Breaking

Thursday, 2 August 2018

ഇടിയപ്പ നിർമാണത്തിൽ വിജയം കൊയ്ത് സുധീറും ഭാര്യയും !

അവസരങ്ങളും സാഹചര്യവും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ വിജയം സുനിശ്ചിതമാകുമെന്നതിന്റെ തെളിവാണ് സുധീറിന്റെയും ഭാര്യയുടെയും ജീവിതം. ചില നിമിത്തങ്ങള്‍ ഉപജീവനമായി മാറാറുണ്ട്. പ്രതീക്ഷിക്കുന്നതാവില്ലല്ലോ നടക്കുന്നത്. എന്നാല്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണ്ണായകമാകുന്നത് അത്തരം നിമിത്തങ്ങളാകും. സുധീറിന് പറയാനുള്ളതും അതു പോലൊരു വിജയകഥയാണ്.
ആലപ്പുഴ ആലിശ്ശേരി വാര്‍ഡിൽ കുഞ്ഞുമോന്റെ മകന്‍ സുധീറിന് പുന്നപ്രയില്‍ ചെമ്മീന്‍ ഷെഡിലായുന്നു ആദ്യം ജോലി. പിതാവ് ജനറല്‍ ഹോസ്പിറ്റല്‍ ജംങ്ഷനിലുള്ള താഫ് റസ്റ്റോറന്റിലെ ജീവനക്കാരനും. പിതൃസഹോദരന്‍ കൊച്ചു ബാവയും ഹോട്ടലില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നു. റസ്‌റ്റോറന്റ് ഉടമയായ ലത്വീഫിന്റെ മരണത്തെ തുടര്‍ന്ന് 40 ദിവസത്തേക്ക് ജോലിക്കാരുടെ വീട്ടില്‍ നിന്ന് പലഹാരങ്ങള്‍ തയ്യാറാക്കി കൊണ്ട് വരാന്‍ നിര്‍ദ്ധേശിച്ചു. പാലപ്പം കൊണ്ട് വരേണ്ട ഉത്തരവാദിത്വം കുഞ്ഞുമോനായിരുന്നു. 40 നാൾ കൃത്യമായി അത് നിര്‍വ്വഹിച്ചു. എന്നാൽ ഇടിയപ്പം പാചകം ചെയ്തിരുന്ന തൊഴിയാളി വിദേശത്ത് പോയതിനെ തുടര്‍ന്ന് കുഞ്ഞുമോന് ആ ചുമതല ഏറ്റെടുക്കേണ്ടി വന്നു.
വീട്ടിലെത്തി ഇടിയപ്പം തയ്യാറാക്കുകയും സൈക്കിളില്‍ ഹോട്ടലിലേക്ക് കൊണ്ടുപോവുകയും പതിവായി. സമീപമുള്ള മറ്റ് ഹോട്ടലുകാര്‍ ഇതറിഞ്ഞപ്പോള്‍ തങ്ങള്‍ക്കു കൂടി ചെയ്ത് തരുമോ എന്ന് ആവശ്യപ്പെട്ടു. ജീവിത മാര്‍ഗത്തിന്റെ പുതിയൊരധ്യായം തുറക്കപ്പെടുകയായിരുന്നു അവിടെ. താഫിലേക്കുള്ള 150 ഇടിയപ്പത്തില്‍ നിന്ന് 500ല്‍ അധികമായി കച്ചവടം ഉയര്‍ന്നു. കുഞ്ഞുമോന്റെ ഭാര്യയും, സുധീറിന്റെ ഭാര്യ ഷെമിയും, സഹോദരിയും പാചകത്തില്‍ സഹായിച്ചു.
അങ്ങനെയിരിക്കെയാണ് ഗൃഹനാഥന് കാലില്‍ ശാസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നത്. ഡോക്ടര്‍മാര്‍ പൂര്‍ണ്ണ വിശ്രമം ആവശ്യപ്പെട്ടപ്പോള്‍ ജോലി പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലായി. എന്നാല്‍ മകന്‍ സുധീര്‍ ചെമ്മീന്‍ ഷെഡിലെ തൊഴിലൊഴിവാക്കി മുഴു സമയവും ഇടിയപ്പ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞപ്പോള്‍ പ്രതീക്ഷ പൂവണിഞ്ഞു. ആയിടക്കാണ് പിച്ചു അയ്യര്‍ജംങ്ഷന് സമീപം റോയര്‍പാര്‍ക്ക് ഹോട്ടല്‍ ആരംഭിക്കുന്നത്. അതിനടുത്ത് താന്‍ വിതരണം ചെയ്യുന്ന ഉണ്ണീസ് എന്ന ഹോട്ടലുടമ റോയല്‍പാര്‍ക്ക് മാനേജരെ പരിചയപ്പെടുത്തുകയും ഇടിയപ്പം ഓര്‍ഡര്‍ നല്‍കുകയും ചെയ്തു.
പിതാവിന്റെ മരണശേഷം സുധീറും ഭാര്യ ഷെമിയും മാത്രമായി ചുരുങ്ങി. സഹോദരി മറ്റ് അസൗകര്യങ്ങളെത്തുടര്‍ന്ന് ഒഴിവായിരുന്നു. ഇടിയപ്പത്തിന് ആവശ്യക്കാര്‍ ഏറിയപ്പോള്‍ മെഷീന്‍ എന്ന ആശയത്തിലേക്ക് കുടുംബം ചിന്തിച്ചു. 2008 ല്‍ സബ്‌സിഡി ഇനത്തില്‍ ആദ്യം യന്ത്രം വാങ്ങിയെങ്കിലും നഷ്ടം സഹിച്ചതല്ലാതെ പ്രയോജനമുണ്ടായില്ല. എങ്കിലും മനസ് പതറാതെ കൂടുതല്‍ സൗകര്യമുള്ള ഒരുമെഷീന്‍ കൂടി വാങ്ങി. മാവുകുഴക്കുന്നതും പീച്ചിയെടുക്കുന്നതും യന്ത്രം ചെയ്തപ്പോള്‍ ചുട്ടെടുക്കുന്ന ജോലിമാത്രമേ ഇരുവര്‍ക്കുമുണ്ടായിരുന്നുള്ളൂ.
വിവിധ പ്രദേശങ്ങളില്‍ നിന്ന് ഇതിനിടക്ക് ആവശ്യക്കാര്‍ ഏറി വന്നു. 150 ല്‍ തുടങ്ങിയത് 2000നും മുകളിലേക്ക് കുതിച്ചു. മണിക്കൂറില്‍ 400 ഇടിയപ്പം വരെ മെഷീനില്‍ നിന്ന് പീച്ചിയെടുക്കാന്‍ കഴിഞ്ഞിരുന്നു. പുലർച്ചെ രണ്ട് മണിക്കെഴുന്നേറ്റ് ജോലിയാരംഭിക്കുന്ന ഭാര്യ ഷെമിയുടെ അധ്വാനമാണ് ബിസ്മില്ല ഫുഡ് പ്രൊഡക്ട് എന്ന തന്റെ സ്ഥാപനത്തിന്റെ വളർച്ചക്ക് നിദാനമെന്ന് സുധീർ സ്മരിക്കുന്നു.
ഒടുവില്‍ നാലു വര്‍ഷം മുമ്പ് അരിപ്പത്തിരി നിര്‍മ്മാണത്തിനായി യന്ത്രം വാങ്ങിയത് കച്ചവടത്തില്‍ കൂടുകല്‍ നേട്ടം കൈവരിച്ചു. ഇടക്ക് ചപ്പാത്തി വിതരണം തുടങ്ങിയെങ്കിലും മുന്നോട്ട് പോകുന്നതിന് താത്പര്യമെടുത്തില്ല. ഇപ്പോള്‍ ഒരുവര്‍ഷമായി പാലപ്പ വില്‍പ്പനയും നടക്കുന്നുണ്ട്. റസ്‌റ്റോറന്റുകള്‍ കൂടാതെ പത്തോളം കാറ്ററിങ് സര്‍വ്വീസുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനും സുധീറിന് കഴിയുന്നു. ഇന്ന് ആലപ്പുഴയിലെ പ്രമുഖമായ ഹോട്ടലുകളുൽപ്പടെ നിരവധി ഭക്ഷണ ശാലകളിൽ സുധീറിന്റെയും ഭാര്യയുടെയും അപ്പത്തരങ്ങൾ വിളമ്പുന്നുണ്ട്.
ഏഴ് ജീവനക്കാരാണ് നിര്‍മ്മാണ രംഗത്ത് സജീവമായുള്ളത്.ദിനംപ്രതി ശരാശരി 2000 ഇടിയപ്പം, 1200 പാലപ്പം, 1000 അരിപ്പത്തിരി എന്ന കണക്കിലാണ് വിറ്റ് പോകുന്നത്. മറ്റ് ഓര്‍ഡറുകളുള്ളപ്പോള്‍ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുകയും ചെയ്യും. ആത്മാര്‍ത്ഥമായി ചെയ്താല്‍ മെച്ചപ്പെട്ട ലാഭം കൈവരിക്കാന്‍ കഴിയുന്ന മേഖലയാണിതെന്ന് സുധീര്‍ പറയുന്നു. 7പേര്‍ക്ക് ഉപജീവനം നല്‍കിയ സംതൃപ്തിയാണ് ഈ കുടുംബം. ജീവിതത്തിലെ വലിയ സന്തോഷമാണ് ഇത് പകരുന്നതെന്നും അദ്ധേഹം പറഞ്ഞവസാനിപ്പിച്ചു.
മക്കള്‍: സുറുമി, സുഹൈല്‍, അഫ്‌ന
#contact_9446640662

No comments:

Post a Comment