Breaking

Wednesday, 8 August 2018

ടൊയോട്ട ബലെനോയും മാരുതി കൊറോളയും വിപണിയിലേക്ക്.

ഇന്ത്യയില്‍ മാരുതി സുസുക്കിയും ടൊയോട്ടയും തമ്മില്‍ കാറുകള്‍ കൈമാറാന്‍ ധാരണയായത് അടുത്തിടെയാണ്. പുതിയ കൂട്ടുകെട്ടിന്റെ അടിസ്ഥാനത്തില്‍ ബലെനോ, വിറ്റാര ബ്രെസ്സ മോഡലുകളെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ടൊയോട്ടയ്ക്ക് നല്‍കും. പകരം കൊറോള ആള്‍ട്ടിസിനെ ടൊയോട്ടയില്‍ നിന്നും മാരുതി കടമെടുക്കും.
കിട്ടിയ മോഡലുകളില്‍ ആവശ്യമായ രൂപമാറ്റങ്ങള്‍ വരുത്തി റീബാഡ്ജ് ചെയ്തു വില്‍പനയ്‌ക്കെത്തിക്കുകയാണ് ഇരു കമ്പനികളുടെയും ലക്ഷ്യം.
അതായത് ബലെനോ, വിറ്റാര ബ്രെസ്സ മോഡലുകള്‍ ടൊയോട്ടയുടെ പേരിലും കൊറോള ആള്‍ട്ടിസ് മാരുതിയ്ക്ക് കീഴിലും വിപണിയില്‍ അണിനിരക്കും
ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 25,000 ബലെനോ ഹാച്ച്ബാക്കുകളെയാണ് മാരുതി സുസുക്കി ടൊയോട്ടയ്ക്ക് കൈമാറുക. ടൊയോട്ട ലോഗോ പതിയുന്ന ആദ്യ മാരുതി കാറായിരിക്കും ബലെനോയെന്നു പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ടൊയോട്ട ബാഡ്ജ് ഒരുങ്ങുന്ന ബലെനോയെ അടുത്ത സാമ്പത്തികവര്‍ഷം ആദ്യപാദം വിപണിയില്‍ പ്രതീക്ഷിക്കാം. കേവലം പേരുമാത്രം മാറ്റി അവതരിപ്പിക്കുന്ന പതിവു ബാഡ്ജ് എഞ്ചിനീയറിങ്ങില്‍ ടൊയോട്ടയ്‌ക്കോ മാരുതിയ്‌ക്കോ താത്പര്യമില്ല.
ഗ്രില്ല്, ബമ്പര്‍, ഹെഡ്‌ലാമ്പ്, ടെയില്‍ലാമ്പ് ഉള്‍പ്പെടെ രൂപകല്‍പനയില്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ ഇരു കമ്പനികളും സ്വീകരിക്കും. അകത്തളത്തിലും മാറ്റങ്ങള്‍ നടപ്പിലാകുമെന്നാണ് സൂചന. മോഡലുകള്‍ക്ക് വേറിട്ട വ്യക്തിത്വമാണ് ടൊയോട്ടയും മാരുതിയും ആഗ്രഹിക്കുന്നത്.
എന്നാല്‍ മോഡലുകളുടെ അടിത്തറയിലോ, സാങ്കേതിക മുഖത്തോ കൈകടത്താന്‍ ഇരു കമ്പനികള്‍ക്കും ഉദ്ദേശമില്ല. വിറ്റാര ബ്രെസ്സ, ബലെനോ എന്നീ രണ്ടു ഹിറ്റ് മോഡലുകള്‍ ശ്രേണിയിലെ വിടവു നികത്താന്‍ ഉപകരിക്കുമെന്നു ടൊയോട്ട കരുതുന്നു.
പ്രചാരമേറിയ കോമ്പാക്ട് എസ്‌യുവി, പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ടൊയോട്ടയ്ക്ക് കടന്നുവരാനുള്ള കുറുക്കുവഴി കൂടിയാണിത്. സമാനമായി കൊറോള സെഡാന്‍ മാരുതിയുടെ പ്രീമിയം നിരയ്ക്ക് പുത്തനുണര്‍വേകും. നിലവില്‍ സിയാസ് മാത്രമാണ് മാരുതിയുടെ പ്രീമിയം സെഡാന്‍.
സംയുക്ത പങ്കാളിത്തം മുന്‍നിര്‍ത്തി വിപണിയില്‍ മോഡല്‍ നിര വിപുലപെടുത്തുകയാണ് ഇരു നിര്‍മ്മാതാക്കളുടെയും ലക്ഷ്യം. ധാരണയുടെ അടിസ്ഥാനത്തില്‍ കാര്‍ നിര്‍മ്മാണ ഘടകങ്ങളുടെ പ്രാദേശിക സമാഹരണം ടൊയോട്ടയും സുസൂക്കിയും പരമാവധി വര്‍ധിപ്പിക്കും.
അടുത്തിടെയാണ് ഫോര്‍ഡും മഹീന്ദ്രയും ഇന്ത്യയില്‍ പുതിയ വാഹനങ്ങളെ വികസിപ്പിക്കാനുള്ള ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. മഹീന്ദ്രയുടെ അടിത്തറയില്‍ നിന്നും ഇടത്തരം സി സെഗ്മന്റ് എസ്‌യുവിയെ ഫോര്‍ഡും മഹീന്ദ്രയും സംയുക്തമായി വികസിപ്പിക്കും.
പുതിയ എസ്‌യുവിയെ ഇരു കമ്പനികളും സ്വന്തം ബ്രാന്‍ഡിന് കീഴില്‍ വെവ്വേറെയാണ് വിപണിയില്‍ അവതരിപ്പിക്കുക. എന്നാല്‍ മോഡല്‍ നാമം വ്യത്യസ്തമായിരിക്കും. ഇടത്തരം എസ്‌യുവിക്ക് പുറമെ പുതിയ കോമ്പാക്ട് എസ്‌യുവിയെയും വൈദ്യുത മോഡലിനെയും വികസിപ്പിക്കാന്‍ ഇരു കമ്പനികളും ധാരണയില്‍ എത്തിയിട്ടുണ്ട്.
ധാരണയുടെ അടിസ്ഥാനത്തില്‍ ഫോര്‍ഡിന്റെ ഭാവി മോഡലുകള്‍ മഹീന്ദ്ര എഞ്ചിനുകള്‍ അണിനിരക്കും. ഇന്ത്യന്‍ യൂട്ടിലിറ്റി വാഹന ശ്രേണിയില്‍ മഹീന്ദ്രയ്ക്കുള്ള സ്വാധീനം ഉപയോഗപ്പെടുത്തുകയാണ് ഫോര്‍ഡിന്റെ ലക്ഷ്യം.

No comments:

Post a Comment