കൊളസ്ട്രോൾ, ബിലിറൂബിൻ, ബെൽസോൾട്ട് എന്നിവയുടെ അളവു കൂടുന്നതു പിത്തസഞ്ചിയിൽ കല്ലുകള്‍ ഉണ്ടാകാൻ ഇടയാക്കും. പിത്തസഞ്ചിയിൽ സൂക്ഷിക്കുന്ന പിത്തരസം കല്ലിച്ചാണ് ഈ കല്ലുകൾ ഉണ്ടാകുന്നത്. വളരെ ചെറുതായിരിക്കും ഈ കല്ലുകൾ. കല്ലുകൾക്ക് വലുപ്പം വയ്ക്കുമ്പോഴാണ് വേദന ഉണ്ടാകുന്നതും അസുഖം തിരിച്ചറിയുന്നതും. പിത്തസഞ്ചി നീക്കം ചെയ്യുകയാണ് ഇതിനുളള പ്രതിവിധി.
കരൾ അമിതമായി പിത്തരസം ഉല്‍പാദിപ്പിക്കുന്നത്, ബിലിറൂബിന്റെ അളവു കൂടുന്നത്, പിത്തസഞ്ചിയിൽനിന്ന് കൃത്യമായ ഇടവേളകളില്‍ പിത്തരസം പുറന്തള്ളാതിരിക്കുക എന്നിവയെല്ലാം ഗോൾബ്ലാഡർ സ്റ്റോണുകൾക്കു കാരണമാകാം.
ഗോൾബ്ലാഡർ സ്റ്റോൺ; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ
∙ അമിതമായ കൊഴുപ്പും എണ്ണമയവും ഉള്ള ഭക്ഷണം ഒഴിവാക്കണം.
∙ ധാരാളം നാര് അടങ്ങിയ ഭക്ഷണം കഴിക്കുക
∙ കഫീന്‍ കലർന്ന പാനീയങ്ങളും ഐസ്ക്രീം, പുഡിങ് പോലെ അധികം മധുരമുളള ഭക്ഷണവും ഒഴിവാക്കുക.
∙ ഒരുമിച്ചു കഴിക്കാതെ പല തവണകളായി ഭക്ഷണം കഴിക്കണം. ചെറിയ അളവിലുളള ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിക്കാൻ കഴിയും.
∙ ദിവസേന ആറു മുതൽ എട്ടു ഗ്ലാസ് വരെ വെള്ളം കുടിക്കുക.
∙ പെട്ടെന്നു വണ്ണം കുറയ്ക്കാൻ വേണ്ടി എടുക്കുന്ന ക്രാഷ് ഡയറ്റുകളും ഗോൾബ്ലാഡർ സ്റ്റോണുകൾക്കു കാരണമാകാം.
∙ എണ്ണയിൽ വറുത്ത ഭക്ഷണം അമിതമായി കഴിക്കുന്നതും പിത്തസഞ്ചിയിൽ കല്ലുകൾ ഉണ്ടാകാൻ ഇടയാക്കും.
∙ ട്രാൻസ്ഫാറ്റുകൾ അടങ്ങിയ പേസ്ട്രി, പഫ്സ്, പീറ്റ്സ എന്നിവയും അമിതമായി ചീസ്, വെണ്ണ എന്നിവ ഉപയോഗിക്കുന്നതും പിത്തസഞ്ചിയുടെ ആരോഗ്യം അപകടത്തിലാക്കും.
∙ മസാല കൂടുതലുളള ഭക്ഷണം, കാബേജ്, കോളിഫ്ലവർ, സോഡ, മദ്യം തുടങ്ങി അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണം ഒഴിവാക്കണം.
∙ കൊളസ്ട്രോൾ ബൈൽ ആക്കി മാറ്റാൻ വൈറ്റമിൻ സി ആവശ്യമാണ്. അതുകൊണ്ട് വൈറ്റമിൻ സി അടങ്ങിയ നെല്ലിക്കയും സിട്രസ് പഴങ്ങളും കൂടുതൽ കഴിക്കണം.
∙ മഞ്ഞൾ, ചുക്ക്, കായം, കുരുമുളക് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
∙ നാരങ്ങാനീരും ഒലിവ് ഒായിലും യോജിപ്പിച്ചത്, ആപ്പിള്‍ ജ്യൂസ്, ക്രാൻബെറി ജ്യൂസ്, ഗ്രീൻ ടീ, മുള്ളങ്കി, ബീറ്റ്റൂട്ട് എന്നിവ കല്ലുകളെ പുറന്തള്ളാൻ സഹായിക്കുമെന്നു പറയുന്നു. എന്നാൽ ഇതിന് ശാസ്ത്രീയമായ അടിസ്ഥാനം ഒന്നുമില്ല.
∙ കടല, പരിപ്പ്, ബിരിയാണി, അച്ചാർ തുടങ്ങി ദഹിക്കാന്‍ പ്രയാസമുള്ളവയുടെ ഉപയോഗം കുറയ്ക്കുക.
ഗോൾബ്ലാഡർ നീക്കം ചെയ്ത ശേഷം ഭക്ഷണത്തിൽ കൊഴുപ്പിന്റെ അളവു തീരെ കുറയ്ക്കണം.
ഭക്ഷണത്തിലുളള ക്രമീകരണം കൊണ്ട് ഗോൾബ്ലാഡർ സ്റ്റോണുകൾ നീക്കം ചെയ്യാൻ സാധിക്കില്ല. എന്നാൽ കൊഴുപ്പും കൊളസ്ട്രോളും കുറവുളള ഭക്ഷണം കഴിച്ചാൽ ഗോൾബ്ലാഡർ സ്റ്റോൺ വരുന്നതു തടയാം.
No comments:
Post a Comment