Breaking

Thursday, 4 October 2018

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രവാസിയില്‍ തുടക്കം, പറ്റിക്കല്‍ പരമ്പരയില്‍ യുവതിക്ക് ഇരയായത് 15 യുവാക്കള്‍ ; തട്ടിയത് മുക്കാല്‍കോടി, ജൂവലറിയും ധനകാര്യ ബിസിനസും വിവാഹം വരെ തട്ടിപ്പിന് ആയുധം


കുന്നംകുളം: ഫെയ്‌സ്ബുക്ക് ചാറ്റിങ്ങിലൂടെ ജുവലറിയും െഫെനാന്‍സ് സ്ഥാപനവും ആരംഭിക്കാമെന്നു പറഞ്ഞു പറ്റിച്ചു 75 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. തിരുവനന്തപുരം പോത്തന്‍കോട് ആണ്ടൂര്‍ കോണം വെള്ളാകൊള്ളി വീട്ടില്‍ പ്രിയ(30)യെയാണ് പിടിയിലായത്.


ചൂണ്ടല്‍ പഞ്ചായത്തിലെ വെട്ടുകാട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു യുവതി പറ്റിച്ചത് 15 ലധികം പുരുഷന്മാരെയായിരുന്നു. ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന തൃശൂര്‍ മുണ്ടൂര്‍ കിരാലൂര്‍ സ്വദേശി അനില്‍കുമാറുമായി ഫെയ്‌സ്ബുക്ക് ചാറ്റിങ് വഴി പരിചയപ്പെട്ടശേഷമാണ് പ്രിയ തട്ടിപ്പ് ആരംഭിച്ചത്. ഒരുവര്‍ഷത്തെ ചാറ്റിങ് പരിചയം വഴി ഇരുവരും തമ്മില്‍ ഉറച്ച ബന്ധമായി. വാചകമടിച്ച് പ്രവാസിയെ വീഴ്ത്തിയ പ്രിയ താന്‍ മൂന്നു അനാഥ കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുകയാണെന്നാണ് ധരിപ്പിച്ചിരുന്നത്. മഹനീയ മനസിന്റെ ഉടമയാണ് പ്രിയയെന്ന് അറിഞ്ഞപ്പോള്‍ പ്രവാസിയ്ക്ക് പ്രിയയോടുള്ള ബഹുമാനം കൂടി. തുടര്‍ന്ന സന്നദ്ധ പ്രവര്‍ത്തനത്തിനായി ചെറിയ സഹായങ്ങള്‍ ഇയാളില്‍ നിന്നും കൈപ്പറ്റി.

ഫെയ്സ്ബുക്കില്‍ നിന്ന് വാട്സാപ്പിലേക്ക് സൗഹൃദം മാറിയതോടെ കുന്നംകുളത്ത് ഒരു ജ്വല്ലറി തുടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. പതിനഞ്ചു വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയായിരുന്ന പ്രവാസി ഇതു സമ്മതിച്ചു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ചൂണ്ടലില്‍ ആരംഭിക്കുന്ന ജുവലറി ബിസിനസ് പങ്കാളിത്തത്തോടെ നടത്താനും യുവതിക്ക് അനില്‍കുമാര്‍ ആദ്യഘട്ടം 21 ലക്ഷം രൂപ നല്‍കി. കുന്നംകുളത്ത് മുറി വാടകയ്ക്കെടുത്തു. പ്രവാസി വന്നു നോക്കുമ്പോള്‍ പ്രിയ ജ്വല്ലറിയെന്ന ബോര്‍ഡ്. പിന്നെ, ഇന്റീരിയര്‍ വര്‍ക്കുകള്‍ നടക്കുന്നു.

പിന്നീട് അനില്‍കുമാറിന്റെ മരുമകന്‍ പാലക്കാട് പെരിങ്ങോട് സ്വദേശി സന്തോഷിനെ ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് 18 ലക്ഷവും സന്തോഷിന്റെ ഭാര്യ സൗമ്യയില്‍ നിന്നു 75000 രൂപയും യുവതി തട്ടിയെടുത്തു. അനില്‍കുമാറിന്റെ ബന്ധുവായ വരന്തരപ്പിള്ളി സ്വദേശി ജഗനില്‍നിന്ന് ജൂവലറി പാര്‍ട്ണര്‍ഷിപ്പിന്റെ പേരില്‍ ഏഴ് ലക്ഷം രൂപയും സന്തോഷിന്റെ സഹോദരനും കെ.എസ്.ഇ.ബി. ജീവനക്കാരനായ പെരുമ്പിലാവ് സ്വദേശി സംഗീതില്‍നിന്ന് അഞ്ചുലക്ഷം രൂപയും ജൂവലറിയില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് പെരുമ്പിലാവ് സ്വദേശിയായ ബന്ധുവില്‍ നിന്ന് 75,000 രൂപയും യുവതി തട്ടിയെടുത്തു. ഇന്റീരിയര്‍ ജോലികള്‍ ഏറ്റെടുത്ത യുവാവായിരുന്നു പിന്നത്തെ ഇര.
ചൂണ്ടലില്‍ ധനകാര്യ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് ഈ യുവാവിനെ പറഞ്ഞു ധരിപ്പിച്ചു. പാറന്നൂരില്‍ ആരംഭിക്കുന്ന ഫിനാന്‍സ് സ്ഥാപനത്തില്‍ ബിസിനസ് പങ്കാളികളാക്കാമെന്ന് പറഞ്ഞ് 12 ലക്ഷം രൂപയും യുവതി തട്ടി. യുവാക്കളെ വിശ്വസിപ്പിക്കാനായി പാറന്നൂരിലെ ഒരു സ്വകാര്യ വ്യവസായ സ്ഥാപന കെട്ടിടത്തിലെ മുറിയില്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ ബോര്‍ഡും സ്ഥാപിച്ചിരുന്നു. ഇന്റീരിയര്‍ പണിക്കു വന്ന അഞ്ചു യുവാക്കളോട് വാങ്ങിയത് ലക്ഷങ്ങളാണ്. െകെപ്പറമ്പ് പുത്തൂര്‍ സ്വദേശിയായ ശ്യാമില്‍ നിന്ന് ഏഴ് ലക്ഷം രൂപയും ജിഷ്ണു, ഡാനി എന്നിവരില്‍നിന്ന് ഒന്നരലക്ഷം രൂപ വീതവും തോളൂര്‍ സ്വദേശി റെനീഷ്, ചാവക്കാട് തിരുവത്ര സ്വദേശി ശരത്ത് എന്നിവരില്‍നിന്നും ഒന്നര ലക്ഷം രൂപ വീതവും പുത്തൂര്‍ സ്വദേശി വില്യംസില്‍ നിന്ന് 25000 രൂപയും ഫിനാന്‍സ് സ്ഥാപനത്തിന്റെ പേരില്‍ തട്ടിയെടുത്തിരുന്നു.
പണമില്ലാതെ വന്നതോടെ ഒരാള്‍ ഒന്നേമുക്കാല്‍ ലക്ഷം നല്‍കിയത് അമ്മയുടെ കെട്ടുതാലി മാല പണയപ്പെടുത്തിയായിരുന്നു. ഇങ്ങനെ, പതിനഞ്ചു പേരില്‍ നിന്നായപ്പോള്‍ പ്രിയയുടെ കയ്യിലെത്തിയത് 75 ലക്ഷം രൂപയാണ്. ധനകാര്യ സ്ഥാപനത്തില്‍ സ്ഥിരം സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് 75,000 രൂപയാണ് വാങ്ങിയത്. രണ്ടു മാസത്തെ ശമ്പളം ആദ്യം തരുമെന്ന് പറഞ്ഞ് സെക്യൂരിറ്റിക്കാരന്‍ നല്‍കിയ 75,000 ല്‍ നിന്ന് 40,000 രൂപ ശമ്പളയിനത്തില്‍ തിരിച്ചു നല്‍കി. സ്വന്തം കാശില്‍ നിന്ന് തന്നെയാണ് ഈ പണം കിട്ടുന്നതെന്ന് സെക്യൂരിറ്റിക്കാരന് മനസിലായില്ല.


ഭര്‍ത്താവ് ഉപേക്ഷിച്ച പ്രിയ മൂന്നുമക്കളുമായി കുന്നംകുളത്ത് വാടകവീട്ടിലായിരുന്നു താമസം. അനാഥരായ മൂന്നു മക്കളെ ദത്തെടുത്തു വളര്‍ത്തുകയാണെന്നായിരുന്നു നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. തിരുവനന്തപുരം വെ‍ഞ്ഞാറമൂടുകാരിയായ പ്രിയ അവിടെ, ധനകാര്യ സ്ഥാപനം തുടങ്ങി പൊളിഞ്ഞതോടെ അവിടെ നിന്നും മുങ്ങി ഗുരുവായൂര്‍ വെട്ടുക്കാടില്‍ എത്തുകയായിരുന്നു. ഇംഗ്ലിഷിലും ഹിന്ദിയിലും സംസാരിക്കാന്‍ കഴിവുള്ള പ്രിയയുടെ ആയുധം വാചകമടിച്ചു വീഴ്ത്താനുള്ള കഴിവാണ്. തട്ടിയെടുക്കുന്ന പണം ധൂര്‍ത്തടിക്കനാണ് ഉപയോഗിക്കുക. കാര്‍ വാടകയ്ക്കെടുത്ത് കറങ്ങും. നല്ല ഭക്ഷണം, ആഡംബര വസ്ത്രം. ഇങ്ങനെ പണം ധൂര്‍ത്തടിച്ച് തീര്‍ക്കും.
മുമ്പ് തട്ടിപ്പു കേസില്‍ തിരുവനന്തപുരത്ത് 30 ദിവസം ജയിലില്‍ കിടന്നിട്ടുള്ളയാളാണ് പ്രിയ. പിന്നെയാണ്, ധനകാര്യ സ്ഥാപനം നടത്തി മുങ്ങിയത്. പണം നല്‍കാനുണ്ടെന്ന ഒരു പരാതിയില്‍ കുന്നംകുളം പൊലീസ് വിളിച്ചപ്പോള്‍ വന്നില്ല. മുങ്ങി. ഇതോടെയാണ് പൊലീസിന് സംശയമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം പൊലീസിന്റെ പിടികിട്ടാപ്പുള്ളിയാണ് പ്രിയയെന്ന് അറിഞ്ഞത്.

പണം തട്ടിയ പ്രവാസിയെ വിവാഹതട്ടിപ്പിനും പ്രിയ ഇരയാക്കി. തിരുവനന്തപുരത്ത് തനിക്ക് തര്‍ക്കത്തില്‍ കിടക്കുന്ന കുറേ ഭൂമിയുണ്ടെന്നും ഈ ഭൂമി കിട്ടാന്‍ ഒരു വിവാഹ രേഖ വേണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്. ഭൂമി കിട്ടിയാല്‍ അതു വില്‍ക്കാമെന്നും അതില്‍ നിന്നും കിട്ടുന്ന വന്‍തുകയില്‍ പകുതി തരാമെന്നും വാഗ്ദാനം ചെയ്തതോടെ പ്രവാസി അതിനും സമ്മതിച്ചു. മകനോട് ഇക്കാര്യം പറഞ്ഞ പ്രവാസി ക്ഷേത്രത്തില്‍ വച്ച് പേരിനൊരു വിവാഹവും റജിസ്റ്റര്‍ ചെയ്തു. ഈ വിവാഹ രേഖ ഭാവിയില്‍ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നെന്നാണ് പോലീസ് ചോദിച്ചപ്പോള്‍ പറഞ്ഞത്.

ചൂണ്ടലില്‍ റെഡിമെയ്ഡ് ഷോപ്പ് നടത്തുന്ന ആര്‍ത്താറ്റ് കൂളിയാട്ടില്‍ വിബീഷിന്റെ പരാതിയില്‍ കുന്നംകുളം എ.സി.പി. സിനോജിന്റെ നിര്‍ദേശാനുസരണം സി.ഐ. കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. യു.കെ. ഷാജഹാന്‍, എ.എസ്.ഐ. ഗോപി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാബുരാജ്, ജാന്‍സി, ഗീത എന്നിവരടങ്ങുന്ന സംഘമാണ് യുവതിയെ പിടികൂടിയത്.

No comments:

Post a Comment