അങ്കണവാടികളില്‍ ഉച്ചയ്ക്ക് കുട്ടികളെ കിടത്തി ഉറക്കുന്നത് വര്‍ഷങ്ങളായുള്ള പതിവ് കാഴ്ചയാണ്. പഠനം, കളി, ഭക്ഷണം, ഉറക്കം ഇതാണ് അങ്കണവാടികളെ സ്‌കൂളുകളില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത്. എന്നാല്‍ ഇനിമുതല്‍ അങ്കണവാടികളില്‍ മണിക്കൂറുകളോളം നിര്‍ബന്ധിതമായി കിടത്തി ഉറക്കരുതെന്ന നിര്‍ദ്ദേശവുമായി ഗവ.സ്പെഷല്‍ സെക്രട്ടറി പി.കെ. പ്രഭാകരന്‍. ഇങ്ങനെ ഉറക്കുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തിന് തടസ്സമാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, 36 മാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒന്നുമുതല്‍ മൂന്നുമണിക്കൂര്‍ വരെ പകലുറക്കവും പതിനാലു മണിക്കൂര്‍ രാത്രിയുറക്കവും അത്യാവശ്യമാണെന്നും ബുദ്ധിവികാസത്തിന് കോട്ടം തട്ടില്ലെന്നും തൃശ്ശൂരിലെ മനശാസ്ത്രജ്ഞ വിദഗ്ദ്ധര്‍ പറഞ്ഞു. നിര്‍ബന്ധിച്ച് ഉറക്കുകയോ കളിപ്പിക്കുകയോ ചെയ്യരുതെന്ന നിബന്ധന മാത്രമെ ഉള്ളുവെന്നും മനശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ത്തു.
അങ്കണവാടികളില്‍ ഭൂരിഭാഗവും കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്തതിന് ശേഷം കിടത്തി ഉറക്കുന്നത് പതിവാണ്. എന്നാല്‍ 12 മണിക്ക് ഭക്ഷണം നല്‍കി മൂന്നുമണിവരെ നിര്‍ബന്ധിതമായി കുട്ടികളെ കിടത്തി ഉറക്കുകയാണ് എന്ന പരാതി ഉയര്‍ന്നതിനു പിന്നാലെയാണ് പകലുറക്കം ഒഴിവാക്കാന്‍ നിര്‍ദ്ദേശം. കുട്ടികളുടെ ബുദ്ധിക്ക് മന്ദത വരുത്തുമെന്നാണ് സ്പെഷല്‍ സെക്രട്ടറി ചൂണ്ടികാട്ടിയത്. പനിയോ, ശാരീരിക അസ്വസ്ഥകളോ ഉള്ള കുട്ടികളെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കാം.
കുട്ടികളെ നിര്‍ബന്ധിതമായി കിടത്തി ഉറക്കുന്ന സമയത്ത് ശരീരത്തിന് ഗുണം ചെയ്യുന്ന ചെറിയ തരത്തിലുള്ള കളികളിലും ബുദ്ധിവികാസത്തിന് സഹായകരമാകുന്ന പ്രവര്‍ത്തനങ്ങളിലുമേര്‍പ്പെടാനുള്ള സൗകര്യം അങ്കണവാടികളില്‍ ഒരുക്കാനും നിര്‍ദ്ദേശമുണ്ട്.ഇനി പാചകത്തിന് മണ്ണിന്റെയോ സ്റ്റീലിന്റെയോ പാത്രങ്ങള്‍ മതിയെന്നും നിര്‍ദ്ദേശമുണ്ട്. കാലങ്ങളായി ഉപയോഗിക്കുന്ന അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാചകം ചെയ്യുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ദോഷകരമാണെന്ന് വിലയിരുത്തി ജില്ലാതല സോഷ്യല്‍ ഓഡിറ്റ് സമിതിയാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.
No comments:
Post a Comment