മലയാളിക്ക് ആനയില്ലാതെ പൂരമില്ല. പൂരക്കാലം തുടങ്ങിയതോടെ ആനയിടയിലും തുടങ്ങി. കഴിഞ്ഞ മൂന്നു മാസത്തിനിടക്ക് കേരളത്തിൽ നൂറിനടുത്ത് ആനകൾ ഇടഞ്ഞു. അപകടം സംഭവിക്കും മുൻപ് പലതിനെയും വിദഗ്ദരായ പാപ്പാന്മാർ തളച്ചു. കഴിഞ്ഞ ഒരു മാസത്തിനിടക്ക് ആറിടത്താണ് ആന ഇടഞ്ഞത്. മൂന്നിടത്ത് പാപ്പാനെ കുത്തിക്കൊല്ലുകയും ചെയ്തു. എന്നിരുന്നാലും മലയാളിക്ക് ആനയില്ലാതെ ഒരു പൂരമില്ല. കാരണം ആന മലയാളിയുടെ ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായിക്കഴിഞ്ഞു.
ആന ഇടയൽ സ്ഥിരം വാർത്തയായി മാറുന്ന ഇക്കാലത്ത് ഇടഞ്ഞ ആനയെ നിമിഷങ്ങൾക്കകം തളക്കാൻ കഴിയുന്ന ഓട്ടോമാറ്റിക് ബ്രേക്ക് സംവിധാനം പരിചയപ്പെടുത്തുകയാണ് തൃശൂർ സ്വദേശിയും സംരംഭകനുമായ സുരേഷ്. ആനയുടെ കാലിൽ പാപ്പാന് കൈ കൊണ്ട് ഘടിപ്പിക്കാൻ കഴിയുന്ന ബ്രേക്ക് പിടിപ്പിച്ചാണ് ആനയെ തളക്കുന്നത്.
ആനയുടെ പിന്കാലിൽ ഘടിപ്പിച്ചിരിക്കുന്ന ബെൽറ്റിന്റെ നിയന്ത്രണം ആനപ്പുറത്തിരിക്കുന്ന വ്യക്തിയുടെ കയ്യിൽ ആയിരിക്കും. ആന എന്തെങ്കിലും പ്രശ്നം കാണിക്കുകയോ ഓടാൻ ശ്രമിക്കുകയോ ചെയ്‌താൽ, ആനപ്പുറത്തിരിക്കുന്ന വ്യക്തിക്ക് പിന്കാലിലെ ബ്രേക്ക് സംവിധാനം പ്രവർത്തിപ്പിക്കാം. അതോടെ കാലുകളെ തമ്മിൽ ബന്ധിപ്പിച്ച ബെൽറ്റ് മുറുകുകയും ആനക്ക് ഓടാൻ കഴിയാതെ വരികയും ചെയ്യുന്നു.
സുരേഷിന്റെ ആന ബെൽറ്റ് ആന ഉടമസ്ഥർക്കും ഏറെ ബോധിച്ചിട്ടുണ്ട്. ചങ്ങലയെക്കാൾ എന്തുകൊണ്ടും മികച്ചതാണ് എന്ന് ആന വിദഗ്ദർ തന്നെ പറയുന്നു. പ്രത്യേകിച്ച് മദപ്പാട്കാലത്ത് ഉപയോഗിക്കുകയും ചെയ്യാം. 15000 രൂപയാണ് എലെഫന്റ്റ് ബ്രേക്കിന്റെ വില. ആവശ്യക്കാർ വർധിക്കുന്നതനുസരിച്ച് വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാനാണ് സുരേഷിന്റെ തീരുമാനം.
”സർക്കാരിന്റെ ഭാഗത്തു നിന്നുള്ള പിന്തുണ കൂടി ലഭിക്കുകയാണ് എങ്കിൽ എത്രയും പെട്ടന്ന് വ്യാവസായികാടിസ്ഥാനത്തിൽ ബെൽറ്റ് നിർമാണം ആരംഭിക്കും. പല സ്ഥലങ്ങളിലും ആനകളിൽ പരീക്ഷിച്ചു നോക്കി വിജയിച്ച ഒരു മാതൃകയാണ് ഇത് എന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ഞാൻ ഈ പ്രൊജക്റ്റിനെ നോക്കികാണുന്നത്. പ്രോജക്റ്റ് വനം മന്ത്രിക്ക് സമർപ്പിക്കുന്നുണ്ട്. ഒന്നര ലക്ഷം രൂപയോളം ചെലവാക്കിയാണ് ഞാൻ ഈ ബെൽറ്റ് വികസിപ്പിച്ചെടുത്തത്. ആന മുതലാളിമാരിൽ നിന്നും പാപ്പാന്മാരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് ” സുരേഷ് പറയുന്നു
എലെഫന്റ്റ് ഓണേഴ്‌സ് അസോസിയേഷൻ , മൃഗ ഡോക്റ്റർമാർ എന്നിവരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സർക്കാരിന്റെ പിന്തുണയുണ്ടെങ്കിൽ മികച്ച രീതിയിൽ ആനകളെ പൂരത്തിന് എഴുന്നെള്ളിക്കാൻ കഴിയുകയും സുരക്ഷാ ഉറപ്പു വരുത്താൻ കഴിയുകയും ചെയ്യും.
No comments:
Post a Comment