കുട്ടിക്കാലം മുതല്‍ ജാതിവിവേചനത്തിന്റെ ദുഃഖങ്ങള്‍ പേറി ജീവിച്ച പൂവിത സ്വപ്‌നം കണ്ടത് സിവില്‍ സര്‍വീസയായിരുന്നു. തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയില്‍ ചെറിയ വരുമാനം ലഭിക്കുന്ന ക്ഷീരകര്‍ഷകരുടെ മകളുടെ സ്വപ്‌നങ്ങള്‍ മനസിലാക്കുന്നതിന് പലരും പരാജയപ്പെട്ടിരുന്നു. പിന്നോക്ക വിഭാഗത്തിലുള്ള കുടുംബത്തിലെ അംഗമായ പൂവിത കണ്ടത് തങ്ങളെ അപശകുനമായി കാണുന്ന ഒരു വിഭാഗത്തെയായിരുന്നു. മേല്‍ജാതിക്കാരാണെന്ന് വിശേഷണം പേറിയിരുന്നവര്‍ പിന്നോക്ക വിഭാഗത്തിലുള്ളവരെ പേര് പോലും വിളിച്ചിരുന്നില്ല. ജാതിപേര് പറഞ്ഞ് അധിക്ഷേപ സ്വരത്തിലായിരുന്നു എല്ലാവരെയും വിളിച്ചിരുന്നത്. പൂവിതയുടെ കുഞ്ഞു മനസിനെ ഇത് വേദനിപ്പിച്ചിരുന്നു.
പക്ഷേ തന്റെ സ്വപ്‌നം നേടുന്നതിന് കടുത്ത ജാതിവിവേചനവും കുടുംബത്തിന്റെ ദാരിദ്രവും പൂവിതയ്ക്ക് തടസമായിരുന്നില്ല. സ്‌കൂള്‍ പഠനത്തിന് ശേഷം ചരിത്രത്തില്‍ ബിരുദം നേടി സിവില്‍ സര്‍വീസ് എന്ന സ്വപ്‌നത്തിലേക്ക് സഞ്ചരിക്കാന്‍ പൂവിത ആഗ്രഹിച്ചു. പക്ഷേ വീട്ടുകാര്‍ എതിര്‍ത്തു. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പൂവിത കോയമ്പത്തൂര്‍ കുമാരഗുരു കോളജില്‍ ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജിയില്‍ ബിടെക്കിന് ചേര്‍ന്നു. പൂവിതയുടെ കുടുംബത്തില്‍ നിന്നും ആദ്യമായി ബിരുദം നേടുന്ന വ്യക്തിയെന്ന വിശേഷണമാണ് കാലം അവള്‍ക്ക് നല്‍കിയത്.
പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ പൂവിത സിവില്‍ സര്‍വീസിന് പിന്നാലെ പോകാന്‍ ആഗ്രഹിച്ചു. വീട്ടിലെ സാമ്പത്തിക സ്ഥിതി ഇതിന് തടസമായി. തുടര്‍ന്ന് പൂവിത ഇന്‍ഫോസിസില്‍ ജോലിക്ക് ചേര്‍ന്നു. ഇന്‍ഫോസിസിലെ മൂന്നു വര്‍ഷത്തെ ജോലിയിലും പൂവിത സംതൃപ്തിയായില്ല. മനസില്‍ ഐഎഎസ് എന്ന വലിയ ആഗ്രഹം ശക്തമായി മാറുകായിരുന്നു. പക്ഷേ ഈ മോഹത്തിന് ബന്ധുക്കള്‍ എതിരായിരുന്നു. ‘പെണ്‍കുട്ടികള്‍ക്ക് വലിയ വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. ഇനിയും പൂവിതയുടെ പഠനത്തിനായി പണം ചെലവഴിക്കുന്നത് മണ്ടത്തരമാണ്. വേറെ സമുദായത്തില്‍ നിന്നും വിവാഹം കഴിച്ച് പൂവിത പോകും. അയാള്‍ക്ക് വേണ്ടി ഇനിയും പണം ചെലവഴിക്കുന്നതിന്റെ ആവശ്യമില്ലെന്നും’ അവര്‍ മാതാപിതാക്കളോട് പറഞ്ഞു.
വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച പൂവിത ഡല്‍ഹിയിലേക്ക് പോയി. സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തിനായി കഠിനമായി പരിശ്രമം ആരംഭിച്ചു. പക്ഷേ ആദ്യ തവണ പ്രിലിമിനറിയെന്ന കടമ്പയില്‍ തട്ടിവീണു. ഇതോടെ വിവാഹം കഴിക്കാനുള്ള വീട്ടുകാരുടെ നിര്‍ബന്ധത്തിന്റെ ശക്തി വര്‍ധിച്ചു. പക്ഷേ ഇന്ത്യന്‍ റെയില്‍വേ പേഴ്‌സണല്‍ സര്‍വീസിലേക്ക് സെലക്ഷന്‍ കിട്ടിയതോടെ പൂവിത സിവില്‍ സര്‍വീസിനുള്ള ശ്രമം വീണ്ടും തുടങ്ങി. കാത്തിരിപ്പും കഠിനമായ പരിശ്രമവും ഇത്തവണ പൂവിതയെ തുണച്ചു. 2015 ലായിരുന്നു പൂവിത സിവില്‍ സര്‍വീസിലേക്ക് ചുവട് വച്ചത്. 175-ാം റാങ്ക് നേടിയ പൂവതിയക്ക് കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലാണ് നിയമനം ലഭിച്ചത്.
നമ്മുടെ കഴിവുകളില്‍ വിശ്വസിക്കുകയും കഠിനമായി പരിശ്രമിക്കുകയും ചെയുകയും ചെയുന്നവരെ തേടി വിജയം തനിയെ വരുമെന്ന് കര്‍ണാടക കേഡറില്‍ സബ് ഡിവിഷനല്‍ ജില്ലാ മജിസ്‌ട്രേറ്റായി ചുമതലയേറ്റടുക്കുന്നതിന് ഒരുങ്ങുന്ന പൂവിത പറയുമ്പോള്‍ അതിന് പത്തരമാറ്റ് തിളക്കമുണ്ട്.
No comments:
Post a Comment