Breaking

Wednesday, 22 August 2018

മോഹൻലാലിനും മമ്മൂട്ടിക്കും തുറന്ന കത്തുമായി ഐഎംഎ



തിരുവനന്തപുരം: ദുരിതബാധിതരെ ജീവിതത്തിലേയ്ക്ക് കരകയറ്റാൻ സൂപ്പര്‍സ്റ്റാറുകളുടെ സഹായം അഭ്യര്‍ത്ഥിച്ച് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ). പ്രളയദുരന്തത്തില്‍ സര്‍വവും നഷ്ടപ്പെട്ട് മാനസികമായി തളര്‍ന്ന സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സഹായം അഭ്യര്‍ത്ഥിച്ച് ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുൽഫിയാണ് രംഗത്ത് വന്നത്.

സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാംപുകളിൽ ഏകദേശം പത്ത് ലക്ഷത്തോളം പേരാണ് കഴിയുന്നത്. ഐഎംഎയുടെ ഗവേഷണ വിഭാഗത്തിന്റെ നിഗമനത്തില്‍ കേരളത്തില്‍ പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുവാനും അതോടൊപ്പം പലരും കടുത്ത മാനസിക സമ്മര്‍ദത്തിന് അടിമപ്പെട്ടവരാണെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് ഡോക്ടർ സുൽഫി പറയുന്നു. ഈ സാഹചര്യത്തില്‍ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സഹായം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഡോ. എന്‍. സുൽഫിയുടെ കുറിപ്പ്–

ലാലേട്ടനും മമ്മൂക്കയ്ക്കും ഒരു തുറന്ന കത്ത്

പ്രിയ ലാലേട്ടാ , മമ്മൂക്ക സുഖമാണെന്നു കരുതുന്നു. കേരളം എന്നും നെഞ്ചോടു ചേർത്തു പിടിക്കുന്ന കാലമാണ്‌ ഓണക്കാലം. കൂടെ വലിയ പെരുന്നാളും വരാറുണ്ട് ചില കൊല്ലങ്ങളിൽ. ഇക്കൊല്ലവും അതെ.

എന്നാൽ ഇക്കൊല്ലം വേറിട്ടൊരു ഓണക്കാലമാണ്. 10 ലക്ഷം ആൾക്കാർ ദുരിതാശ്വാസ ക്യാംപിൽ ആയിരുന്നു. കേരളം മുഴുവൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ. ഒരു നല്ല ശതമാനം സ്വന്തം വീടുകളിലേക്ക് പോയി. ബാക്കിയുള്ളവർ അതിന്റെ തയാറെടുപ്പിലാണ്. വീട് നഷ്ടപ്പെട്ടവർ അവിടെ തങ്ങാനാണ് സാധ്യത.

ഒരുപക്ഷേ ആദ്യ ദിവസങ്ങളിൽ കേരള തീരത്തിലെ മൽസ്യത്തൊഴിലാളികൾ ചെയ്ത ജീവൻ രക്ഷാപ്രവർത്തനങ്ങൾ ലോകം മുഴുവൻ അറിഞ്ഞിരുക്കുന്നു. ജീവൻ പണയംവച്ച് ജീവനുകൾ തിരിച്ചുപിടിച്ച ധീര ജവാന്മാരും രാജ്യത്തിനു അഭിമാനമാണ്. എല്ലാവരെയും പോലെ കേരളത്തിലെ ആയിരകണക്കിന് ഡോക്ടർമാരും ഐ.എം.എ യുടെ നേതൃത്വത്തിൽ ദുരിതാശ്വാസ മെഡിക്കൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ഐ.എം.എ യുടെ ഗവേഷണ വിഭാഗത്തിന്റെ നിഗമനത്തിൽ കേരളത്തിൽ പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. അതോടൊപ്പം ഇതിൽ പലരും കടുത്ത മാനസിക ആഘാതം നേരിടാൻ സാധ്യത ഉള്ളവരാണ്. പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ നാം ഒരുമിച്ച് നേരിടേണ്ടതുണ്ട്.

അപ്പൊ ഞാൻ പറഞ്ഞു വന്നത് , കേരളം എന്നും നെഞ്ചോടു ചേർത്തു പിടിച്ചിട്ടുള്ള നിങ്ങൾ രണ്ടു പേരും ഇതിൽ ഒന്നു പങ്കാളികളാകണം. നിങ്ങൾ ഇതിന് തുടക്കമിടുന്നത് മറ്റെല്ലാവർക്കും പ്രചോദനം ആകും.

ഈ ഓണക്കാലത്ത് എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ തൊട്ടടുത്ത മെഡിക്കൽ ക്യാംപുകളിലൊ പ്രളയബാധിതരുടെ വീടുകളിലോ ഒന്നു വരണം . ഒരു പാട്ട് പാടണം. പറ്റുമെങ്കിൽ ഒരു സദ്യ ഉണ്ണണം. ഒരല്പസമയം ചിലവഴിക്കണം. അവരെ ഒന്നു ചിരിപ്പിക്കണം. ഒന്നു സന്തോഷിപ്പിക്കണം.


മമ്മൂക്ക , ഒരുപക്ഷേ പകർച്ചവ്യാധികളിലേയ്ക്ക് അവർ പോകില്ലായിരിക്കാം. മലയാളിയുടെ വിദ്യാഭ്യാസ നിലവാരവും ആരോഗ്യ നിലവാരവും ,ചികിത്സ സംവിധാനങ്ങളും അവരെ അതിലേക്കു വിടാൻ തടസ്സം നിൽക്കും.

ലാലേട്ടാ , ഒരു പക്ഷേ അവരിൽ ഒരു നല്ല വിഭാഗം ചെറിയ തോതിലെങ്കിലും മാനസിക രോഗികൾ ആയേക്കുമോ എന്നു ഞങ്ങൾ ഭയക്കുന്നു.


അതുകൊണ്ടു ഒന്നു വരണം. ഞങ്ങളിൽ ആരെങ്കിലും എല്ലാ ക്യാംപിലും ഉണ്ടാകും. മാനസികരോഗ വിദഗ്ധർ ഉൾപ്പെടെ. നിങ്ങൾ തുടക്കമിടാൻ തുടങ്ങണം ഈ മാനസിക ആരോഗ്യ കൗണ്‍സിലിങ്‌.

കേരളത്തിന്റെ രണ്ട് വല്യേട്ടന്മാരും ആവശ്യപ്പെടണം ,എല്ലാവരും അതിനോട് ചേരാൻ. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉള്ള ഈ ചെറിയ വലിയ ചികിത്സയിൽ. അവരെ സന്തോഷിപ്പിക്കുന്ന ചെറിയ ചികിത്സയിൽ. ഈ കാലമൊക്കെയും ഇടനെഞ്ചിൽ നിങ്ങളെ ചേർത്തു പിടിച്ച മലയാളികളോടൊപ്പം നിൽക്കാൻ വരണം.

അപ്പൊ വരുമല്ലോ , സസ്നേഹം
ഡോ. സുൽഫി നൂഹു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.


No comments:

Post a Comment