Breaking

Sunday, 14 October 2018

ജങ്ക് ഫുഡ് ശീലമാക്കിയവരാണോ നിങ്ങള്‍? എങ്കില്‍ ഒന്നോര്‍ക്കുക പിന്മാറ്റം എളുപ്പമല്ല, ജങ്ക് ഫുഡിന്റെ അഡിക്ഷന്‍ സ്വഭാവം മയക്കുമരുന്നിന് തുല്യമെന്ന് പഠനം

ജങ്ക് ഫുഡ് കഴിക്കുന്നത് ശീലമാക്കിയവരാണ് യുവതലമുറ. രുചിയും മണവും കൊണ്ട് കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് ബര്‍ഗറും പിസ്സയും ഉള്‍പ്പെടെയുള്ള ജങ്ക് ഫുഡുകള്‍. എന്നാല്‍ ഇവ ശീലമാക്കിയവര്‍ക്ക് അതില്‍ നിന്നുളള പിന്മാറ്റം അത്ര എളുപ്പമല്ലെന്നാണ് പഠനങ്ങള്‍. കാരണം ഇവയുടെ അഡിക്ഷന്‍ സ്വഭാവം തന്നെ.
ജങ്ക് ഫുഡിന്റെ അടിമത്വ സ്വഭാവം മയക്കുമരുന്നിനും പുകവലിക്കും തുല്യമാണെന്ന് പഠനം പറയുന്നു. അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തിലാണ്  ജങ്ക് ഫുഡില്‍ നിന്നുള്ള മോചനം അത്ര എളുപ്പമല്ലെന്ന് വ്യക്തമാക്കുന്നത്.
മയക്കുമരുന്ന്, പുകവലി എന്നീ ദുശ്ശീലങ്ങളില്‍ അടിമപ്പെട്ടവര്‍ പെട്ടന്നൊരു ദിവസം ഇത് നിര്‍ത്തിയാലുണ്ടാകുന്ന മാനസിക,ശാരീരിക സമ്മര്‍ദ്ദത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഇതുപോലെ തന്നെയാണ് ജങ്ക് ഫുഡിന്റെ കാര്യത്തിലും സംഭവിക്കുന്നതെന്ന് പഠനം പറയുന്നു. ബര്‍ഗര്‍, പിസ്സ, തുടങ്ങിയ ഫുഡുകളൊക്കെ കഴിക്കുന്നവര്‍ പെട്ടന്നൊരു ദിവസം ഇത് നിര്‍ത്തിയാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും ശാരീരിക അസ്വസ്ഥതകളും ഉണ്ടാക്കുമെന്ന് പഠനം പറയുന്നു.  ജങ്ക് ഫുഡ് ശീലമാക്കിയവര്‍  അത് പെട്ടന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് രണ്ട് ദിവസം കടുത്ത തലവേദന, മാനസിക സമ്മര്‍ദ്ദം, അസ്വസ്ഥത  തുടങ്ങിയവ അനുഭവപ്പെട്ടതായി പഠനത്തില്‍ പറയുന്നു.
കുടുതല്‍ ഉപ്പ് അടങ്ങിയതും, മധുരമടങ്ങിയതുമായ ചിപ്‌സ്, കുക്കീസ് തുടങ്ങിയവ ശീലമാക്കിയവര്‍ പെട്ടന്ന് ഇത് ഒഴിവാക്കിയാല്‍ കടുത്ത ശാരീരിക പ്രശ്‌നങ്ങളും മാനസിക ദൗര്‍ബല്യങ്ങളും സംഭവിക്കാം. ഇത്തരത്തിലുള്ള റെഡിമെയ്ഡ് ഫുഡുകള്‍ വില കൊടുത്തു വാങ്ങുന്നവര്‍ ഉത്കണ്ഠ, ഉറക്കമില്ലായ്മ, തലവേദന, മൂഡ് ചെയ്ഞ്ച് തുടങ്ങിയ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളും കൂടിയാണ് വിലകൊടുത്ത് വാങ്ങുന്നത്.
മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ 231 മുതിര്‍ന്ന ആളുകളെയാണ് പഠനത്തിന്റെ ഭാഗമയി നിരീക്ഷണ വിധേയരാക്കിയത്. ജങ്ക് ഫുഡ് ശീലമാക്കിയ ഇവര്‍ പെട്ടന്നൊരു ദിവസം ജങ്ക് ഫുഡ് ഒഴിവാക്കി. അഞ്ച് ദിവസം ഇവരെ നിരീക്ഷിച്ചു. രണ്ട് ദിവസം ഇവര്‍ക്ക് രൂക്ഷമായ മാനസിക സമ്മര്‍ദ്ദവും ശാരീരിക പ്രശ്‌നങ്ങളും അനുഭവപ്പെട്ടു. പിസ്സയും ഫ്രൈ ചെയ്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ഒഴിവാക്കിയവര്‍ക്ക് വിഷാദം, അസ്വസ്ഥത, തളര്‍ച്ച, തലവേദന, മാനസിക പിരിമുറുക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു. നിരന്തരമുള്ള പരിശ്രമത്തിലൂടെ പിന്നിട് നേരിയ രീതിയില്‍ ഇത് കുറഞ്ഞു വരുമെന്നും പഠനം പറയുന്നു.

No comments:

Post a Comment