Breaking

Tuesday, 28 August 2018

പ്രളയക്കെടുതി: പുനരധിവാസത്തിന് അബ്ദുല്ലക്കുട്ടിയുടെ പതിനഞ്ച് സെന്റ് ഭൂമിയും




കണ്ണൂർ∙ പ്രളയക്കെടുതിയിൽ ദുരന്തമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനു സ്വന്തം പേരിലുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി വിട്ടുനൽകാമെന്ന വാഗ്ദാനവുമായി കോൺഗ്രസ് നേതാവ് എ.പി. അബ്ദുല്ലക്കുട്ടി. 15 സെന്റ് സ്ഥലം കെപിസിസിയുടെ ആയിരം വീട് പദ്ധതിയിലേക്കു വിട്ടുനൽകാനുള്ള സന്നദ്ധതയാണ് അബ്ദുല്ലക്കുട്ടി അറിയിച്ചത്. സെന്റിന് 70,000 രൂപ മതിപ്പുവില വരുന്ന സ്ഥലമാണു വിട്ടുനൽകുന്നത്.

നാലു കുടുംബങ്ങളെയെങ്കിലും ഈ സ്ഥലത്തു പുനരധിവസിപ്പിക്കാനാകുമെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. ഭൂമി നൽകാനുള്ള സമ്മതം കെപിസിസി പ്രസിഡന്റിനെ അറിയിക്കും. ഇതിനു പുറമേ, മുൻ എംപിയെന്ന നിലയിൽ ലഭിക്കുന്ന ഒരു മാസത്തെ പെൻഷൻ– 25700 രൂപ– മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകും. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ ജീവിതം തുലാസിലായ സഹോദരങ്ങളെ സഹായിക്കാൻ കൂടുതൽ പേർ മുന്നോട്ടുവരുന്നതിനുള്ള പ്രചോദനമാകട്ടെ തന്റെ തീരുമാനമെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. കണ്ണൂരിൽനിന്നു രണ്ടു തവണ എംപിയായ അബ്ദുല്ലക്കുട്ടി, രണ്ടു തവണ എംഎൽഎയുമായിരുന്നു.

No comments:

Post a Comment