കൊച്ചി: സംസ്ഥാനത്ത് പുത്തന്‍ ലഹരി മരുന്നുകൾ തിരിച്ചറിയാൻ ആവശ്യമായ സൗകര്യങ്ങളില്ലെന്ന് എക്സൈസ് വകുപ്പും ചീഫ് കെമിക്കൽ എക്സാമിനറും ഹൈക്കോടതിയെ അറിയിച്ചു. ലഹരി മരുന്ന് കേസിലുൾപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി റയീസ് മുഹമ്മദ് നൽകിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് എക്സൈസ് നിലപാടറിയിച്ചത്.
ലഹരിമരുന്നുകളുടെ പരിശോധനാഫലം ലഭിക്കാൻ വൈകുന്നത് കേസുകളെ ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് എക്സൈസ്, ഫോറൻസിക് സയൻസ് ലാബ് അധികൃതർ എന്നിവരുടെ വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടിയായുള്ള സത്യവാങ്മൂലത്തിലാണ് എക്സൈസ് അധികൃതരും ചീഫ് കെമിക്കൽ എക്സാമിനറും പുതിയ തലമുറ ലഹരികള്‍ പരിശോധിക്കാന്‍ സംസ്ഥാനത്ത് സൌകര്യമില്ലെന്ന് കോടതിയെ ബോധിപ്പിച്ചത്.
മയക്കുമരുന്ന് പരിശോധനയ്ക്കുള്ള ഡിറ്റക്ഷൻ കിറ്റുകൾ ലഭ്യമല്ല. മാജിക് മഷ്റൂം പോലെയുള്ളവ പരിശോധന വൈകിയാൽ തിരിച്ചറിയാനാവാത്ത വിധം നശിച്ചു പോകുന്ന ലഹരി വസ്തുക്കളാണ്. രാസ പരിശോധനാഫലം ഒരു വർഷത്തിലേറെ വൈകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് പ്രതിക്ക് ജാമ്യം ലഭിക്കാനിടയാക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഇത്തരം സാഹചര്യം ഞെട്ടിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ സിംഗിൾ ബെഞ്ച് മയക്കുമരുന്ന് കേസുകളിലെ പരിശോധനാഫലം വേഗത്തിൽ ലഭിക്കാൻ ആവശ്യമായ നടപടികൾ ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഡിജിപി, എക്സൈസ് കമ്മീഷണർ, ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ എന്നിവർ യോഗം ചേർന്ന് തീരുമാനിക്കണമെന്ന് നിർദേശിച്ചു.
No comments:
Post a Comment