മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ലോക പ്രശസ്തി ആര്‍ജിച്ചത് തന്നെ നിലമ്പൂര്‍ തേക്കിന്റെ പേരിലാണ്. നിലമ്പൂര്‍ തേക്കിനാകട്ടെ സഹസ്രാബ്ദങ്ങളുടെ പെരുമയുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളത്തിലെത്തിയ വ്യാപാരികള്‍ കുരുമുളകിനും മുന്‍പ് തേക്ക് വാങ്ങിയിരുന്നുവെന്നാണ് ചരിത്രം. മലയാളത്തില്‍ തേക്ക് എന്നത് തെക്ക് നിന്നു വന്ന മരം എന്നര്‍ത്ഥത്തിലാണ്.ഏകദേശം 50 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന നിലമ്പൂര്‍ തേക്ക് മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉത്പന്നങ്ങളിലൊന്നാണ്. നിലമ്പൂര്‍ മേഖലയിലെ ഇലപൊഴിയും കാടുകളില്‍ ധാരാളമായി വളരുന്ന മലബാര്‍ തേക്ക് അഥവാ നിലമ്പൂര്‍ തേക്കിന്റെ വാര്‍ഷിക വളയങ്ങളും ഗന്ധവും പേരുകേട്ടതാണ്.
1948ല്‍ കോഴിക്കോട്ടെ കാപ്പാട് കടപ്പുറത്ത് കപ്പലിറങ്ങിയ പോര്‍ച്ചുഗീസ് നാവികന്‍ വാസ്‌കോഡ ഗാമ തിരിച്ചു പോകാനുള്ള കപ്പലിന്റെ കൊടിമരം നിര്‍മിച്ചത് നിലമ്പൂര്‍ തേക്കുപയോഗിച്ചാണെന്നത് ശ്രദ്ധേയമാണ്. വാസ്‌കോഡ ഗാമയ്ക്ക് തേക്ക് നല്കിയതിന്റെ രേഖ ഇന്നും നിലമ്പൂര്‍ കോവിലകത്ത് ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ഒരു ക്യുബിക് മീറ്ററിന് രണ്ടര ലക്ഷം രൂപ വരെ നിലമ്പൂര്‍ തേക്കിന് ലഭിച്ചിട്ടുണ്ട്.
ബ്രിട്ടനില്‍ ബക്കിംഗ് ഹാം കൊട്ടാരത്തിന് മോടി പിടിപ്പിച്ചതും ബ്രിട്ടന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന 150 വര്‍ഷം പഴക്കമുള്ള ടിങ്കോമാലി എന്ന യുദ്ധ കപ്പല്‍ നിര്‍മിച്ചതും നിലമ്പൂര്‍ തേക്ക് ഉപയോഗിച്ചാണ്. എന്തിനേറെ, ആഢംബര കാറുകളുടെ രാജാവായ ബ്രിട്ടനിലെ റോള്‍സ് റോയിസിന്റെ ഉള്‍വശം രാജകീയമാക്കാന്‍ വരെ നിലമ്പൂര്‍ തേക്ക് വേണ്ടി വന്നു.
ബ്രിട്ടനില്‍ ബക്കിംഗ് ഹാം കൊട്ടാരത്തിന് മോടി പിടിപ്പിച്ചതും ബ്രിട്ടന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന 150 വര്‍ഷം പഴക്കമുള്ള ടിങ്കോമാലി എന്ന യുദ്ധ കപ്പല്‍ നിര്‍മിച്ചതും നിലമ്പൂര്‍ തേക്ക് ഉപയോഗിച്ചാണ്. എന്തിനേറെ, ആഢംബര കാറുകളുടെ രാജാവായ ബ്രിട്ടനിലെ റോള്‍സ് റോയിസിന്റെ ഉള്‍വശം രാജകീയമാക്കാന്‍ വരെ നിലമ്പൂര്‍ തേക്ക് വേണ്ടി വന്നു.
ബ്രിട്ടീഷ് ഇന്ത്യയിലെ മലബാര്‍ ഗവര്‍ണറായിരുന്ന എച്ച് വി കനോലിയാണ് നിലമ്പൂര്‍ തേക്കുകളുടെ സംരക്ഷണാര്‍ത്ഥം മുന്‍കൈ എടുത്തത്. അഞ്ച് കോടി രൂപയിലധികം വിലമതിക്കുന്ന നൂറ്റി ഇരുപതോളം തേക്കുകളാണ് ഇന്ന് കനോലി പ്ലോട്ടില്‍ സ്ഥിതി ചെയ്യുന്നത്. കനോലി പ്ലോട്ടിലെ തൂക്കുപാലത്തില്‍ നിന്ന് താഴോട്ടു നോക്കിയാല്‍ ചാലിയാര്‍ പുഴ കാണാന്‍ സാധിക്കും. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്ക് എന്ന് ചരിത്രം മുദ്രകുത്തിയ 46.5 മീറ്റര്‍ നീളമുള്ള 'കന്നിമാരി' കനോലി പ്ലോട്ടിന്റെ ഓരോ ശ്വാസനിശ്വാസങ്ങളിലും സദൃശ്യമാണ്.
കനോലിയുടെ നിര്‍ദേശ പ്രകാരമാണ് 1840ല്‍ നിലമ്പൂരിലെ ആദ്യ തേക്ക് തോട്ടം വെച്ചുപിടിപ്പിച്ചത്. കനോലി പ്ലോട്ട് എന്ന പേരിലറിയപ്പെടുന്ന ഈ തോട്ടമാകാം ലോകത്തിലെ ആദ്യ വാണിജ്യാടിസ്ഥാനത്തിലെ തേക്ക് തോട്ടം. 1500 ഏക്കറില്‍ തേക്കിന്‍ തൈകള്‍ നട്ടുപിടിപ്പിച്ചു. 1933ല്‍ ചാലിയാര്‍ തീരത്തെ 14.8 ഏക്കര്‍ സ്ഥലത്തെ തേക്കിന്‍ തോട്ടം സംരക്ഷിത പ്ലോട്ടാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രണ്ടാം ലോക മഹായുദ്ധ വേളയില്‍ 9.1 ഏക്കര്‍ സ്ഥലത്തെ തേക്കു തടികള്‍ യുദ്ധാവശ്യങ്ങള്‍ക്കും സഖ്യ സൈനികര്‍ക്ക് നല്കാനായും ബ്രിട്ടീഷുകാര്‍ മുറിച്ചു കടത്തിയെങ്കിലും ബാക്കിയുള്ള 5.7 ഏക്കര്‍ സ്ഥലത്ത് 119 തേക്കു മരങ്ങള്‍ ഇന്നും നിലനില്ക്കുന്നുണ്ട്. മലയോര വികസനത്തിന് പാതയൊരുക്കിയ നിലമ്പൂര്‍ റെയില്‍വേക്ക് നിമിത്തമായതും തേക്കിന്‍ സമ്പത്ത് തന്നെ.
തേക്ക് മ്യൂസിയം
ലോകത്തിലെ തന്നെ ആദ്യത്തെ തേക്ക് മ്യൂസിയമാണ് നിലമ്പൂര്‍ തേക്ക് മ്യൂസിയം. തേക്കിന്റെ ചരിത്രപരമായ അടയാളങ്ങള്‍ സംരക്ഷിക്കുന്നതിന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ കീഴില്‍ 1995ലാണ് തേക്ക് മ്യൂസിയം ആരംഭിച്ചത്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ടൗണില്‍ നിന്നും ഊട്ടി റോഡിലൂടെ നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിലെത്താന്‍ കഴിയും. ഇന്ന് മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഈ മ്യൂസിയം. ജൈവ ഉദ്യാനവും ശലഭ ഉദ്യാനവും തേക്ക് മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്. തേക്കുകളുമായി ബന്ധപ്പെട്ട ചരിത്രം, ആവാസവ്യവസ്ഥ, തേക്കിന്റെ ഉപയോഗങ്ങള്‍, പഠനങ്ങള്‍ തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചാര്‍ട്ടുകളും ചിത്രങ്ങളും ദൃശ്യ സംവിധാനങ്ങളും തേക്ക് മ്യൂസിയത്തില്‍ ഉണ്ട്. തേക്ക് ശില്പങ്ങളും തേക്കുകളെ പറ്റി കലാപരവും ശാസ്ത്രപരവും ചരിത്രപരവുമായ വിവരങ്ങളും മ്യൂസിയത്തിലുള്‍ക്കൊള്ളുന്നു.
No comments:
Post a Comment