Breaking

Tuesday, 7 August 2018

ഉടല് മണ്ണുക്ക്… ഉയിര് തമിഴുക്ക് ' എന്ന് തമിഴ്ജനതയെ പാടിപ്പഠിപ്പിച്ച മനുഷ്യൻ

ഒരു മലയുടെ മാത്രം അകലമാണ് കേരളവും തമിഴ്നാടും തമ്മിൽ. പക്ഷെ  ഒരിക്കലും മലയാളിക്ക് മനസ്സിലാകാത്ത രാഷ്ട്ട്രീയ ഭൂമികയാണ് തമിഴകം. ഭാഷയും സാഹിത്യവും അഭിനയവും അഴിതിയും ഏകാധിപത്യവും സ്വജനപക്ഷപാതവും കൈയ്യൂക്കും കുറേ സൗജന്യങ്ങളും ഒക്കെ കൂടിക്കുഴയുന്ന അതിവൈകാരികതയാണ് മലയാളിയുടെ കണ്ണിൽ തമിഴ് രാഷ്ട്രിയം.  മലയാളിക്കെന്നല്ല, മഹാഭാരത്തിലെ മറ്റൊരു ദേശത്തിനും അത്ര പെട്ടെന്ന് തമിഴന്റെ രാഷ്ട്രീയം മനസ്സിലായെന്ന് വരില്ല.  പക്ഷെ അതിതീവ്രമായ ഈ സ്വത്വബോധത്തിന് നൂറ്റാണ്ടിന്‍റെ  അല്ല, ആയിരം ആണ്ടും കഴിയുന്ന ചരിത്രമുണ്ട്. അതിനെ ദ്രാവിഡ രാഷ്ട്രീയമെന്ന വൻ വൃക്ഷമാക്കി മാറ്റിയതിൽ  ഈ മനുഷ്യന്‍റെ വിയർപ്പും കൂർമ്മബുദ്ധിയും അധികാരത്തോടുള്ള അടങ്ങാത്ത ത്വരയുമുണ്ട്.
 എം കരുണാനിധി, മുത്തുവേൽ കരുണാനിധി.
ആ പേരിൽ തന്നെ തുടങ്ങുന്നു കരുണാനിധിയുടെ രാഷ്ട്രീയം.  
1924 ജൂൺ മൂന്നിന് തിരുവാരൂരിന് അടുത്തുള്ള തിരുക്കുവളൈയിൽ ജനിച്ച മുത്തുവേലരുടെയും അഞ്ജുകം അമ്മാളുടെയും മകന്‍റെ പേര് ദക്ഷിണാമൂർത്തി എന്നായിരുന്നു. ക്ഷേത്രങ്ങളിൽ നൃത്തവും സംഗീതവും കുലത്തൊഴിലായി സ്വീകരിച്ചിരുന്ന ഇശൈ വെള്ളാള സമുദായത്തിൽ പെട്ടവരായിരുന്നു മുത്തുവേലരും അഞ്ജുകം അമ്മാളും.  ശൈവ ബ്രാഹ്മണിക അടിമത്തത്തിൽ നിന്നാണ് മകന് ദക്ഷിണാമൂർത്തിയെന്ന് പേരിടാൻ തോന്നിയതെന്ന് അവർ ചിന്തിച്ചില്ല. പക്ഷെ അച്ഛന്‍റെ സംഗീതത്തിനും അമ്മയുടെ നൃത്തത്തിനും അപ്പുറം തമിഴ് ഭാഷയുടെയും ദ്രാവിഡ സ്വത്വത്തിന്‍റെയും ബോധത്തിൽ വളർന്ന മകന് ദക്ഷിണാമൂ‍ർത്തിയെന്ന സംസ്കൃത നാമം ബാധ്യതയായി. ഇന്ത്യയുടെ വടക്ക് നിന്ന് തെക്കിന് മേൽ കെട്ടിവയ്ക്കപ്പെട്ട ബ്രാഹ്മണിക മേധാവിത്തത്തോടുള്ള കലഹമായാണ് മുത്തുവേൽ കരുണാനിധിയെന്ന പേര് അദ്ദേഹം സ്വയം എടുത്തണിഞ്ഞത്.   
പതിനാലാം വയസിൽ കേട്ട നീതികച്ചി നേതാവ് അഴഗിരി സ്വാമിയുടെ പ്രസംഗമാണ് കരുണാനിധിയെ ഏറെ സ്വാധിനിച്ചത് . അതിന്‍റെ ഫലമായി തമിഴ് മാനവർ മൺട്രം എന്ന പേരിൽ ദ്രാവിഡ യുവജന സംഘം രൂപമെടുത്തു. മാനവർ നേസൻ എന്ന പേരിൽ കൈയ്യെഴുത്ത് മാസികയും തുടങ്ങി. 1942ൽ കൈയ്യെഴുത്ത് മാസിക മുരസൊലിയെന്ന പേരിൽ പത്രമായി. സിനിമയും നാടകവും കവിതയും കൂടെച്ചേർന്നപ്പോൾ  പെരിയോർ ഇവിആറും അണ്ണാദുരൈയും ഒരുമിച്ച് നിന്നിരുന്ന ദ്രാവിഡ കഴകത്തിന്‍റെ യുവശബ്ദമാകാൻ കരുണാനിധിക്കായി.  ഇവിആറിനോട് പിണങ്ങി അണ്ണാദുരൈ ദ്രാവിഡ മുന്നേറ്റ കഴകം ഉണ്ടാക്കുമ്പോൾ സ്ഥാപക നേതാക്കളിൽ പ്രമുഖനായി ഒപ്പം നിന്നു.  
ചാട്ടുളി പോലുളള പ്രസംഗമായിരുന്നു കരുണാനിധിയുടെ ആയുധം. സംഘകാലം മുതൽക്കേ മൂവരശരുടെ മേടകളിലും കുറുനില മന്നൻമാരുടെയും ചിറ്റരചൻമാരുടെയും സ്ഥാനങ്ങളിലും കവികൾ  തമിഴകത്ത് സർവാദരണീയരും ഉപദേശകരും രാജതന്ത്രജ്ഞരും ഒക്കെയായിരുന്നു. സംഘസാഹിത്യത്തിൽ അതീവ തത്പരനും പാണ്ഡിതനുമായിരുന്ന കരുണാനിധി അത്തരമൊരു അവസ്ഥയിൽ സ്വയം അവരോധിതൻ ആകുയായിരുന്നു. തമിഴ് ഭാഷ തന്നെയാണ് അതിന് ആയുധമാക്കിയതും.  
1953 ൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ ഭാഗമായി നടന്ന കല്ലക്കുടി സമരത്തിലൂടെയാണ് കരുണാനിധി ജനങ്ങളുടെ ഹീറോയായി മാറുന്നത്.
തമിഴ് രാഷ്ട്രീയത്തിൽ സിനിമാ താരങ്ങൾക്ക് ലഭിക്കുന്ന അതിസ്വീകാര്യത എപ്പോഴും മലയാളികളെ അസ്വസ്ഥരാക്കാറുണ്ട്.  എന്നാൽ ദ്രാവിഡ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയതിൽ തമിഴ് സിനിമയ്ക്കുള്ളത് വലിയ സ്ഥാനമാണ്.  സിനിമയെ രാഷ്ട്രീയത്തിനുളള പ്രചാരണ ആയുധമാക്കി നല്ല പോലെ ഉപയോഗിക്കാൻ കരുണാനിധിക്ക് കഴിഞ്ഞു. അദ്ദേഹത്തിന്‍റെ രചനയിൽ 1952-ൽ പുറത്തിറങ്ങിയ പരാശക്തി എന്ന ചിത്രം വലിയ കോലാഹലങ്ങളാണ് തമിഴ്നാട്ടിൽ ഉണ്ടാക്കിയത്. ബ്രാഹ്മണിക മേധാവിത്തത്തെയും ജന്മി സമ്പ്രദായത്തെയും നിശിതമായി വിമർശിക്കുന്ന ചിത്രങ്ങൾ വീണ്ടും ആ പേനയിൽ നിന്ന് വന്നു. കരുണാനിധിയുടെ വാക്കുകളിലൂടെയാണ് എംജിആറും ശിവാജി ഗണേശനുമെല്ലാം തമിഴ് ജനതയുടെ ഇഷ്ട നായകരായത്.  എംജിആറിന്‍റെയും കരുണാനിധിയുടെയും സൗഹൃദത്തെ വളർത്തിയതും സിനിമയായിരുന്നു.
നായകനെന്ന നിലയിൽ എംജിആർ നേടിയെടുത്ത ജനപ്രീതി വളമാക്കി ഡിഎംകെ വളർന്നുവെന്നതും ചരിത്രം. കോൺഗ്രസിന്‍റെ സർവാധിപത്യം തകർത്ത് അങ്ങനെ 1967-ൽ ഡിഎംകെ അധികാരത്തിലെത്തി. കരുണാനിധി പൊതുമരാമത്ത് മന്ത്രിയുമായി. എംജിആറുമായി ഉണ്ടായിരുന്ന സൗഹൃദമാണ് അണ്ണാദുരൈ മരിച്ചപ്പോൾ പാർട്ടിയുടെ നേതൃസ്ഥാനത്തേക്കും മുഖ്യമന്ത്രി പദത്തിലേക്കും എത്താൻ കരുണാനിധിയെ സഹായിച്ചത് . നെടുഞ്ചേഴിയനെ വെട്ടാൻ അന്ന് ഒപ്പം നിന്ന എംജിആർ പിന്നീട് എഐഎഡിഎംകെ എന്ന പാർട്ടിയുമായി കുറുകെ വന്നതും ചരിത്രം.
ദ്രാവിഡ രാഷ്ട്ര സൃഷ്ടിക്കായി മുളച്ചുപൊന്തിയ തമിഴ് രാഷ്ട്രീയം പിന്നീട് എത്തിച്ചേർന്നത് അധികാരമെന്ന ലക്ഷ്യത്തിലേക്കാണ്. അധികാരം മറ്റെന്തിനുമപ്പുറം ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ ആപ്തവാക്യമായി. ആ ആപ്തവാക്യത്തിന്‍റെ  ഉറച്ച വക്താവായിരുന്നു കലൈ‍ഞ്ജർ. അധികാരത്തിന്‍റെ പേരിൽ നഷ്ടപ്പെട്ട എംജിആറിന്‍റെ സൗഹൃദം അദ്ദേഹത്തിൽ നിന്ന് കവർന്നെടുത്തതും അതേ അധികാരം തന്നെയാണ്.  എംജിആറിന്‍റെ  മരണം വരെ തമിഴ്നാട് മുഖ്യമന്ത്രി പദത്തിലേക്ക് എത്തി നോക്കാൻ കരുണാനിധിക്ക് കഴിയാതെ പോയി.  എംജിആറിന്‍റെ മരണശേഷം  ജാനകി രാമചന്ദ്രൻ, ജയലളിത പക്ഷങ്ങളായി എഐഎഡിഎംകെ പിരിഞ്ഞപ്പോഴാണ് 1989 ൽ കരുണാനിധി വീണ്ടും അധികാരത്തിലേക്ക് വരുന്നത്.
എംജിആറിന്‍റെ പിൻഗാമിയായി എത്തിയ ജയലളിതയെ ആദ്യകാലങ്ങളിൽ വലിയ എതിരാളിയായി കരുണാനിധി കണ്ടിരുന്നില്ല. അയ്യങ്കാർ കുടുംബത്തിൽ ജനിച്ച ഒരു നടിക്ക് ദ്രാവിഡ രാഷ്ട്രീയത്തിൽ വലിയ അദ്ഭുതങ്ങൾ കാട്ടാൻ കഴിയുമെന്ന് അദ്ദേഹം കരുതിയില്ല. പക്ഷെ  1989 മാർച്ച് 25 ന്  തമിഴ്നാട് നിയമസഭയിൽ നടന്ന ചില സംഭവങ്ങൾ കാര്യങ്ങളാകെ മാറ്റിമറിച്ചു. ഡിഎംകെ അംഗങ്ങൾ കൈയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് കരഞ്ഞ് കൊണ്ട് തമിഴ്നാട് നിയമസഭയുടെ പടികളിറങ്ങിയ ജയലളിത, മുഖ്യമന്ത്രിയായല്ലാതെ ഇനി സഭയിലേക്ക് തിരികെയില്ലെന്ന് ഉഗ്ര ശപഥമെടുത്തു. പിന്നെയുള്ളത് കലൈ‍ഞ്ജരും ജയലളിതയും തമ്മിലുള്ള നേർക്ക് നേർ യുദ്ധത്തിന്‍റെ ചരിത്രം.  പരസ്പരം ജയിലിനുള്ളിലാക്കിയും അന്വേഷണം നടത്തിയും പടവെട്ടിയ തമിഴ് പോരിന്‍റെ  ചരിത്രം. ജയ അധികാരത്തിലെത്തുമ്പോള്‍  കരുണാനിധിയും, കരുണാനിധി അധികാരത്തിലെത്തുമ്പോൾ ജയലളിതയും നിയമസഭയിൽ കയറുന്നത് അപൂർവ സംഭവങ്ങളായി. 2006 ലാണ് അഞ്ചാം വട്ടം കരുണാനിധി മുഖ്യമന്ത്രിയായത്.
ദേശീയ രാഷ്ട്രീയത്തിൽ എന്നും തമിഴ്നാടിന് വലിയ സ്ഥാനമുണ്ട്. പക്ഷെ ഏതെങ്കിലും കക്ഷിയ്ക്കൊപ്പം സ്ഥിരമായി നിന്ന ചരിത്രം തമിഴ്നാടിന് ഇല്ല. എഐഎഡിഎംകെയും ഡിഎംകെയും അത് തെറ്റിക്കാറില്ല. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് അവർക്കൊപ്പം നിന്ന കരുണാനിധി ശ്രീലങ്കൻ തമിഴ് പ്രശ്നത്തിന്‍റെ പേരിൽ പിന്നീട് കോൺഗ്രസിനോട് അകന്നു. ശ്രീലങ്കൻ തമിഴ് പ്രശ്നത്തിൽ എടുത്ത നിലപാടുകൾ രാജീവ് ഗാന്ധിയുടെ മരണ സമയത്ത് പാർട്ടിയെ പ്രതിരോധത്തിലുമാക്കി.  ഹിന്ദുത്വത്തിനെതിരെ പേരുകൊണ്ട് പോലും പോരാടിയ കരുണാനിധിക്ക് പക്ഷെ ഹിന്ദു വർഗീയ പാർട്ടിയായ ബിജെപി നേതൃത്വം നൽകിയ എൻഡിഎയ്ക്ക് ഒപ്പം നിൽക്കാൻ ഒരു മടിയും ഉണ്ടായിരുന്നില്ല.  അവിടുന്ന് ചാടി കോൺഗ്രസിന്‍റെ യുപിഎക്ക് ഒപ്പമെത്തുന്നതിന് വലിയ താമസവും വേണ്ടിവന്നിട്ടില്ല.
2004 -ൽ തമിഴകത്തെ 39 ലോക്സഭാ സീറ്റ് നേടിയ ഡിഎംകെ യുപിഎ സർക്കാരിലെ നിർണായക പാർട്ടിയായിരുന്നു. യുപിഎയിൽ കക്ഷിയായിരുന്ന ഈ കാലത്താണ് കരുണാനിധി തന്‍റെ ജീവിതത്തിലെ ഏറ്റവും നിർണായക പ്രതിസന്ധി നേരിട്ടതും.
ഡിഎംകെയിൽ നിന്ന് കേന്ദ്രമന്ത്രിമാരായ ദയാനിധിമാരനും എ രാജയും ഉൾപ്പെട്ടത് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി ആരോപണങ്ങളിൽ. സ്വന്തം മകൾ കനിമൊഴിയും അഴിക്കുള്ളിലാകുന്നത് അദ്ദേഹത്തിന് കാണേണ്ടി വന്നു . 
പിന്തുടർച്ച തർക്കത്തിലാണ് കരുണാനിധിക്ക് അടിതെറ്റിയത്. മൂന്ന് ഭാര്യമാരിലായി ആറു മക്കൾ.  ആദ്യഭാര്യയായ പത്മാവതിയിൽ ഉണ്ടായ മകൻ എം കെ മുത്തുവിനെ പിൻമുറക്കാരനാക്കി വളർത്താനുള്ള ശ്രമം ആദ്യമേ പാളി. രണ്ടാം ഭാര്യ ദയാലു അമ്മാളിൽ ജനിച്ച മകൻ അഴഗിരിയെ കേന്ദ്രമന്ത്രിയാക്കിയെങ്കിലും അഴിമതിയിൽപ്പെട്ട് പ്രതിച്ഛായ നഷ്ടമായി. അഴഗിരി കലൈഞ്ജരുടെ ഏറ്റവും വലിയ തലവേദനയുമായി. അഴഗിരിയുടെ സഹോദരൻ സ്റ്റാലിനാണ് ഇപ്പോൾ കരുണാനിധിയുടെ പിൻഗാമി. മൂന്നാം ഭാര്യ രാജാത്തി അമ്മാളിലെ മകൾ കനിമൊഴി കലൈഞ്ജരുടെ കവിതാ വാസനയിലും പിൻമുറക്കാരിയാണ്.
കരുണാനിധി തമിഴ്‍രാഷ്ട്രീയത്തിലെ മാത്രമല്ല, ലോക രാഷ്ട്രീയത്തിലെ തന്നെ പ്രതിഭാസമാണ്. 1969 മുതൽ ഇതുവരെയും പാർട്ടിയുടെ അമരക്കാരനായി തുടരുക. ക്യൂബൻ വിപ്ലവനായകൻ ഫിദൽ കാസ്ട്രോയല്ലാതെ മറ്റാരും ഇത്രയും നാൾ ഒരു പാർട്ടിയുടെ നേതൃസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്നിട്ടില്ലെന്നതാണ് ചരിത്രം. സ്വന്തം അധികാരം ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലും കരുണാനിധി തമിഴ് ജനതയ്ക്ക് നൽകിയ സംഭാവനകൾ മറക്കാൻ പാടില്ലാത്തതാണ്. തമിഴ് നാട്ടിൽ റേഷൻ സന്പ്രദായം ജനകീയമാക്കിയത് കരുണാനധിയുടെ മികവായിരുന്നു.  ഒരു രൂപയ്ക്ക് അരിയെന്ന തമിഴ് രാഷ്ട്രീയ മാജിക്കിന്‍റെ ആദ്യവക്താവും അദ്ദേഹമാണ്. 
‘ഉടല് മണ്ണുക്ക്… ഉയിര് തമിഴുക്ക് എന്ന് തമിഴ്ജനതയെ പാടിപ്പഠിപ്പിച്ച മനുഷ്യൻ യാത്രയാകുമ്പോൾ ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ ആമുഖം മുതലിന്നോളമുള്ള നിർണായക നാമമാണ് ചരിത്രമാകുന്നത്.

No comments:

Post a Comment