Breaking

Monday, 15 October 2018

തൊഴിലന്വേഷകര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി ദുബായിലെ ഹോട്ടല്‍


ദുബായ് : നിങ്ങള്‍ ദുബായില്‍ അതിവസിക്കുന്ന തൊഴില്‍ അന്വേഷകനാണോ.? എങ്കില്‍ നിങ്ങള്‍ക്ക് ഇവിടെ നിന്ന് സൗജന്യമായി ഭക്ഷണം ലഭിക്കും. ദുബായിലെ സിലിക്കണ്‍ ഒയാസിസിലെ കെബാബ് ഹോട്ടലിന് മുന്നിലുള്ള ബോര്‍ഡിലെ വാചകങ്ങളാണിവ. ഇതൊരു പരസ്യ വാചകമല്ല, മറിച്ച് ആ കടയുടമയുടെ ഹൃദയത്തില്‍ നിന്നുള്ള കാരുണ്യ വാക്കുകളാണ്.
“ഇതൊരു ഔദാര്യമായി കാണേണ്ടതില്ല, നിങ്ങളുടെ കയ്യില്‍ പണമുള്ളപ്പോള്‍ ഞങ്ങള്‍ക്ക് തിരികെ തന്നാല്‍ മതി” എന്നാണ് അതിലെ അവസാന വാചകങ്ങള്‍. ജീവിത ചിലവുകള്‍ ഏറ്റവും കൂടുതലുള്ള ഗള്‍ഫ് നഗരങ്ങളില്‍ ഒന്നാണ് ദുബായ്. ഈ സാഹചര്യത്തില്‍ വരുമാനമില്ലാതെ ഒരാള്‍ക്ക് ദിവസങ്ങള്‍ തള്ളിനീക്കാനുള്ള പ്രയാസം നേരിട്ടറിയാവുന്ന പാക്ക് – കനേഡിയന്‍ സംരംഭകനായിട്ടുള്ള കമാല്‍ റിസ്വിയുടെതാണ് ഈ വാഗ്ദാനം.
മലയാളികളടക്കം നിരവധി പേരാണ് ഇതിനോടകം തന്നെ ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് എത്തുന്നത്. ജോലി സമ്പാദിച്ച ശേഷം നിരവധി ആളുകള്‍ പണം നല്‍കുവാനായി ഇവിടെ എത്തുന്നുമുണ്ട്.
പദ്ധതിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഒരുപാട് ആളുകളുടെ വിശപ്പകറ്റാന്‍ ഇതുവഴി തനിക്ക് സാധിക്കുന്നു എന്നതില്‍ ഏറെ സംതൃപ്തനാണ് താനെന്നും കടയുടമ കമാല്‍ റിസ്വി പറഞ്ഞു.

No comments:

Post a Comment