മായം ചേര്‍ക്കലുകളുടെ ഈ കാലത്ത് മായമില്ലാത്ത ശുദ്ധമായ പശുവിന്‍ പാല്‍ വിപണിയില്‍ അവതരിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് ഫാംലി എന്ന സ്വന്തം ബ്രാന്‍ഡുമായി ബിസ്മി എത്തിയത്. വളരെ പെട്ടെന്നു തന്നെ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാനും ഫാംലിക്കായി. ഇന്നത്തെകാലത്ത് പശുവിന്‍ പാല്‍ എന്ന് പറഞ്ഞു വിപണിയില്‍ എത്തുന്ന പാലില്‍ ഭൂരിഭാഗവും കലര്‍പ്പുള്ളതാണ് എന്ന ഉപഭോക്താക്കളുടെ സ്ഥിരം പരാതിക്കുള്ള പരിഹാരമെന്ന് ബ്രാന്‍ഡ് ചെയ്തായിരുന്നു ഫാംലി എന്ന ക്ഷീര ബ്രാന്‍ഡ് വിപണിയെ ആകര്‍ഷിക്കാന്‍ തുടങ്ങിയത്.
കൊച്ചി പിറവം ആസ്ഥാനമായി 500 പശുക്കള്‍ ഉള്ള ഒരു ഫാം ആരംഭിച്ചുകൊണ്ടാണ് ബിസ്മി ഈ രംഗത്തേക്ക് കടന്നു വന്നത്. 2017 മുതല്‍ അരലിറ്റര്‍, ഒരു ലിറ്റര്‍ പാക്കറ്റുകളില്‍ ബിസ്മി സ്റ്റോറുകള്‍ വഴിയാണ് ഫാംലി പാല്‍ ജനങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍, പാക്കറ്റ് പാല്‍ എന്ന ആശയത്തിനപ്പുറത്തേക്കും കമ്പനി ചിന്തിക്കുകയാണ്. പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കി കുപ്പിപ്പാല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ് ബിസ്മി.
അരലിറ്റര്‍, ഒരു ലിറ്റര്‍ ചില്ലു കുപ്പികളില്‍ ആയിരിക്കും പാല്‍ വിപണിയില്‍ എത്തുക. അര ലിറ്റര്‍ പാലിന് 50 രൂപയും ഒരു ലിറ്റര്‍ പാലിന് 85 രൂപയും ഈടാക്കും. ഉപയോഗശേഷം പാല്‍ക്കുപ്പി ബിസ്മി സ്റ്റോറില്‍ തിരിച്ചേല്‍പ്പിക്കുകയാണ് എങ്കില്‍ 25 രൂപ റീഫണ്ട് ചെയ്യപ്പെടും.
നിലവില്‍ അര ലിറ്റര്‍ പാക്കറ്റ് പാലിന് 30 രൂപയാണ് ബിസ്മി ഈടാക്കുന്നത്.പാല്‍ കറന്നെടുത്ത ശേഷം പ്രിസര്‍വേറ്റിവുകള്‍ ഒന്നും ചേര്‍ക്കാതെ പാസ്ച്വറൈസ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. അതിനുശേഷം ഊഷ്മാവിനു മാറ്റം വരാതെ സ്റ്റോറുകളിലേക്ക് എത്തിക്കുന്നു. മായാമോ പ്രിസര്‍വേറ്റിവുകളോ ചേര്‍ക്കാത്തതിനാല്‍ ഒരു ദിവസം മാത്രമാണ് പാലിന്റെ ആയുസ്സ്.
പാക്കറ്റ് പാല്‍ ജനങ്ങള്‍ സ്വീകരിച്ച പോലെ തന്നെ കുപ്പിപ്പാലും സ്വീകരിക്കും എന്നാണ് ബിസ്മിയുടെ പ്രതീക്ഷ. കൂടുതല്‍ പശുക്കളെ വാങ്ങി ക്ഷീരോല്‍പ്പാദന രംഗത്ത് സജീവമാക്കാനും ബിസ്മി ലക്ഷ്യമിടുന്നു.
No comments:
Post a Comment