Breaking

Monday, 6 August 2018

കോഴിക്കര്‍ഷകരെ വളരാന്‍ അനുവദിക്കാത്തത് തമിഴ്‌നാട്ടില്‍ നിന്നുള്ള ലോബികളോ


                                         
 സാധാരണക്കാരായ ആളുകള്‍ക്ക് വരുമാനമാര്‍ഗം നേടിക്കൊടുക്കുന്ന ഒരു സംരംഭമാണ് കോഴി വളര്‍ത്തല്‍. ഇറച്ചിക്കോഴി വളര്‍ത്തല്‍, മുട്ടക്കോഴി വളര്‍ത്തല്‍ എന്നീ രണ്ടു സംരംഭങ്ങളാണ് ഇവിടെയുള്ളത്. കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഹാച്ചറികളുടെ നടത്തിപ്പ്, അവയുടെ വിതരണം, തീറ്റയുല്‍പാദനം, മുട്ട-ഇറച്ചി എന്നിവയുടെ വിപണനം എന്നീ രംഗങ്ങളില്‍ നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എഗ്ഗര്‍ നഴ്‌സറികളും കേരളത്തില്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നുണ്ട്. ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ രണ്ടു മാസക്കാലം വളര്‍ത്തി  കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന യൂണിറ്റുകളാണ് എഗ്ഗര്‍ നഴ്‌സറികള്‍. ഇത്തരം സംരംഭങ്ങള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കേരളത്തിലുള്ള വെല്ലുവിളികള്‍ എന്തെല്ലാമാണ്?
1995 മുതല്‍ ഹാച്ചറി രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന ജോജി ആ കാലഘട്ടങ്ങളില്‍ മുട്ടക്കോഴികളില്‍ നിന്ന് ഇന്നത്തെപ്പോലെ മുട്ടകള്‍ ലഭിക്കുമായിരുന്നില്ലെന്ന് ഓര്‍ക്കുന്നു.

                                    "ആദ്യകാലങ്ങളില്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ രണ്ട് കിലോ തീറ്റ കൊടുക്കുമ്പോളാണ് ഒരു കിലോ ഇറച്ചിക്കോഴി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിരുന്നത്. 45 ദിവസം കൊണ്ടാണ് രണ്ട് കിലോ കോഴിയായി മാറുകയുള്ളു. ഇന്ന് ഏതാണ്ട് മുപ്പത്തഞ്ച് ദിവസം കൊണ്ട് രണ്ടുകിലോ കോഴി ആയിത്തീരും. തീറ്റ പരിവര്‍ത്തന ശേഷി ഏതാണ്ട് 1.6 ല്‍ എത്തിനില്‍ക്കുന്നു. ഒരു കിലോ അറുനൂറ് ഗ്രാം തീറ്റ കൊടുത്താല്‍ ഒരു കിലോ ഇറച്ചി ഉത്പാദിപ്പിക്കുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുകയാണ് ഇന്ന്. ക്രോസ് ബ്രീഡിങ്ങ് രംഗത്ത് വന്നിരിക്കുന്ന വളര്‍ച്ചയാണ് അത്. കുറഞ്ഞ തീറ്റ കൊടുത്ത് ഏറ്റവും കൂടുതല്‍ ഇറച്ചി ഉത്പാദിപ്പിക്കുന്ന ടെക്‌നോളജിയാണ് ഏറ്റവും പ്രധാനം."
മുട്ടക്കോഴികള്‍ക്കും ഇറച്ചിക്കോഴികള്‍ക്കും ഹാച്ചറി എന്ന സംരംഭം ഒന്നു തന്നെയാണെന്ന് ജോജി പറയുന്നു. 'മുട്ടക്കോഴികളുടെയും ഇറച്ചിക്കോഴികളുടെയും കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന സംരംഭമാണ് ഹാച്ചറി. ഹാച്ച് ചെയ്യുന്ന ഇന്‍ക്യൂബേറ്ററുകളില്‍ മുട്ടക്കോഴികളെയും ബ്രോയിലര്‍ കോഴികളെയും നമുക്ക് വിരിയിക്കാന്‍ സാധിക്കും.  ഇറച്ചിക്കോഴികളില്‍ വെന്‍കോബ് ഫോര്‍ 30 എന്ന ബ്രീഡാണ് ഞങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. എപി 95 എന്ന പേരിലുള്ള എവിഎന്‍ ഗ്രൂപ്പിന്റെ ബ്രോയിലര്‍ കുഞ്ഞുങ്ങളെയാണ് ഉത്പാദിപ്പിക്കുന്നത്. മുട്ടക്കോഴികളില്‍ അത്യുത്പാദന ശേഷിയുള്ള  ബി.വി 380 ആണ് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്'.
ഇവര്‍ ഉത്പാദിപ്പിക്കുന്ന കോഴികളെ ചെറിയ മൈക്രോ യൂണിറ്റുകള്‍ക്കാണ് കൊടുക്കുന്നത്. കോഴികള്‍ക്ക് വളരാനുള്ള ബാറ്ററി കൂടുകളാണ് ഒരുക്കിയിരിക്കുന്നത്. 25 മുതല്‍ 100 കോഴികളെ വരെ വളര്‍ത്തുന്ന മൈക്രോയൂണിറ്റുകളാണ് ജോജി നടത്തിക്കൊണ്ടുപോകുന്നത്. ഒരു കോഴിയുടെ ജീവിതചക്രം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാ വാക്‌സിനും ഇവര്‍ കൊടുക്കുന്നു.
ബി.വി 380 കോഴികളുടെ പ്രത്യേകത 
പച്ചക്കറികളാണ് ബി.വി 380 കോഴികള്‍ക്ക് ഭക്ഷണമായി നല്‍കുന്നത്. അസോള പായല്‍, ഹൈഡ്രോപോണിക്‌സ് ഫോഡര്‍, ചക്ക, ചക്കക്കുരു എന്നിവയെല്ലാം ഇത്തരം കോഴികള്‍ ഭക്ഷണമാക്കും. ഏതാണ്ട് നാലര മാസം മുതല്‍ അഞ്ച് മാസം വരെ പ്രായമെത്തിയ ബി.വി 380 കോഴികളെ ഇവര്‍ വിതരണം ചെയ്യുന്നു. മാരക്‌സ്, വിവിഎന്‍ഡി തുടങ്ങിയ എല്ലാ വാക്‌സിനുകളും നല്‍കുന്നു. കോഴികളുടെ ചുണ്ട് മുറിക്കല്‍, രണ്ട് പ്രാവശ്യം ഡി വാമിങ് ചെയ്യല്‍ എന്നിവയെല്ലാം കഴിഞ്ഞ് മുട്ടയ്ക്ക് സജ്ജമായ കോഴികളെയാണ് ഇവര്‍ കര്‍ഷകര്‍ക്ക് കൊടുക്കുന്നത്. നൂറ് കോഴികളെ വളര്‍ത്തുന്ന കര്‍ഷകന് ഏകദേശം 65,000 രൂപയുടെ ഇന്‍വെസ്റ്റ്‌മെന്റ് വേണ്ടി വരും. ഈ കോഴികളെ കര്‍ഷകന് കൊടുത്തതിന്റെ അടുത്ത ദിവസം തന്നെ മുട്ട കിട്ടിത്തുടങ്ങും.

ബി.വി 380 കോഴികളുടെ പ്രത്യേകതയായി പറയുന്നത് അവയ്ക്ക് 90 ഗ്രാം വരെ തീറ്റ കൊടുത്താല്‍ മതിയെന്നതാണ്. ബാക്കി 30 മുതല്‍ 40 ഗ്രാം വരെ പച്ചക്കറികളാണ് കൊടുക്കേണ്ടത്. നമുക്ക് ലഭ്യമായ സസ്യജാലങ്ങള്‍, കിളുന്ത് പുല്ലുകള്‍, അസോള പായല്‍ കൂടാതെ ഹൈഡ്രോപോണിക്‌സ് ഫോഡര്‍ എന്നിവയെല്ലാം കൊടുക്കാം. ചക്കയും ചക്കക്കുരുവും വാഴയുടെ കുടപ്പനുമെല്ലാം കൊടുക്കുമ്പോള്‍ കോഴിയുടെ മുട്ട ജൈവമായി മാറുന്നു.
പച്ചക്കറികളും ഭക്ഷ്യാവശിഷ്ടങ്ങളും കൊടുത്ത് വരുന്ന മുട്ട കൂടുതല്‍ സ്വാദിഷ്ടമാണ്. കേരളത്തില്‍ ലക്ഷക്കണക്കിന് വീട്ടമ്മമാര്‍ ബി.വി 380 കോഴികളെ വളര്‍ത്തുന്നുണ്ട്. കേരളത്തില്‍ നാടന്‍മുട്ട എന്ന നിലയില്‍ ബി.വി380 മുട്ട വളരെ സ്വീകാര്യമായിക്കൊണ്ടിരിക്കുന്നു.

ജോജി

ബി.വി 380 ഇനത്തില്‍പ്പെട്ട നൂറ് കോഴികളെ വളര്‍ത്തുന്ന മൈക്രോയൂണിറ്റുകള്‍ക്ക് മൈക്രോബിയല്‍ ലോഡ് വളരെ കുറവായിരിക്കും. എന്നാല്‍ വ്യാവസായികമായി വളര്‍ത്തുന്ന കോഴികള്‍ക്ക് മൈക്രോബിയല്‍ ലോഡ് വളരെ കൂടുതലായിരിക്കും. അതുകൊണ്ടാണ് മുന്‍കരുതലെന്ന നിലയ്ക്ക് കര്‍ഷകര്‍ ആന്റിബയോട്ടിക്‌സ് കൊടുക്കുന്നത്.
ഉത്തരേന്ത്യയില്‍ എന്‍വയോണ്‍മെന്റല്‍ കണ്‍ട്രോള്‍ ഷെഡാണ് കോഴി വളര്‍ത്താന്‍ ഉപയോഗിക്കുന്നത്. നിയന്ത്രിതമായ ചൂടായത് കാരണം മറ്റു സംസ്ഥാനങ്ങളിലെ കോഴികള്‍ക്ക് ഒരു കുഴപ്പവുമില്ല. എന്നാല്‍ കേരളത്തിലെ കോഴികള്‍ക്ക് ഏപ്രില്‍-മെയ് മാസങ്ങളിലെ ചൂടുമായി പൊരുത്തപ്പെടാനുള്ള സമ്മര്‍ മാനേജ്‌മെന്റ് കര്‍ഷകര്‍ അവലംബിക്കേണ്ടതാണെന്ന് ഹാച്ചറി സംരംഭകനായ ജോജി പറയുന്നു.

ചൂടില്‍ നിന്ന് കോഴികളെ എങ്ങനെ രക്ഷിക്കാം?

കോഴി വളര്‍ത്തലിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷ താപനില 22 മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. കോഴികളുടെ സ്വാഭാവിക ശരീര താപനില ഉയര്‍ന്നതിനാലും വിയര്‍പ്പുഗ്രന്ഥികള്‍ ഇല്ലാത്തതിനാലും ഈ താപപരിധിയില്‍ വരുന്ന നേരിയ മാറ്റങ്ങള്‍ പോലും പക്ഷികളുടെ ആരോഗ്യത്തെയും ഉത്പാദനത്തെയും സാരമായി ബാധിക്കും. കട്ടികൂടിയ തൂവല്‍കൊണ്ടുള്ള ആവരണവും തൊലിക്കടിയിലെ കൊഴുപ്പുപാളികളും ചൂട് കാരണമുള്ള ശരീരസമര്‍ദം വര്‍ധിപ്പിക്കുന്നു. നിയന്ത്രിക്കാനാകാത്ത താപനനിലയുണ്ടാകുമ്പോള്‍ പക്ഷികള്‍ കൂട്ടമായി മരണപ്പെടുന്ന അവസ്ഥയുണ്ടാകുന്നു.
"ഉയര്‍ന്ന നിരക്കിലും വേഗത്തിലുമുള്ള ശ്വാസോച്ഛാസം, നന്നായി തീറ്റയെടുത്തിരുന്ന കോഴികള്‍ പെട്ടെന്ന് തീറ്റയോട് മടുപ്പ് കാണിക്കല്‍, ധാരാളം വെള്ളം കുടിക്കുന്നതും തണലിടങ്ങളില്‍ കൂട്ടമായി തൂങ്ങി നില്‍ക്കുന്നതുമെല്ലാം ഉഷ്ണകാലത്തുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. അമിതമായ ചൂടുണ്ടാകുമ്പോള്‍ മുട്ടയുടെ വലിപ്പം കുറയുകയും പുറംതോടിന്റെ കനം കുറയുകയും മുട്ടകള്‍ പെട്ടെന്ന് പൊട്ടുകയും ചെയ്യുന്നു." ആനിമല്‍ ഹസ്ബന്ററി ഡിപ്പാര്‍ട്ട്‌മെന്റില്‍ വെറ്ററിനറി സര്‍ജനായിരുന്ന ഡോ.മുഹമ്മദ് ആസിഫ് പറയുന്നത് കോഴികളുടെ ശരീര താപനിലയിലുള്ള വ്യതിയാനങ്ങളെക്കുറിച്ചാണ്.

ഡോ.മുഹമ്മദ് ആസിഫ്

'ചൂട് കാരണം തീറ്റയെടുപ്പും തീറ്റപരിവര്‍ത്തനശേഷിയും കുറയുന്നത് ഇറച്ചിക്കോഴികളില്‍ വളര്‍ച്ചയും ഭാരവും കുറയാന്‍ കാരണമാവുന്നു. അത്യുഷ്ണത്തെ പ്രതിരോധിക്കാന്‍ കോഴികള്‍ക്ക് യഥേഷ്ടം തണുത്ത ശുദ്ധജലം ലഭ്യമാക്കണം. സാധാരണത്തേക്കാള്‍ നാലിരട്ടി വരെ കൂടുതല്‍ കുടിവെള്ളം കോഴികള്‍ക്ക് ആവശ്യമായി വരും. ശുദ്ധജലം ഉറപ്പുവരുത്തുന്നതൊപ്പം, ഉപ്പ് (0.25%), അല്ലെങ്കില്‍ മറ്റ് വിവിധ ഇലക്ട്രോലൈറ്റുകള്‍ എന്ന അളവില്‍ കുടിവെള്ളത്തില്‍ ചേര്‍ക്കുന്നതും ഫലപ്രദമാണ്. കുടിവെള്ള ടാങ്കും വിതരണ പൈപ്പുകളും നനച്ച ചണച്ചാക്ക് ഉപയോഗിച്ച് മറച്ചാല്‍ വെള്ളം ചൂടുപിടിക്കുന്നത് തടയാം. സ്പ്രിംഗ്ലര്‍ ഉപയോഗിച്ച് മേല്‍ക്കൂര നനയ്ക്കുന്നതും മേല്‍ക്കൂരയ്ക്ക് മുകളില്‍ .

    ചണച്ചാക്കോ തെങ്ങോലമടഞ്ഞതോ വിരിക്കുന്നതും, വശങ്ങളില്‍ ചണച്ചാക്ക് നനച്ച് തൂക്കിയിടുന്നതും, ഫാമിനുള്ളിലെ ചൂട് കുറയ്ക്കും. ഷെഡ്ഡില്‍ കണികകളായി ജലം വര്‍ഷിക്കുന്ന വിധത്തില്‍ ഫോഗ്ഗറുകള്‍ ഏര്‍പ്പെടുത്തുന്നതും, മേല്‍ക്കൂര വെള്ളപൂശുന്നതും, വൈക്കോല്‍ വിരിക്കുന്നതും ഗുണകരമാണ്.' ഡോ. മുഹമ്മദ് ആസിഫ് വിശദമാക്കുന്നു.
ഡീപ്പ് ലിറ്റര്‍ രീതിയിലാണ് വളര്‍ത്തുന്നതെങ്കില്‍ പഴയ ലിറ്റര്‍ മാറ്റാനും, രണ്ട് ഇഞ്ച് കനത്തില്‍ പുതിയ ലിറ്റര്‍ വിരിക്കാനും ശ്രദ്ധിക്കണം. താപനില കുറഞ്ഞ സമയങ്ങളില്‍ ലിറ്റര്‍ ഇളക്കി കൊടുക്കുകയും വേണം . ഉയര്‍ന്ന ചൂടുകാരണം തീറ്റയെടുക്കുന്നത് കുറയുന്നതിനാല്‍, കുറഞ്ഞ അളവില്‍ കൂടുതല്‍ പോഷകമൂല്യം അടങ്ങിയ തീറ്റകള്‍ വേണം നല്‍കേണ്ടത്. പെല്ലറ്റ് തീറ്റ ചെറുതായി നനച്ച് നല്‍കുന്നതും നല്ലതാണ്. പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ എ, സി, ഡി, ഇ അടക്കമുള്ള പോഷകങ്ങള്‍ അടങ്ങിയ വിറ്റാമിന്‍ - ധാതുലവണ മിശ്രിതങ്ങള്‍ തീറ്റയില്‍ 20 -30 ശതമാനം വരെ കൂടുതലായി ഉള്‍പ്പെടുത്തണം.
ഉഷ്ണകാലത്ത് കോഴികള്‍ക്ക് തീറ്റ നല്‍കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പകല്‍ ചൂട് കുറവുള്ള സമയങ്ങളിലും രാത്രിയിലുമായി തീറ്റ നല്‍കുന്നതാണ് നല്ലത്. സോഡിയം സാലിസിലേറ്റ്, അമോണിയം ക്ലോറൈഡ്, പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ബൈകാര്‍ബണേറ്റ് (അപ്പക്കാരം) പോലുള്ള ശരീരതാപം കുറക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം തീറ്റയില്‍ ചേര്‍ത്ത് നല്‍കാവുന്നതാണ്. സോഡിയം ബൈകാര്‍ബണേറ്റ് ഒരു ശതമാനം എന്ന നിരക്കില്‍ തീറ്റയില്‍ ചേര്‍ത്തു നല്‍കുന്നത് മുട്ടയുടെ പുറംതോടിന്റെ ഗുണവും മെച്ചപ്പെടുത്തും .

എഗ്ഗര്‍ നഴ്‌സറികള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നു

ആനിമല്‍ ഹസ്ബന്ററി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന മുട്ടക്കോഴികളുടെ വളര്‍ത്തു കേന്ദ്രമാണ് എഗ്ഗര്‍ നഴ്‌സറി. ഇവിടെ വളര്‍ത്തുന്ന കോഴിക്കുഞ്ഞുങ്ങളെ സര്‍ക്കാരിലേക്ക് നല്‍കി പഞ്ചായത്തുകളിലൂടെയും മൃഗാസ്പത്രികളിലൂടെയും ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നു.
എഗ്ഗര്‍ നഴ്‌സറികളുടെ എണ്ണം സംസ്ഥാനത്ത് കൂടി വരുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നതാണ് പ്രശ്‌നമെന്ന് തൃശൂരിലെ ട്രൂ ലൈന്‍ ഫാര്‍മേഴ്‌സ് എന്ന എഗ്ഗര്‍ നഴ്‌സറിയുടെ ഉടമയായ തോമസ് പറയുന്നു. 'എഗ്ഗര്‍ നഴ്‌സറികളിലേക്ക് വളര്‍ത്താന്‍ ആവശ്യമായ കുഞ്ഞുങ്ങളെ കൊടുക്കാന്‍  സര്‍ക്കാരിന് കഴിയുന്നില്ല. ഒരു കോഴിക്കുഞ്ഞിന് 45-60 ദിവസം പ്രായമെത്തിയാലാണ് പൂര്‍ണവളര്‍ച്ചയെത്തി സര്‍ക്കാരിലേക്ക് കൊടുക്കുന്നത്. കോഴിക്കുഞ്ഞുങ്ങളെ കിട്ടാനില്ല. കേരളത്തില്‍ 1952ല്‍ ഉള്ള റോഡുകള്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. എന്നാല്‍ വാഹനങ്ങളുടെ എണ്ണം കൂടി. റോഡ് വികസനം ഇപ്പോഴും നടന്നിട്ടില്ല. അതുപോലെ തന്നെയാണ് എഗര്‍ നഴ്‌സറികളുടെ കാര്യവും.'
മുട്ട ഉത്പാദനവും ഇറച്ചി ഉത്പാദനവും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യമായിരുന്നു സര്‍ക്കാര്‍ ഇത്തരം എഗ്ഗര്‍ നഴ്‌സറികള്‍ സ്ഥാപിച്ചതിന്റെ പിന്നില്‍. ഏതാണ്ട് 1980 ലാണ് സര്‍ക്കാര്‍  നഴ്‌സറി തുടങ്ങുന്നത്. എന്നാല്‍ 30 കൊല്ലമായിട്ടും ആ ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് തോമസ് ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ ഏതാണ്ട് 328 പേര്‍ക്കാണ് എഗ്ഗര്‍ നഴ്‌സറി ലൈസന്‍സുള്ളത്. തൃശൂര്‍ ജില്ലയില്‍ 11 പേര്‍ക്കാണ് ലൈസന്‍സ് ഉള്ളത്. ഇത്തരം നഴ്‌സറികളിലേക്ക് ആവശ്യമായ കോഴിക്കുഞ്ഞുങ്ങളെ കിട്ടാതെ വന്നപ്പോള്‍ കേരളത്തില്‍ ഇത് ബിസിനസായി മാറി. തമിഴ്‌നാട്ടില്‍ വളരെ സാധാരണമായ സാഹചര്യത്തില്‍ വളരുന്ന കുഞ്ഞുങ്ങളെ കേരളത്തില്‍ കൊണ്ടുവന്ന് വിതരണം ചെയ്തു. കേരളത്തിന് കാര്യമായ ഒരു ഗുണവും ഇതുകൊണ്ടില്ല. അങ്ങനെ എല്ലാം തമിഴ്‌നാടിന്റെ കൈയിലായി.
"കേരളത്തിലെ കോഴിക്കര്‍ഷകരെ വളരാന്‍ അനുവദിക്കാത്തത് തമിഴ്‌നാട്ടില്‍ നിന്നുള്ള ലോബികളാണ്. തമിഴ്‌നാട്ടില്‍ നിന്നും മരുന്നുകള്‍ നല്‍കാതെ പ്രതിരോധ ശേഷിയില്ലാത്ത കോഴികളെ കേരളത്തിലെ ഗ്രാമങ്ങളില്‍ ബൈക്കുകളില്‍ കൊണ്ടുപോയി വിതരണം ചെയ്യുന്നവര്‍ അസുഖങ്ങളെ വില്‍ക്കുകയാണ് ചെയ്യുന്നത്. നമ്മുടെ കോഴികള്‍ ചത്തുപോകേണ്ടത് തമിഴ്‌നാട്ടുകാരന്റെ ആവശ്യമാണ്."  തമിഴ്‌നാട്ടുകാരന്റെ കച്ചവടം വര്‍ധിപ്പിക്കാനും ലാഭമുണ്ടാക്കാനുമുള്ള പദ്ധതിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് തോമസ് പറയുന്നു.
എഗ്ഗര്‍ നഴ്‌സറികളുടെയും ഹാച്ചറികളുടെയും പ്രവര്‍ത്തനത്തിലുള്ള അപാകതകള്‍ മാത്രമാണോ കേരളത്തിലെ കോഴിക്കര്‍ഷകരുടെ മുന്നിലുള്ള പ്രതിസന്ധി? കോഴികള്‍ക്ക് തൂക്കം കൂടാന്‍ ആന്റിബയോട്ടിക്കുകള്‍ കുത്തിവെക്കുന്നുവെന്ന വാദഗതികളില്‍ കഴമ്പുണ്ടോ? നിപ്പ വൈറസ് കോഴികളുടെ ശരീരത്തില്‍ അതിജീവിക്കുമോ?   (തുടരും) 


No comments:

Post a Comment