Breaking

Wednesday, 8 August 2018

വസ്ത്രങ്ങള്‍ വാടകയ്ക്ക് കൊടുത്ത് ഈറോഡ് സ്വദേശിനി; ഒരുവര്‍ഷത്തെ വരുമാനം 80 ലക്ഷം!

മേശയും കസേരയും ഉള്‍പ്പെടെയുള്ള വീട്ടുപകരങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നതിനെപ്പറ്റി എല്ലാവര്‍ക്കുമറിയാം. എന്നാല്‍ വസ്ത്രങ്ങളും ഇങ്ങനെ കിട്ടുമെന്ന് കേട്ടാല്‍ ആര്‍ക്കും അല്‍പം കൗതുകമൊക്കെ തോന്നും. രണ്ടും വര്‍ഷം മുമ്പു ഈറോഡ് സ്വദേശി ശ്വേത പൊഡാര്‍ എന്ന യുവതി ബംഗളൂര്‍ ആസ്ഥാനമാക്കി തുടക്കമിട്ട കാന്‍ഡിഡ്‌നോട്ട്‌സ് എന്ന സംരംഭത്തെക്കുറിച്ചറിയുമ്പോഴും ഇങ്ങനെതന്നെ. വസ്ത്രങ്ങള്‍ ദൈനംദിന ഉപയോഗത്തിനുള്ള അവശ്യ വസ്തുവായതിനാല്‍ എന്നും ഇടിവ് തട്ടാതെ നില്‍ക്കുന്ന മേഖലയാണ് വിസ്ത്രവിപണി. ഇതുമായി ബന്ധപ്പെട്ട ഫാഷന്‍ രംഗത്തിനും കൊയ്ത്തുകാലമല്ലാതൊരു സമയമുണ്ടാകില്ല. ഈ സാധ്യതയാണ് കാന്‍ഡിഡ്‌നോട്ട്‌സും ഉപയോഗിച്ചത്.
45 വയസില്‍ താഴെയുള്ള പുരുഷന്‍മാരുടെ വസ്ത്രങ്ങള്‍ക്കാണ് ഈ ഓണ്‍ലൈന്‍ റെന്റല്‍ സംരംഭം കൂടുതല്‍ പ്രധാന്യം നല്‍കുന്നതെങ്കിലും സ്ത്രീകള്‍ക്കുവേണ്ടിയും വിപുലമായ വസ്ത്രശേഖരം കാന്‍ഡിഡ്‌നോട്ട്‌സ് ഒരുക്കിയിട്ടുണ്ട്. മികച്ച ഡിസൈന്‍ വസ്ത്രങ്ങളും കോട്ടും സ്യൂട്ടും എല്ലാം ഇക്കൂട്ടത്തിലുണ്ട്.
ആവശ്യക്കാര്‍ ഏറെയുള്ള സ്യൂട്ട്
വിവാഹ വേളകളിലുള്‍പ്പെടെ പ്രധാനപ്പെട്ട ചടങ്ങുകളില്‍ സ്യൂട്ട് അഥവാ ടാക്‌സിഡോസ് അണിയാന്‍ ഇഷ്ടപ്പെടുന്നവരാണ് പുരുഷന്‍മാര്‍ ഏറെയും. ഒന്നോ, രണ്ടോ ദിവസത്തെ ഉപയോഗത്തിനുവേണ്ടി വലിയ തുക മുടക്കി ഇത്തരം വസ്ത്രങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ നല്ലത് ഇവ വാടകയ്ക്ക് എടുക്കുന്നതാണ് ലാഭകരമെന്ന് മിക്കവരും ചിന്തിക്കുന്നു. വിവാഹത്തിനു മുമ്പുള്ള ഷൂട്ടിംഗ്, ഫാഷന്‍ഷോ, സുപ്രധാന മീറ്റിംഗുകള്‍, കോണ്‍ഫറന്‍സ്, ഇന്റര്‍വ്യൂ, കോര്‍പറേറ്റ് പരിപാടികള്‍, കോളജ് ഫെയര്‍വെല്‍, കോണ്‍വൊക്കേഷന്‍ എന്നീ അവസരങ്ങള്‍ ഉപയോഗിക്കാനായി സ്യൂട്ടുകള്‍ വാടകയ്ക്ക് എടുക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് ശ്വേത പൊഡാര്‍ പറയുന്നു.
ആറോളം പ്രശസ്ത ഡിസൈനര്‍മാരുമായി പങ്കാളിത്തമുള്ള കാന്‍ഡിഡ് നോട്ട്‌സ് ക്ലാസിക് ഡിസൈനുകളിലും സ്വന്തമായി വസ്ത്രങ്ങള്‍ കമ്പോളത്തില്‍ എത്തിക്കുന്നുണ്ട്. ടാക്‌സിഡോസ്, സ്യൂട്ടുകള്‍, ഷെര്‍വാണി, ബ്ലേസേഴ്‌സ്, ബാന്ദി, ബാന്‍ഡ്ഗാലാ, ഇന്‍ഡോ-പാശ്ചാത്യന്‍ ഫ്യൂഷന്‍ വസ്ത്രങ്ങള്‍ എന്നിവയെല്ലാം ഇവിടെ കിട്ടും. 40 ശതമാനത്തോളം ഉപഭോക്താക്കള്‍ ആറുമുതല്‍ എട്ടുമാസത്തിനുള്ളില്‍ സേവനങ്ങള്‍ക്കായി വീണ്ടും സമീപിക്കുന്നുണ്ടെന്നത് ഇവരുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു.
കുടുംബപരമായി വസ്ത്രവ്യാപാരം കണ്ടുവളര്‍ന്ന ശ്വേതയ്ക്ക് അത് ഓണ്‍ലൈന്‍ ഫാഷന്‍ റെന്റല്‍ മേഖലയിലേക്കുള്ള കടന്നുവരവ് എളുപ്പമാക്കി. വസ്ത്രവിപണിയുമായുള്ള ശ്വേതയുടെ ഈ പരിചയം ഗുജറാത്തിലെ സൂറത്തു മുതല്‍ കൊല്‍ക്കത്ത വരെയുള്ള മികച്ച വസ്ത്രവ്യാപാരികളുമായി സഖ്യമുണ്ടാക്കുന്നത് പ്രയാസമുണ്ടാക്കിയില്ല. വസ്ത്രവിപണിയിലെ പുതിയ സാധ്യതകള്‍ മനസിലാക്കിയിലുള്ള ചുവടുമാറ്റം നിലവിലെ ബിസിനസില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നുവെന്നാണ് ഈ യുവതിയുടെ അഭിപ്രായം.
പുരുഷന്‍മാര്‍ക്ക് പ്രധാന്യം നല്‍കിയതിനു പിന്നില്‍
പത്തുലക്ഷം രൂപകൊണ്ടായിരുന്നു തുടക്കം. സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്കുമാത്രം പ്രധാന്യം നല്‍കിയ ക്ലോസി, റെന്റ് മൈക്ലോസെറ്റ് എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ വിപണിയില്‍നിന്ന് പുറത്തായതു പുരുഷന്‍മാരുടെ വസ്ത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനിടയാക്കിയെന്ന് ശ്വേത കൂട്ടിച്ചേര്‍ത്തു. 12 അംഗ സംഘമാണ് കാന്‍ഡിഡ് നോട്ട്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ളത്. ശ്വേതയ്‌ക്കൊപ്പം പ്രോഡക്ട് ഡെവലെപ്‌മെന്റ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിനായി സഹോദരന്‍ റിഷി പൊഡാറും ഒപ്പമുണ്ട്.
കമ്പനിയുടെ ശരാശരി ഓര്‍ഡര്‍ മൂല്യം 1,500 രൂപയാണ്. നിലവില്‍ പ്രതിവര്‍ഷം 6,000 ഓര്‍ഡറുകള്‍ ലഭിക്കുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 80 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടാക്കി. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കു പുറമേ ബംഗളൂരുവില്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളും നടത്തിവരുന്നു. തിരഞ്ഞെടുക്കുന്ന വസ്ത്രം കൃത്യ അളവിലാണോയെന്ന് പരിശോധിക്കാനുള്ള സൗകര്യം കാന്‍ഡിഡ് നോട്ട്‌സ് നല്‍കുന്നു. കൂടുതല്‍ നിക്ഷേപം കണ്ടെത്തി ഡല്‍ഹി, മുംബൈ എന്നിവടങ്ങളിലേക്കുകൂടി സാന്നിധ്യം വ്യാപിപ്പിക്കാനുള്ള പദ്ധതിയും ശ്വേതയുടെ മനസിലുണ്ട്.

No comments:

Post a Comment