറ്റ് വാഹനങ്ങളും വാങ്ങുന്നതിനും വില്‍ക്കുന്നതിനും.
*സെക്യൂരിറ്റി ആക്ടിലെ(Securities Contracts Regulation Act 1956) 2(h) വകുപ്പ് പ്രകാരം രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ തുകയ്ക്കുള്ള നിക്ഷേപമോ വില്‍പനയോ സംബന്ധിച്ച ഏതു കരാറില്‍ ഏര്‍പ്പെടുന്നതിനും.
*ഓഹരി വിപണിയില്‍ ആവശ്യമായ ഡി മാറ്റ് അക്കൗണ്ട് തുടങ്ങാന്‍.
*ലിസ്റ്റ് ചെയ്യാത്ത കമ്പനികളില്‍ നിന്നും ഒരു ലക്ഷം രൂപയ്‌ക്കോ അതിലധികമോ തുകയ്ക്ക് ഓഹരി വാങ്ങുന്നതിന്.
*ക്രെഡിറ്റ് കാര്‍ഡിനുവേണ്ടി, ബാങ്കിങ് കമ്പനി, മറ്റ് കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അപേക്ഷ നല്‍കുവാന്‍.(സഹകരണ ബാങ്കുകളിലേതുള്‍പ്പെടെ)


പാന്‍ ഒഴിവാക്കിയ ഇടപാടുകള്‍

*ബാങ്കിങ് റെഗുലേഷന്‍ ആക്ട് 1949 ബാധകമായ ബാങ്കിങ് കമ്പനികളില്‍ ബേസിക് സേവിങ്‌സ് അക്കൗണ്ടുകള്‍ തുറക്കാന്‍.
*പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പ്രകാരമുള്ള അക്കൗണ്ടുകള്‍ തുടങ്ങുന്നതിന്.
*പോസ്റ്റ് ഓഫിസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ 50000 രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക്.


പാന്‍ ഇളവ് നല്‍കിയ ഇടപാടുകള്‍

*ഹോട്ടലില്‍ ഒരു തവണ അടയ്‌ക്കേണ്ടുന്ന തുക 25000 രൂപയില്‍ കൂടുതലാണെങ്കില്‍ പാന്‍ നമ്പര്‍ വേണം എന്നത് 50000 രൂപയായി ഉയര്‍ത്തി.
*അഞ്ച് ലക്ഷം രൂപയോ അതിലധികമോ മൂല്യമുള്ള സ്ഥാവര വസ്തുക്കളുടെ വില്‍പനയും വാങ്ങലും സംബന്ധിച്ച ഇടപാടുകള്‍ക്ക് പാന്‍ വേണം എന്നത്് 10 ലക്ഷം രൂപയായി ഉയര്‍ത്തിയിരിക്കുന്നു.

ചില വിശദീകരണങ്ങള്‍

*രണ്ടു ലക്ഷം രൂപയ്ക്ക് മുകളില്‍ വരുന്ന ബില്ലുകളില്‍ കാണിച്ചിരിക്കുന്ന പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ ശരിയാണെന്ന് 114 സി ചട്ട പ്രകാരം ബില്‍ നല്‍കുന്നയാള്‍ ഉറപ്പാക്കണം.
*ആദായനികുതി വിധേയ വരുമാനമില്ലാത്ത, പ്രായപൂര്‍ത്തിയാവാത്ത ഒരു വ്യക്തി ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിന് അപേക്ഷ നല്‍കുമ്പോള്‍ രക്ഷിതാക്കളുടെ പാന്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ മതിയാകും.
*പെര്‍മനെന്റ് അക്കൗണ്ട് നമ്പര്‍ ലഭിക്കാത്ത ഒരു വ്യക്തി ഇടപാടുകളുടെ വിശദവിവരങ്ങള്‍ ഫോറം 60ല്‍ നല്‍കണം.
*അഭിഭാഷകന്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, ആര്‍ക്കിടെക്റ്റ്, അഭിനേതാവ്, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ക്ക് പ്രതിഫലം നല്‍കുമ്പോഴും പാന്‍ നമ്പര്‍ രേഖപ്പെടുത്തണം.
*വ്യക്തികള്‍ക്ക് രണ്ടര ലക്ഷം രൂപ വരെയാണ് ആദായനികുതി ഒഴിവ്. 60 കഴിഞ്ഞ പൗരന്മാര്‍ക്ക് മൂന്നു ലക്ഷവും 80 തികഞ്ഞ പൗരന്‍മാര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയുമാണ് ഒഴിവു നല്‍കിയിരിക്കുന്നത്.
*വിദേശ തീര്‍ത്ഥാടനത്തിന് ഉണ്ടായിരുന്ന നികുതി ഒഴിവ് പുതിയ ചട്ടത്തില്‍ കാണുന്നില്ല. അയല്‍ രാജ്യങ്ങളായ നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക,ബംഗ്ലദേശ്, ഭൂട്ടാന്‍, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴും സൗദി അറേബ്യയിലേക്ക് ഹജ് കര്‍മ്മത്തിനായി പോകുമ്പോഴും, ചൈനയിലെ കൈലാഷ് മാനസരോവറിലേക്ക് തീര്‍ത്ഥയാത്ര നടത്തുമ്പോഴും പാന്‍ നമ്പര്‍ ആവശ്യമില്ല എന്നായിരുന്നു മുന്‍പത്തെ ചട്ടത്തിലുണ്ടായിരുന്നത്.


സ്രോതസില്‍ നിന്നും നികുതി കുറയ്ക്കുമ്പോഴും നികുതി ശേഖരിക്കുമ്പോഴും പാന്‍ നമ്പര്‍ രേഖപ്പെടുത്തല്‍

*സ്രോതസില്‍ നിന്നും നികുതി കുറച്ച ശേഷം തുക നല്‍കിയ വ്യക്തി 16, 16A,16AA,24Q,26Q,27Q എന്നീ ബാധകമായ ഫോറത്തില്‍ സര്‍ട്ടിഫിക്കറ്റ്  നല്‍കുമ്പോള്‍ പെര്‍മനെന്റ് അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തണം.
*206(C) വകുപ്പ് പ്രകാരം വില്‍പന നടത്തുമ്പോള്‍ വിലയ്ക്കു വാങ്ങുന്ന വ്യക്തിയില്‍ നിന്നു നികുതി ശേഖരിച്ച ശേഷം 206(C) വകുപ്പ് പ്രകാരം സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോഴും സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യുമ്പോഴും പാന്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തിയിരിക്കണം.

No comments:

Post a Comment