ഒന്ന്: ഇൗ പോസ്റ്റ് ലൈക്ക് ചെയ്തശേഷം ഷെയർ ചെയ്യുക.
രണ്ട്: വിൻ എന്നു കമന്റ് ചെയ്തശേഷം നിങ്ങളുടെ ഒരു സുഹൃത്തിനെ ടാഗ് ചെയ്യുക.
മൂന്ന്: ലഭിക്കുന്ന സമ്മാനത്തെക്കുറിച്ച് എന്റെ സന്ദേശം നിങ്ങൾക്കു ലഭിക്കും.
ഇൗ പോസ്റ്റിന് ഒരു മണിക്കൂറിനുള്ളിൽ കിട്ടിയത് 26,000 ലൈക്ക്, 27,000 കമന്റുകൾ, 67,000 ഷെയറുകൾ. ലോട്ടറി തട്ടിപ്പിന്റെ ഏറ്റവും പുതിയതും ഭയാനകവുമായ മാതൃകയാണിത്.
എന്തുകൊണ്ടു താരം?
1: ലോട്ടറി തട്ടിപ്പുകൾ കണ്ടും കേട്ടും ശീലമുള്ള ജനങ്ങളെ വീഴ്ത്താനാണു ഹോളിവുഡ് സൂപ്പർതാരത്തെത്തന്നെ ‘കൂട്ടുപിടിച്ചിരിക്കുന്നത്’.
3: പോസ്റ്റിനൊപ്പം ഡ്വെയ്ൻ ജോൺസന്റെ വിഡിയോയുമുണ്ട്. സമ്മാനപദ്ധതിയെക്കുറിച്ചു ഡ്വെയ്ൻ ജോൺസൻ നേരിട്ടു വിശദീകരിക്കുന്നുവെന്നു തെറ്റിദ്ധരിപ്പിക്കാനാണ് ഇൗ വിഡിയോ. എന്നാൽ, ശ്രദ്ധിച്ചു കേട്ടാൽ തന്റെ സിനിമാ പ്രമോഷനുവേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നതെന്നു വ്യക്തമാകും.
4: പേജിൽ അടുത്തകാലത്തുള്ള മറ്റു പോസ്റ്റുകളെല്ലാം ഡ്വെയ്ൻ ജോൺസന്റെ ഒറിജിനൽ പേജിൽനിന്ന് അടിച്ചുമാറ്റിയവയാണ്. പേജ് ഡ്വെയ്ൻ ജോൺസന്റെ തന്നെയാണോ എന്നു സ്ഥിരീകരിക്കാനായി പഴയ പോസ്റ്റുകളിലൂടെ കണ്ണോടിക്കുന്നവരെ കബളിപ്പിക്കാനാണിത്.
തട്ടിപ്പ് ഇങ്ങനെ: പോസ്റ്റിനോടു പ്രതികരിക്കുന്നവർക്കു ഫെയ്സ്ബുക് മെസഞ്ചറിൽ തട്ടിപ്പുകാരന്റെ സന്ദേശമെത്തും. സമ്മാനം ലഭിച്ചിരിക്കുന്നെന്നും അതു കൈമാറാൻ തന്റെ അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കണമെന്നും പറയും. ‘ഡ്വെയ്ൻ ജോൺസൺ’മാരുടെ’വാക്കു വിശ്വസിച്ചു പണം നൽകാൻ തയാറായി നടക്കുകയാണല്ലോ നമ്മൾ. ലൈക്ക് ചെയ്ത 26,000 പേരിൽ 10 പേരെങ്കിലും വീണാൽ ‘ഡ്വെയ്ൻ ജോൺസൺ’ ഹാപ്പിയായി.
അടിച്ചു മോനേ, തട്ടിപ്പ്
പ്രമുഖ ടെലി ഷോപ്പിങ് കമ്പനിയുടെ ബംപർ സമ്മാനമായി ആഡംബര കാർ അടിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് കൊച്ചി സ്വദേശിക്കു ഫോൺകോൾ ലഭിച്ചത്. കാറിന്റെ ഗിഫ്റ്റ് ടാക്സ് എന്നു പറഞ്ഞു തട്ടിപ്പുകാർ ഇയാളിൽനിന്നു പലതവണയായി കവർന്നത് 1.73 ലക്ഷം രൂപ.
കാശിടൂ, സമ്മാനം തരാം
സാമ്പത്തിക ബുദ്ധിമുട്ടുള്ള യുവാവ് ഫെയ്സ്ബുക്കിലൂടെയാണു യുകെ സ്വദേശിയായ യുവതിയെ പരിചയപ്പെടുന്നത്. പിന്നീടു വാട്സാപ് ചാറ്റിലേക്കു മാറി, ‘പ്രണയവുമായി’. തന്റെ കഷ്ടപ്പാടുകളെല്ലാം യുവാവ് യുകെ സുന്ദരിയെ അറിയിച്ചു. കുറച്ചു വിലപിടിപ്പുള്ള സമ്മാനങ്ങൾ അയച്ചിട്ടുണ്ടെന്നു യുവതി യുവാവിനെ അറിയിച്ചു.
ഡൽഹിയിൽനിന്നു കുറിയർ ഏജൻസിയുടെ വിളിയെത്തി. വളരെ വിലപിടിപ്പുള്ളതാണു സമ്മാനമെന്നും കസ്റ്റംസ് തീരുവ അടയ്ക്കാൻ പണം വേണമെന്നുമായിരുന്നു ആവശ്യം. സമ്മാനം കിട്ടിയതിന്റെ ആവേശത്തിൽ യുവാവ് മറ്റൊന്നും ഓർത്തില്ല. അമ്മയുടെയും പെങ്ങളുടെയും സ്വർണാഭരണങ്ങൾ പണയംവച്ചും കടം വാങ്ങിയും കുറിയർ സർവീസുകാരെന്നു പറഞ്ഞു വിളിച്ചവരുടെ അക്കൗണ്ടിലേക്കു പലതവണയായി നൽകിയതു മൂന്നു ലക്ഷം രൂപ. പണം നൽകിയതിനുശേഷം യുവതിയുമില്ല, സമ്മാനവുമില്ല.
കാറുണ്ട്, കാശുണ്ടോ
ഓൺലൈൻ ഷോപ്പിങ് സൈറ്റിൽനിന്നു കാർ സമ്മാനമായി ലഭിച്ചതായുള്ള ഫോൺകോളിൽ വിശ്വസിച്ചാണ് കണ്ണൂർ തളിപ്പറമ്പിലെ ഒരു ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ 25,000 രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിൽ ഇട്ടുകൊടുത്തത്. കാറിന്റെ ഗിഫ്റ്റ് ടാക്സ് എന്ന നിലയിലായിരുന്നു ഇത്.
ആ പിൻ ഇങ്ങു പറഞ്ഞേ
കണ്ണൂർ ചക്കരക്കല്ല് സ്വദേശിക്കു പുതിയ എടിഎം കാർഡ് കൈയിൽ കിട്ടിയ അതേസമയത്താണു മൊബൈലിൽ വിളിയെത്തിയത്. കാർഡിന്റെ സുരക്ഷാപരിശോധനയ്ക്കായി പിൻ നമ്പർ മൊബൈലിൽ അയച്ചിട്ടുണ്ടെന്നും അതു പറഞ്ഞുകൊടുക്കണമെന്നുമായിരുന്നു ആവശ്യം. ബാങ്കുകാർ തന്നെയാകും വിളിച്ചിട്ടുണ്ടാവുകയെന്നു കരുതി പിൻ നമ്പർ പറഞ്ഞുകൊടുത്തു. നിമിഷനേരംകൊണ്ടു നഷ്ടപ്പെട്ടത് 9,000 രൂപ.
5 കോടി പോയിക്കിട്ടി
ക്രെഡിറ്റ് കാർഡ് തട്ടിപ്പു നടത്തിവന്ന 30 അംഗ സംഘത്തെ കഴിഞ്ഞദിവസം ഡൽഹി പൊലീസ് ഹൈദരാബാദിൽനിന്ന് അറസ്റ്റ് ചെയ്തപ്പോൾ വെളിപ്പെട്ടതു കോടികളുടെ തട്ടിപ്പുസാമ്രാജ്യം. രണ്ടായിരത്തോളം എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകളെ പറ്റിച്ച് അഞ്ചുകോടി രൂപയാണിവർ ചോർത്തിയെടുത്തത്. ക്രെഡിറ്റ് കാർഡ് ഉടമകളുടെ സിവിവി, ഒറ്റത്തവണ പാസ്‌വേഡ് എന്നിവ എസ്ബിഐ ജീവനക്കാരെന്ന വ്യാജേന ടെലികോളർമാർ വഴി ചോർത്തിയാണു പണം തട്ടിയത്.
വമ്പൻമാർക്ക് വമ്പൻ ചൂണ്ട
ബിസിനസിൽ തിരിച്ചടി നേരിട്ട തിരുവനന്തപുരത്തെ വൻകിട ബിൽഡർ നിരാശനായി കഴിയുമ്പോഴാണ് ആ രണ്ടുപേർ എത്തിയത്. പാതിവഴിയിലായ പദ്ധതികൾ പൂർത്തിയാക്കാൻ വിദേശത്തുനിന്നു 100 കോടി രൂപ വായ്പ സംഘടിപ്പിച്ചു നൽകാമെന്നായിരുന്നു വാഗ്ദാനം. നാട്ടിലെ ബാങ്കുകളുടെ ‘നോ’ കേട്ടു തളർന്നിരിക്കുകയായിരുന്ന ബിൽഡർ ഉണർന്നു.
ക്രിപ്റ്റോ കറൻസി (ഓൺലൈൻ കറൻസി) അക്കൗണ്ട് തുടങ്ങിയാൽ വിദേശത്തുനിന്നു പണമെത്തിക്കാമെന്ന് അവർ. ഒടുവിൽ ഒരുപദേശവും.‘അറിയാമല്ലോ, പണമുള്ളവനേ ബാങ്കുകൾ വലിയ വായ്പകൾ നൽകൂ. അതുകൊണ്ട് ആദ്യം നമ്മൾ ഒരു കോടി രൂപയെങ്കിലും അക്കൗണ്ടിൽ ഇടണം. സാറിന്റെ അക്കൗണ്ടല്ലേ. ആവശ്യമുള്ളപ്പോൾ സാറിനുതന്നെ എടുക്കാമല്ലോ’.
ഒരു കോടി സംഘടിപ്പിച്ച് അദ്ദേഹം അക്കൗണ്ടിൽ നിക്ഷേപിച്ചു. പിറ്റേന്ന് അക്കൗണ്ട് ബാലൻസ് പരിശോധിച്ച ബിൽഡർ സ്തംഭിച്ചുപോയി. പൂജ്യം! പരാതിയന്വേഷിച്ച് അയൽസംസ്ഥാനത്തു പോയ പൊലീസ് ഏറെ കഷ്ടപ്പെട്ട് ഒരു പ്രതിയെ പിടികൂടി. പ്രധാന കുറ്റവാളികൾ ഇപ്പോഴും ഒളിവിൽ. ഒരു കോടി പോയ ബിൽഡർക്ക് ഇതുവരെ അഞ്ചുപൈസ പോലും തിരിച്ചുകിട്ടിയിട്ടില്ല.
No comments:
Post a Comment