Breaking

Wednesday, 1 August 2018

വേറെ വഴിയില്ല, വാട്സാപ്പ് സർക്കാരിന് കീഴടങ്ങി, ഇന്ത്യയിൽ ഓഫിസ് തുറക്കും

ഇന്ത്യ ആസ്ഥാനമായി പുതിയൊരു സംഘത്തെ വാർത്തെടുക്കാൻ വാട്സാപ്പ് ഒരുങ്ങുന്നു. ഓൺലൈൻ പണമിടപാട് സംവിധാനത്തിന് ഔദ്യോഗിക അനുമതി ലഭിക്കണമെങ്കിൽ ഇന്ത്യയിൽ ഒാഫിസ് തുറക്കണമെന്ന ശക്തമായ സന്ദേശം കേന്ദ്രം വാട്സാപ്പിന് നല്‍കിയതായാണ് സൂചന. പേമെന്‍റ് സംവിധാനത്തെ കുറിച്ചുള്ള ചർച്ചകൾക്കായി വാട്സാപ്പ് സിഇഒ ഇന്ത്യയിലെത്തിയപ്പോഴാണ് സർക്കാർ ഇക്കാര്യം അറിയിച്ചതെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് ഇന്ത്യയിൽ ടീമിനെ വാർത്തെടുക്കാനുള്ള തീരുമാനത്തിൽ വാട്സാപ്പ് എത്തിയത്.

ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ തലവൻ, നയകാര്യ തലവൻ തുടങ്ങിയ സുപ്രധാന പോസ്റ്റുകളിൽ നിയമനത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഉപയോക്താക്കളുടെ ഡേറ്റ ഇന്ത്യയിലെ സർവറുകളിൽ സൂക്ഷിക്കണം എന്നതുൾപ്പെടെയുള്ള നിർണായക നിർദേശങ്ങൾ കേന്ദ്രം ഇതിനോടകം വാട്സാപ്പ് അധികൃതർക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യയിൽ ഏറെ ഉപയോക്താക്കളുള്ള വാട്സാപ്പ് നിർണായകമായ ഒരു സവിശേഷത അവതരിപ്പിക്കുന്നതിനു മുൻപ് വിശ്വാസമുളവാക്കുന്ന നടപടികൾ സ്വീകരിക്കണമെന്നും ഇതിനായി ഇന്ത്യ ആസ്ഥാനമായി ഒരു ഓഫിസ് അനിവാര്യമാണെന്നുമാണ് കേന്ദ്ര നിലപാട്.

വ്യാജ വാർത്തകളുടെ കാര്യത്തിൽ ഉചിതമായ നടപടികളുടെ അഭാവത്തിന്‍റെ പേരിൽ കേന്ദ്രത്തിന്‍റെ നിരീക്ഷണത്തിലായ വാട്സാപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ് പേമെന്‍റ് സംവിധാനത്തിനുള്ള അനുമതി. ഇന്ത്യയിൽ പരീക്ഷണത്തിലുള്ള പേമെന്‍റ് സംവിധാനത്തോട് ഇതുവരെയുള്ള പ്രതികരണം ആശ്വാസകരമാണെന്നും ഇന്ത്യൻ സർക്കാർ പച്ചക്കൊടി കാട്ടിയാലുടൻ പുതിയ സവിശേഷത ഉപയോക്താക്കളിലേക്കെത്തിക്കാൻ സജ്ജമാണെന്നും ഫെയ്സ്ബുക് സിഇഒ സക്കർബർഗ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

No comments:

Post a Comment