Breaking

Friday, 10 August 2018

രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടിയിൽ

തിരുവനന്തപുരം: ഷാഡോ പോലീസ് നടത്തിയ മിന്നൽപ്പരിശോധനയിൽ അനധികൃതമായി രൂപമാറ്റം വരുത്തിയ ഇരുപത്തിയഞ്ചോളം വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. വാഹനനിർമാതാക്കൾ ഇറക്കുന്ന വാഹനങ്ങളുടെ ഘടനയിലും രൂപത്തിലും മാറ്റംവരുത്തുമ്പോൾ അപകടം നടക്കാൻ സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള വാഹനങ്ങൾ കൂടുതലായി അപകടത്തിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നും ഇത്തരത്തിലുള്ള വാഹനങ്ങളുടെ അമിതവേഗവും ശബ്ദവും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികളുടെയും അടിസ്ഥാനത്തിലായിരുന്നു പരിശോധന. സിറ്റി പോലീസ് കമ്മിഷണർ പി.പ്രകാശിന്റെ നിർദേശപ്രകാരം ഡി.സി.പി. ആദിത്യയുടെയും കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണർ സുരേഷ് കുമാറിന്റെയും നേതൃത്വത്തിൽ ഷാഡോ പോലീസ് നടത്തിയ മിന്നൽപ്പരിശോധനയിൽ ഫോർട്ട്, മെഡിക്കൽ കോളേജ്, വെള്ളയമ്പലം, കവടിയാർ, ഈഞ്ചയ്ക്കൽ ബൈപ്പാസ്, വഞ്ചിയൂർ, പേട്ട, മ്യൂസിയം, കരമന, പൂജപ്പുര എന്നീ ഭാഗങ്ങളിൽനിന്നായി ഇരുപത്തിയഞ്ചോളം ഇരുചക്രവാഹനങ്ങളും ഒരു കാറുമാണ് പിടിച്ചെടുത്തത്.

പിടികൂടിയവർക്ക് ബോധവത്കരണ ക്ലാസും പിഴ ചുമത്തുന്നതും ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുമെന്ന് കമ്മിഷണർ അറിയിച്ചു. ഇത്തരത്തിലുള്ള മിന്നൽപ്പരിശോധനകൾ തുടർന്നും ഉണ്ടാകുമെന്നും പിടികൂടുന്ന വാഹനങ്ങൾ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെക്കൊണ്ട് പരിശോധിച്ച് വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കമ്മിഷണർ അറിയിച്ചു. രണ്ടാം തവണയാണ് ഇത്തരത്തിലുള്ള വാഹനങ്ങൾ പിടികൂടുന്നതിനായി ഷാഡോ പോലീസ് മിന്നൽപ്പരിശോധന നടത്തിയത്. നേരത്തേനടന്ന പരിശോധനയിൽ അൻപതോളം വാഹനങ്ങളാണ് പിടിയിലായത്.

No comments:

Post a Comment