Breaking

Sunday, 21 October 2018

വനിതാ സംരംഭകർക്കായ് കുടുംബശ്രീയുടെ ‘സമഗ്ര’ പദ്ധതി,സബ്സിഡിയോടെ വായ്പ


വനിതാ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിന് എന്നും മുന്നിലാണ് കുടുംബശ്രീ. 1999 ൽ ഗ്രാമീണ മേഖലയിലെ ദാരിദ്ര നിർമാർജനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി വളരെ വേഗത്തിലാണ് ജനശ്രദ്ധ നേടിയത്. ഇന്ന് കുടുംബശ്രീക്ക് കീഴിൽ ഐ ടി സ്ഥാപനങ്ങൾ മുതൽ കൺസ്ട്രക്ഷൻ കമ്പനിവരെയുണ്ട്. വനിതാ ശാക്തീകരണത്തെ മുൻനിർത്തി ഇത്തരത്തിൽ പദ്ധതികൾ ആവിഷ്കരിക്കുന്ന മറ്റൊരു സംഘടനയിൽ.
മേൽപ്പറഞ്ഞ പോലെ വനിതാ ശാക്തീകരണത്തെ മുൻനിർത്തി 2017 ൽ തുടക്കമിട്ട പദ്ധതിയാണ് സമഗ്ര. മൃഗസംരക്ഷണ പ്രവർത്തനങ്ങൾ വഴി സംരംഭകത്വവും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ‘സമഗ്ര’. ആടുഗ്രാമം, ക്ഷീരസാഗരം, മാംസസുരക്ഷാ പദ്ധതി, അടുക്കളത്തോട്ട മുട്ടക്കോഴി പരിപാലനം, താറാവ് വളർത്തൽ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്.
2014ൽ നടപ്പാക്കിയ സമാനമായ പദ്ധതി പൂർണ വിജയമാകുകയും ഇതിലൂടെ 68 ലക്ഷം രൂപയുടെ സബ്സിഡി നൽകുകയും ചെയ്തതോടെയാണ് അടുത്ത പദ്ധതിക്കു തുടക്കമാവുന്നത്. മൃഗപരിപാലനത്തിൽ തല്പരരായ സ്ത്രീകൾക്ക് ഈ പദ്ധതികളുടെ ഭാഗമായി മികച്ച വരുമാനം നേടാനാകും.കോട്ടയം ജില്ലയിൽ മാത്രം 45 ആടുഗ്രാമം, 23 ക്ഷീരസാഗരം, 20 മുട്ടക്കോഴി വളർത്തൽ ഗ്രൂപ്പുകൾ തുടക്കം മുതൽ ഉണ്ട്.

പദ്ധതിയുടെ ഭാഗമാകാൻ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം . കുടുംബശ്രീ യൂണിറ്റുകൾ മുഖേന അപേക്ഷ നൽകുന്നവരുടെ വീടുകളിൽ പരിശീലകരെത്തി പ്രവർത്തനങ്ങൾ പരിശോധിക്കും. പരിശീലനം നൽകും. അതിനുശേഷം ഇവരെ സമഗ്രയിൽ ഉൾപ്പെടുത്തും. സബ്സിഡിയോടെയാണ് വായ്പ ലഭ്യമാക്കുന്നത് .
ആടുഗ്രാമം പദ്ധതിക്ക് 50,000 രൂപ വരെ സബ്സിഡി ലഭിക്കും.ക്ഷീരസാഗരം പദ്ധതിക്ക് 2.18 ലക്ഷം രൂപ വരെയും മാംസസുരക്ഷാ പദ്ധതിക്ക് 50,000 രൂപ വരെയും സബ്‌സിഡി ലഭ്യമാണ്. മുട്ടക്കോഴി വളർത്തൽ നടത്താൻ താല്പര്യമുള്ളവർക്ക് 25,000 രൂപയും താറാവ് വളർത്തലിന് 20,000 രൂപയും സബ്സിഡിയായി ലഭിക്കും

No comments:

Post a Comment