Breaking

Wednesday, 8 August 2018

ഷവോമിയുടെ പുതു അവതാരം ഇന്ത്യയിലെത്തി, മികച്ച ക്യാമറ

സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ കുതിപ്പു തുടരുന്ന ചൈനീസ് കമ്പനിയായ ഷവോമി പുതിയൊരു മോഡൽ കൂടി അവതരിപ്പിച്ചു. എംഐ എ2 ന്റെ രണ്ടു റാം (RAM) വേരിയന്റുകളാണ് പുറത്തിറക്കിയത്. സോഫ്റ്റ്‌വെയര്‍ സുരക്ഷയും ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാന്നിധ്യവുമാണ് ഫോണുകളുടെ പ്രധാന സവിശേഷതകള്‍.


എംഐ എ2 മോഡലിന് 5.99-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണുള്ളത്. ഇതിന് 2.5D ഗൊറില ഗ്ലാസ് കൊണ്ട് സംരക്ഷണം നല്‍കിയിരിക്കുന്നു. ഇരട്ട സിം സ്വീകരിക്കുന്ന ഈ മോഡലില്‍ പ്യുവർ ആന്‍ഡ്രോയിഡ് ആണ് ഉപയോഗിക്കുന്നത്. ആന്‍ഡ്രോയിഡ് വണ്‍ ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഈ ഫോണിന് എപ്പോഴും സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ലഭിക്കുമെന്നതാണ് മുഖ്യ ഫീച്ചര്‍. ആന്‍ഡ്രോയിഡ് 8.1 ഒറിയോ ആണ് ഫോണിലുള്ളത്. നിരന്തരം ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ ഫോണിന് സുരക്ഷാ ഭീഷണികള്‍ കുറയ്ക്കുമെന്നു കരുതുന്നു.


നാലു കോറുകളുള്ള സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസറാണുള്ളത്. (നാല് 2.2GHz Kyro 260 കോറുകളും, നാല് 1.8GHz Kyro 260 കോറുകളും അടങ്ങുന്നതാണിത്.) 4ജിബി/6ജിബി റാം വേരിയന്റുകളുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേല്‍നോട്ടം വഹിക്കുന്നതാണ് ഈ ഫോണിന്റെ ക്യാമറകള്‍. 20 മെഗാപിക്സൽ സെല്‍ഫി ക്യാമറയ്ക്ക് സോണിയുടെ IMX376 സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് f/1.7 അപേര്‍ച്ചറുള്ള ലെന്‍സാണുള്ളത്. സോഫ്റ്റ് എല്‍ഇഡി ഫ്‌ളാഷുമുണ്ട്. പിന്നിലാകട്ടെ, ഇരട്ട ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളാണ് ഷവോമി പിടിപ്പിച്ചിരിക്കുന്നത്. ഇവയില്‍ പ്രധാന ക്യാമറയ്ക്ക് 12 മെഗാപിക്സലാണുള്ളത്. സോണിയുടെ ക്യാമറ സെന്‍സര്‍ തന്നെ ഉപയോഗിച്ചിരിക്കുന്നു- IMX486. ക്യാമറയ്ക്ക് അപേര്‍ച്ചര്‍ f/1.75 ആണുള്ളത്. (1.25-മൈക്രോണ്‍ പിക്‌സല്‍സ്). രണ്ടാമത്തെ ക്യാമറയ്ക്ക് 20 മെഗാപിക്സൽ സെന്‍സറാണ് നല്‍കിയിരിക്കുന്നത്. പിന്‍ക്യാമറ സെറ്റ്-അപിന് ഫെയ്‌സ് ഡിറ്റക്‌ഷന്‍ ഓട്ടോഫോക്കസും ഇരട്ട എല്‍ഇഡി ഫ്ലാഷുമുണ്ട്. ഈ സിസ്റ്റം മികച്ച പ്രകടനം നടത്തിയേക്കുമെന്നു കരുതുന്നു.
മുന്‍-പിന്‍ ക്യാമറ സിസ്റ്റങ്ങളിലെ എഐക്ക് ഫോട്ടോ എടുക്കുന്ന മിക്ക സീനും കണ്ടാലറിയാവുന്നതു കൊണ്ട് മികച്ച കളര്‍ പിടിച്ചെടുക്കാനാകുമെന്നു പറയുന്നു. എഐ പോര്‍ട്രെയ്റ്റ് മോഡ്, എഐ ബാക്ഗ്രൗണ്ട് ബോ-കെ, എഐ സ്മാര്‍ട്ട് ബ്യൂട്ടി 4.0 എന്നീ ഫീച്ചറുകളുമുണ്ട്. ഫെയ്‌സ് അണ്‍ലോക്കുമുള്ള ഫോണിന് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പിന്നിലാണ് പിടിപ്പിച്ചിരിക്കുന്നത്.
3010 mAh ബാറ്ററിയുള്ള ഫോണിന് ക്വിക് ചാര്‍ജ് 3.0 ഫീച്ചറുമുണ്ട്. ഇതിലൂടെ 50 ശതമാനം ചാര്‍ജ് 30 മിനിറ്റു കൊണ്ട് നിറയ്ക്കാം. ഇത്തരം ഒരു ഫോണില്‍ നിന്നു പ്രതീക്ഷിക്കുന്ന എല്ലാ കണക്ടിവിറ്റി ഫീച്ചറുകളും, സെന്‍സറുകളും Mi A2വിന് ഉണ്ട്. ബ്ലൂടൂത്ത്-5 ആണ് എടുത്തു പറയാനുള്ള ഒരു ഫീച്ചര്‍. 168 ഗ്രാമാണ് ഭാരം.

ഇന്ത്യയിൽ ഈ ഫോണിന്റെ തുടക്ക മോഡലിന് (4GB RAM/ 64GB) വില 16,999 രൂപയാണ്. 6GB RAM/ 128GB മോഡലും വിൽപനയ്ക്കുണ്ട്. ഓഗസ്റ്റ് 9ന് ഉച്ചയ്ക്ക് 12 ന് ആമസോൺ ഇന്ത്യ, എംഐ ഡോട്ട് കോം വഴിയാണ് പ്രീ ഓർഡർ സ്വീകരിക്കുന്നത്. ഓഗസ്റ്റ് 16 ന് ആമസോണിൽ ഫ്ലാഷ് സെയിലും നടക്കും. ഇതോടൊപ്പം ജിയോയുടെ 2,220 ക്യാഷ്ബാക്കും ലഭിക്കും.

No comments:

Post a Comment