Breaking

Friday, 3 August 2018

നടിയെ ആക്രമിച്ച കേസിൽ ‘അമ്മ’യും കക്ഷിചേരും; നിർണായക നീക്കം

നടിയെ ആക്രമിച്ച കേസില്‍ വനിതാ ജ‍ഡ്ജി വേണമെന്ന ഹര്‍ജിയില്‍ അമ്മ എക്സിക്യൂട്ടിവ് അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും കക്ഷിചേരും. വിചാരണ വനിതാ ജഡ്ജി നടത്തണമെന്ന നടിയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം. വനിതാജഡ്ജിയാണ് അഭികാമ്യമെന്ന നിലപാട് ഇക്കാര്യത്തില്‍ സര്‍ക്കാരും കോടതിയില്‍ സ്വീകരിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ദിലീപിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ദിലീപിനുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകുമെന്നും സൂചനയുണ്ട്. പൊലീസ് അന്വേഷണം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ചാണ് ദിലീപിന്റെ ഹര്‍ജി. അന്വേഷണ ഏജന്‍സിയെ തീരുമാനിക്കാന്‍ പ്രതിക്ക് അവകാശമില്ലെന്ന നിലപാടാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്.

അതേസമയം, കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ 32 രേഖകള്‍ കൂടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് വിചാരണക്കോടതിയെ സമീപിച്ചു. ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് അടക്കമുള്ള രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് നടത്തിപ്പിന് ഈ രേഖകള്‍ വിട്ടു കിട്ടേണ്ടത് പ്രതിഭാഗത്തിന്‍റെ അവകാശമാണെന്ന് കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്.
എന്നാല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന രേഖകള്‍ പ്രതിഭാഗത്തിന് നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. കേസിന്‍റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് പ്രതിഭാഗം ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. തന്‍റെ കുറ്റസമ്മത മൊഴി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നല്‍കിയ ഹര്‍ജി കോടതി ഈ മാസം മുപ്പതിന് പരിഗണിക്കും.

No comments:

Post a Comment