തിരുവനന്തപുരം: കേരള റിയൽ എസ്റ്റേറ്റ് ചട്ടത്തിന്റെ വിജ്ഞാപനം തയ്യാറായി. കെട്ടിടം നിര്‍മിച്ച് അഞ്ചു വര്‍ഷത്തിനകമുണ്ടാകുന്ന തകരാറുകള്‍ നിര്‍മാതാവ് തന്നെ പരിഹരിക്കണമെന്നും കരാറിൽ വീഴ്ച വരുത്തിയാല്‍ 15 ശതമാനം വരെ പിഴ നല്‍കണമെന്നും ചട്ടത്തില്‍ പറയുന്നു. മന്ത്രിസഭയുടെ അനുമതി കിട്ടിയാലുടൻ വിജ്ഞാപനം പുറത്തിറങ്ങും.
കെട്ടിട നിർമാണ രംഗത്തെ തട്ടിപ്പുകൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് 2016ൽകേന്ദ്ര സർക്കാർ കൊണ്ടുവന്ന റിയൽ എസ്റ്റേറ്റ് റഗുലേഷൻ നിയമത്തിന്റെ ചുവടുപിടിച്ചാണ് കേരള സർക്കാർ ചട്ടത്തിന് രൂപം നൽകിയത്. മറ്റ് സംസ്ഥാനങ്ങൾ നേരത്തെ തന്നെ ചട്ടം തയ്യാറാക്കിയെങ്കിലും കേരളത്തിൽ നടപടികൾ വൈകിയിരുന്നു. ഇപ്പോൾ നിയമ വകുപ്പിന്റെ അംഗീകാരത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ റിയൽ എസ്റ്റേറ്റ് ചട്ടത്തിലെ പ്രധാന വ്യവസ്ഥകൾ ഇങ്ങനെയാണ്.
1. ബിൽഡറും ഏജൻറും റിയൽ എസ്റ്റേറ്റ് റെഗുലേഷൻ അതോറിയിൽ നിന്ന് രജിസ്ട്രേഷൻ എടുക്കുകയും പദ്ധതിയുടെ പൂർണ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും വേണം.
2. നിർമിക്കുന്നത് ഫ്ലാറ്റ് എങ്കിൽ നിർമാതാവ് സ്ക്വയർ മീറ്ററിന് 25 രൂപ തോതിൽ രജിസ്ട്രഷൻ ഫീസ് അടയ്ക്കണം. കെട്ടിടം വാണിജ്യ ആവശ്യത്തിനുള്ളതെങ്കിൽ സ്ക്വയർ മീറ്ററിന് 100 രൂപയാണ് ഫീസ്.
3.റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് രജിസ്ട്രേഷൻ നിർബന്ധം. വ്യക്തിയാണ് രജിസ്ട്രേഷൻ എടുക്കുന്നതെങ്കില്‍25000 രൂപയാണ് ഫീസ്. ഒന്നിലേറെ ആളുകളോ കമ്പനിയോ ആണെങ്കിൽ 2,50000 രൂപയാണ് ഫീസ്.
4. കരാറിൽ വീഴ്ച വരുത്തിയാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രൈം ലെൻഡിംഗ് റേറ്റിന്റെ രണ്ടു ശതമാനം അധികം നിരക്കില്‍ പിഴ നൽകണം. നിലവിൽ 13 ശതമാനമാണ് നിരക്ക്. രണ്ട് ശതമാനം കൂടി ചേരുമ്പോൾ 15 ശതമാനം വരെ പിഴ നൽകേണ്ടി വരാം. വീഴ്ച വരുത്തുന്നത് നിർമാതാവെങ്കിൽ ഉപഭോക്താവിനും ഉപഭോക്താവാണ് വീഴ്ച വരുത്തുന്നതെങ്കിൽ നിർമാതാവിനുമാണ് പിഴ നൽകേണ്ടത്.
5. നിർമാണം പൂർത്തിയാക്കി അഞ്ച് വർഷത്തിനകം കെട്ടിടത്തിന് വരുന്ന എല്ലാ തകരാറുകളും നിർമാതാവ് സ്വന്തം ചെലവിൽ 30 ദിവസത്തിനകം പരിഹരിക്കണം. അല്ലാത്തപക്ഷം ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.
6. ഭൂമിയുമായി ബന്ധപ്പെട്ട കാരണത്താൽ ഉപഭോക്താവിന് നഷ്ടം നേരിട്ടാൽ നിർമാതാവ് നഷ്ടപരിഹാരം നൽകണം. ഉപഭോക്താവ് യഥാസമയം പണം നൽകാതിരുന്നാൽ നിർമാതാവിന് കരാറിൽ നിന്ന് പിൻമാറാനും വ്യവസ്ഥയുണ്ട്.
7. കരാർ ലംഘനം, അപ്പലെറ്റ് ട്രിബ്യൂണൽ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് മുന്ന് വർഷം വരെ തടവും പദ്ധതി തുകയുടെ 10 ശതമാനം വരെ പിഴയും നിർമാതാവിനു മേൽ ചുമത്തുന്ന കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾ ചട്ടത്തിലും അതേപടി നിലനിർത്തിയുണ്ട്.
ഇക്കാര്യങ്ങളെല്ലാം ഉറപ്പാക്കാനായി റിയൽ എസ്റ്റേറ്റ് റഗുലേഷൻ അതോറിറ്റി രൂപീകരിക്കേണ്ടതുണ്ട്. അതോറിറ്റി ചെയർമാനെയും അംഗങ്ങളെയും നിശ്ചയിക്കാനായി ജസ്റ്റിസ് രാമചന്ദ്രൻ നായർ അധ്യക്ഷനായ സേർച്ച് കമ്മിറ്റിയെ സർക്കാർ രൂപീകരിച്ചെങ്കിലും മറ്റു കാര്യങ്ങളിൽ തീരുമാനമായിട്ടില്ല.
No comments:
Post a Comment