പ്രളയപ്പേടിയിൽ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന മലയാളികളുടെ മനസ്സിൽ ഒരു പിടി വസന്തം വാരിയിട്ടുകൊണ്ട് മൂന്നാറിൽ നീലക്കുറിഞ്ഞി തരംഗം. എന്താണീ നീലക്കുറിഞ്ഞി? സംഭവം കേട്ടിട്ടുണ്ടെങ്കിലും ശരിക്കും എന്താണെന്ന് അറിയാത്തവർ ഒത്തിരിയുണ്ടാകും.
പശ്ചിമഘട്ടത്തിലെ മലകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി(Strobilanthes kunthiana). 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 2018 മെയ് മാസങ്ങളിൽ നീലക്കുറിഞ്ഞിയുടെ വരവ് പ്രദീക്ഷിച്ചിരുന്നു എങ്കിലും മഴയുടെ കൂടുതൽ മൂലം സെപ്റ്റംബർ മാസത്തേക്ക് നീണ്ടു. മഴ കൂടുതൽ മൂലം ഏറ്റവും കൂടുതൽ കുറിഞ്ഞി പൂക്കുന്ന ഇരവികുളം പാർക്ക് സെപ്റ്റംബർ 04 നു ശേഷം ആണ് കുറിഞ്ഞി പൂത്തത് കാണാൻ തുറന്നു കൊടുത്തത്.
ഇതാ ഇത്തവണ നീലക്കുറിഞ്ഞി വീണ്ടും പൂത്തിരിക്കുകയാണ്. ഇത്തവണ കുറിഞ്ഞിയെ കാണുവാൻ സഞ്ചാരികൾക്ക് സൗകര്യമൊരുക്കിയിരിക്കുകയാണ് കെഎസ്ആർടിസിയും. നീലക്കുറിഞ്ഞി കാണാൻ വരുന്ന സന്ദർശകരുടെ വാഹനനത്തിരക്കും മറ്റും ഒഴിവാക്കാൻ പഴയ മൂന്നാറിൽ നിന്നും ഇരവികുളം നാഷണൽ പാർക്കിലേക്ക് കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവ്വീസുകൾ ഇപ്പോൾ ലഭ്യമാണ്.
സഞ്ചാരികളുടെ വാഹനങ്ങൾക്ക് പഴയ മൂന്നാറിലെ ഹൈ അൾട്ടിട്യൂഡ് സ്റ്റേഡിയത്തിലും ഹൈഡൽ ഉദ്യാനത്തിലും പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. രാജമലയിലേക്കുള്ള പാസുകൾ ഇവിടെ നിന്നും എടുക്കാവുന്നതാണ്. ഇവിടെ നിന്നുമായിരിയ്ക്കും കെഎസ്ആർടിസി ബസ്സുകൾ സ്പെഷ്യൽ സർവ്വീസ് നടത്തുക. കെഎസ്ആർടിസി ബസ്സിൽ അഞ്ചാം മൈലിലെ പ്രവർഷണ കവാടം വരെ പോകുവാൻ സഞ്ചാരികൾക്ക് സാധിക്കും. പിന്നീട് ഇവിടെ നിന്നും വനംവകുപ്പിന്റെ മിനി ബസ്സിലായിരിക്കും യാത്ര. കഴിഞ്ഞ ദിവസം ഈ റൂട്ടിൽ കെഎസ്ആർടിസിയുടെ ട്രയൽ റൺ നടത്തിയിരുന്നു.
നീലക്കുറിഞ്ഞി പൂത്തതോടെ മൂന്നാറിലേക്കും പ്രത്യേകിച്ച് രാജമലയിലേക്കും സഞ്ചാരികളുടെ കുത്തൊഴുക്കാണ് ഇപ്പോൾ. വിദേശികളും സ്വദേശികളും ഉൾപ്പടെയുള്ള സഞ്ചാരികളാണ് ദിനംപ്രതി മൂന്നാർ സന്ദർശിക്കുന്നത്. ഒരു ദിവസം രാജമലയിലേക്ക് 3500 സഞ്ചാരികളെയാണ് പ്രവേശിപ്പിക്കുന്നത്.
ഒറ്റയ്ക്കു കണ്ടാൽ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി. സീസണിൽ ഇവ ഒരു പ്രദേശത്ത് വ്യാപകമായി പൂത്തു നിൽക്കുന്നത് ഹൃദയാവർജകമായ കാഴ്ചയാണ്. നീലക്കുറിഞ്ഞി പൂക്കുന്നത് അശുഭകരമാണെന്നാണ് ചില ആദിവാസി വിഭാഗങ്ങളുടെ വിശ്വാസം. മറ്റു ചിലർ ഈ പൂക്കൾ മുരുകന് കാഴ്ചയായി അർപിക്കുന്നു. ഈ ചെടിക്കോ പൂവിനോ ഔഷധഗുണമുള്ളതായി കണ്ടെത്തിയിട്ടില്ല. പൂക്കാലം കഴിഞ്ഞ് അൽപനാളുകൾക്കു ശേഷം ഇവയിൽ നിന്ന് മുതുവാന്മാർ തേൻ ശേഖരിക്കാറുണ്ട്. ആദിവാസി വർഗമായ തോടർ പ്രായം കണക്കാക്കുന്നത് നീലക്കുറിഞ്ഞി പൂക്കുന്നതിൻറെ അടിസ്ഥാനത്തിലാണ്.
മൂന്നാറിനെ സംബന്ധിച്ച് കുറിഞ്ഞി പൂക്കുന്ന സമയം ടൂറിസം വികസന കാലം കൂടിയാണ്. ഇപ്പോൾ കേരള വനം വന്യജീവി വകുപ്പ് കുറിഞ്ഞിച്ചെടികളെ സംരക്ഷിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. കുറിഞ്ഞിപ്പൂക്കൾ കൂട്ടമായി നിൽക്കുന്നത് കണ്ട് ആവേശം തോന്നുന്നവർ ചെടി പറിച്ചുകൊണ്ട് പോയ പല സംഭവങ്ങളും ഉണ്ടാകാറുണ്ട്. 2006-ൽ, കുറിഞ്ഞി ചെടി പറിക്കുന്നത് ശിക്ഷാർഹമാക്കി.
No comments:
Post a Comment