Breaking

Monday, 20 August 2018

സൈക്കിള്‍ വേണ്ടെന്നുവച്ച് ദുരിതാശ്വാസം; ഈ മിടുക്കന് പകരം കിട്ടിയത്..!




കേരളജനത ഒന്നായി നിന്ന് സംസ്ഥാനത്തിന്റെ ഉയര്‍ത്തെഴുന്നേൽപ്പിനായി കൈകോര്‍ക്കുമ്പോള്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്ന പോലെ ആ യത്നത്തില്‍ പങ്കാളിയായി ഇതാ ഒരു കൊച്ചുമിടുക്കന്‍. ഒാണത്തിന് പുത്തന്‍ സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടി വച്ചിരുന്ന പണക്കിഴി സ്കൂള്‍ അധികൃതരെ ഏല്‍പിച്ചിരിക്കുകയാണ് 4 വയസുകാരനായ സ്രിൻജോയ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായാണ് സ്രിന്‍ജോയിയുടെ കുഞ്ഞുസമ്പാദ്യം.

ഒാണം അവധി കഴിഞ്ഞ‌് സ്കൂളില്‍ തിരിച്ചെത്തുമ്പോള്‍ സ്രിന്‍ജോയിയെ കാത്തിരിക്കുന്നത് സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ ഭാസ്കറിന്റെ വക ഒരു പുതുപുത്തന്‍ സൈക്കിളാണെന്നതാണ് ഈ നന്‍മക്കഥയുടെ ക്ലൈമാക്സ്. കൂടാതെ സ്കൂളില്‍ അനുമോദന ചടങ്ങും സംഘടിപ്പിക്കുമെന്ന് ഹെഡ്മാസ്റ്റര്‍ കെ.ജി.അനില്‍കുമാര്‍ പറഞ്ഞു.
പാലക്കാട് ജില്ലയിലെ കാക്കയൂര്‍‍ എന്ന കൊച്ചു ഗ്രാമത്തിലുള്ള ഡി.എം.എസ്.ബി സ്കൂളിെല എൽകെജി വിദ്യാര്‍ഥിയാണ് സ്രിന്‍ജോയ്. അച്ചന്‍ ശ്രീദാസിന്റെയും അമ്മ ശ്രീജയുടെയും കൂടെ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ കടകളില്‍ നിന്നും ബാക്കി കിട്ടുന്ന ചില്ലറകള്‍ ഒത്തുകൂട്ടി വച്ചു കിട്ടിയ 650 രൂപയാണ് സ്രിന്‍ജോയ് സംഭാവനയായി നല്‍കിയത്. ശനിയാഴ്ച സ്കൂളില്‍ വച്ച് നടന്ന ഓണം അരിവിതരണ ക്യാമ്പിലെത്തി തുക കൈമാറിയത് സ്വന്തം താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയാണെന്ന് അമ്മ ശ്രീജ പറഞ്ഞു.


No comments:

Post a Comment