Breaking

Thursday, 9 August 2018

കമൽ തടഞ്ഞു, പിണറായി തിരികെ വിളിച്ചു: ആ സെൽഫിക്കു പിന്നിലെ കഥ

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്ത വിവരം മുഖ്യമന്ത്രിയായ പിണറായി വിജയൻ തന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പങ്കു വച്ചപ്പോൾ ഒപ്പമിട്ട ചിത്രം മികച്ച നടന്റെയോ നടിയുടെയോ ഒന്നുമല്ല. മറിച്ച് അശാന്ത് കെ. ഷാ എന്ന കൊച്ചുമിടുക്കനൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്ന ചിത്രമാണ് പിണറായി പങ്കു വച്ചത്. പൊതുവെ കർക്കശക്കാരനെന്ന് അറിയപ്പെടുന്ന പിണറായിയെ ചേർത്തു നിർത്തി അശാന്ത് എടുത്ത സെൽഫിക്ക് പിന്നിൽ രസകരമായ ഒരു കഥയുണ്ട്.



ലാലിബേലാ എന്ന ചിത്രത്തിലെ അഭിനയത്തിന് അശാന്തിന് ജൂറിയുടെ പ്രത്യേക പുരസ്കാരമാണ് ലഭിച്ചത്. പുരസ്കാരം വാങ്ങാനായി വേദിയിലേക്ക് കയറിയ അശാന്ത് കുട്ടിത്തത്തിന്റെ നിഷ്കളങ്കതയോടെ ഒാടി വന്ന് ചടങ്ങിലെ മുഖ്യാതിഥിയായ മോഹൻലാലിനെ ആലിംഗനം ചെയ്തു. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെയും അശാന്ത് കെട്ടിപ്പിച്ചു.
എല്ലാവരും ഏറെ ബഹുമാനത്തോടെയും അൽപം പേടിയോടെയും കാണുന്ന മുഖ്യമന്ത്രിയെ അശാന്ത് ആലിംഗനം ചെയ്യുന്നതു കണ്ട് സദസ്സ് ഒന്നാകെ കയ്യടിച്ചു. അദ്ദേഹത്തിൽ നിന്ന് പുരസ്കാരം വാങ്ങിയ അശാന്ത് വേദിയിൽ വച്ചു തന്നെ സെൽഫിയെടുക്കാൻ ഒരുങ്ങി. എന്നാൽ ചലച്ചിത്ര അക്കാദമി ചെയർമാനായ സംവിധായകൻ‌ കമലും മറ്റും ചേർന്ന് അശാന്തിനെ തടഞ്ഞു.

എന്നാൽ ഇരിപ്പിടത്തിൽ ഇരുന്ന ശേഷം പിണറായി അശാന്തിനെ തിരികെ വിളിച്ച് ഒപ്പം സെൽഫിയെടുത്തു. ആദ്യം മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുത്ത അശാന്ത് പിന്നീട് അദ്ദേഹത്തിന്റെ തോളിൽ കയ്യിട്ട് ചേർത്തു നിർത്തി വീണ്ടും സെൽഫി ക്ലിക്ക് ചെയ്തു.
പണ്ടൊരിക്കൽ തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചയാളെ തട്ടിമാറ്റിയിട്ടുള്ള പിണറായി അശാന്തിന്റെ സെൽഫികളോട് ശാന്തമായി പുഞ്ചിരിയോടെയാണ് പ്രതികരിച്ചത്. ഒപ്പം എല്ലാത്തിനും സാക്ഷിയായി മോഹൻലാലും ഉണ്ടായിരുന്നു. തന്റെ ഫെയ്സ്ബുക്ക് പേജിലും ഇതേ ചിത്രം മുഖ്യമന്ത്രി ഇട്ടതോടെ അശാന്തിന്റെ സെൽഫിയെ അദ്ദേഹം ഹൃദയത്തോട് ചേർത്തുവെന്ന് വ്യക്തം.

No comments:

Post a Comment