ഷാർജ∙ പൊലീസ് ചമഞ്ഞ് ഇന്ത്യക്കാരനെ തട്ടിക്കൊണ്ടു പോയി 220,000 ദിർഹം കവർന്ന ഞെട്ടിക്കുന്ന സംഭവം ഷാർജയിൽ. മുപ്പത്തിരണ്ടുകാരനായ ഇന്ത്യൻ സെയിൽസ്മാനാണ് കൊള്ളയടിക്കപ്പെട്ടത്. ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാനേജർ ബാങ്കിൽ അടയ്ക്കാനേൽപ്പിച്ച പണവുമായി പോകുന്ന വഴി നാലുപേർ ഇയാളുടെ കാറിനു മുന്നിലെത്തുകയും പിറകിലെ സീറ്റിലേക്കു മാറാൻ ആവശ്യപ്പെടുകയും ആയിരുന്നു. ഇതു ചോദ്യം ചെയ്തപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥർ ആണെന്ന് തെറ്റിദ്ധരിപ്പിച്ചത്.
പിറകിലെ സീറ്റിലേക്കു മാറിയ ഉടൻ അക്രമികളിലൊരാൾ കാറിന്റെ നിയന്ത്രണം ഏറ്റെടുത്തു. പൊലീസ് ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ മറ്റൊരാൾ മുഖത്ത് ശക്തമായി ഇടിക്കുകയും മൊബൈൽ ഫോണും പഴ്സും ഉൾപ്പെടെയുള്ളവ ബലം പ്രയോഗിച്ചു തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് ഷാർജയിലേക്കു കൊണ്ടു പോയി നാലു പേരും ചേർന്ന് ഉപദ്രവിക്കുകയും ഇയാളുടെ കൈവശം ഉണ്ടായിരുന്ന പണം സൂക്ഷിച്ചിരുന്ന ബാഗ് തട്ടിയെടുക്കുകയും ചെയ്തു എന്നാണ് കേസ്. അവിടെ നിന്നു രക്ഷപെട്ട യുവാവ് പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
അക്രമികളിൽ ഒരാൾ സ്വദേശിയും രണ്ടുപേർ ഇന്ത്യൻ വംശജരും നാലാമൻ പാക്കിസ്ഥാനിയും ആണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
പാക്കിസ്ഥാൻ വംശജൻ ഒഴികെ മറ്റു മൂന്നുപേരും പൊലീസ് പിടിയിലായി. പൊലീസ് ആണെന്ന് ചമയുക, യുവാവിനെ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോകുക, 220,000 ദിർഹം , പഴ്സ്,മൊബൈൽ ഫോൺ തുടങ്ങിയവ തട്ടിയെടുക്കുക തുടങ്ങി പല കേസുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം കേസ് കോടതിയിലെടുത്തപ്പോൾ മൂവരും കുറ്റം നിഷേധിച്ചു. അതേസമയം,സ്വദേശി യുവാവ് കോടതിയിൽ കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമ്പോൾ തന്റെ നിരപരാധിത്വം പറഞ്ഞിരുന്നതാണ്. തട്ടിയെടുത്തെന്ന് ആരോപിക്കുന്ന 220,000 ദിർഹം തന്റെ കുടുംബം അയാളെ ഏൽപ്പിച്ചിട്ടുണ്ട്. തുടർന്നു തനിക്കെതിരായ കുറ്റാരോപണം അയാൾ പിൻവലിച്ചിട്ടുമുണ്ട്. ഉടനെ ജാമ്യം വേണം. തനിക്കു മോഷ്ടിക്കേണ്ട ആവശ്യമില്ല. പല കമ്പനികൾ സ്വന്തമായി നടത്തുന്ന എനിക്ക് മോഷ്ടിക്കേണ്ട ആവശ്യമില്ല.– യുവാവ് പറഞ്ഞു. കേസ് കോടതി ഇനി സെപ്റ്റംബർ 19നു പരിഗണിക്കും.
No comments:
Post a Comment