ടെക്‌നോളജി അതിവേഗം വളരുന്ന ഇക്കലത്ത് ആ വഴിക്ക് പണം നേടാൻ വയസ്സ് ഒരു വിഷയമാണോ? അല്ല എന്ന് തെളിയിക്കും മസ്തനാമ്മയുടെ കഥ.ലോകത്തെ ഏറ്റവും പ്രായം കൂടിയ യൂടൂബറാണ് ഈ ആന്ധ്രക്കാരി അമ്മൂമ്മ. 106 വയസ്സാണ് കക്ഷിയുടെ പ്രായം.ചെറുപ്പം മുതൽക്ക് പാചകം എന്നത് ഈ മുത്തശ്ശിക്ക് ഒരു ഹോബിയാണ്.
വിവിധ ഭക്ഷ്യവസ്തുക്കൾ കൊണ്ട്, സ്വന്തമായി പരീക്ഷിച്ച പാചകക്കൂട്ടുകളും, ചേരുവകളും ചേർത്ത് വളരെ വ്യത്യസ്തവും അതേസമയം നാടനുമായ വിഭവങ്ങളാണ് മുത്തശ്ശി തയ്യാറാക്കുന്നത്.മുത്തശ്ശിയുടെ ഭക്ഷണം നാട്ടിൽ അകെ പാട്ടാണ്. അത്രക്ക് രുചിയാണ് എന്ന് പറയാതെ വയ്യ. പാചകം ചെയ്യുന്ന രീതിക്കും ഉണ്ട് ഏറെ പ്രത്യേകതകൾ.
വെട്ടാനും നുറുക്കാനും ഉപയോഗിക്കുന്ന കത്തികൾ, തവി, ഒരു പരന്ന പാത്രം, പരമ്പരാഗത അടുപ്പ് ഇത്രയും മതി കക്ഷിക്ക് പാചകം ചെയ്യാൻ. ഫ്രൈയിങ്ങ്, റോസ്റ്റിങ്ങ്, ബേക്കിങ്ങ് തുടങ്ങി വിവിധതരം ഉപകരണങ്ങൾ കൊണ്ട് നാം ചെയ്യുന്ന പാചകരീതികളെല്ലാം മസ്തനാമ്മ ഈ അടുപ്പും ഒരൊറ്റ ഇരുമ്പ് പാത്രവും ഉപയോഗിച്ചാണ് ചെയ്യുന്നത്.
ആന്ധ്രാ പ്രദേശിലെ ഗുണ്ടുർ ജില്ലയിലെ ഗുഡിവാഡ എന്ന കുഞ്ഞ് ഗ്രാമത്തിലാണ് അവർ താമസിക്കുന്നത്. പാചകത്തിലുള്ള മുത്തശ്ശിയുടെ കൈപ്പുണ്യം മനസിലാക്കി പേരക്കുട്ടിയാണ് യൂടൂബ് ചാനൽ തുടങ്ങിയത്. ഇപ്പോൾ യൂടൂബിലെ താരമാണ് മസ്തനാമ്മ.11 ആം വയസിൽ വിവാഹം കഴിച്ച മുത്തശ്ശിക്ക് അഞ്ചു കുട്ടികൾ ഉണ്ടായിരുന്നു, അതിൽ ഇപ്പോൾ ഒരാൾ മാത്രമേ ജീവിച്ചിരുപ്പുള്ളു. 22ആം വയസിൽ മുത്തശിയുടെ ഭർത്താവും മരിച്ചു.
തന്റെ യൂടൂബ് അകൗണ്ടിലൂടെ ഈ മുത്തശ്ശി പാചക ക്ലാസുകളും നൽകുന്നു. ഏകദേശം 95 കൊല്ലമായി മസ്തനാമ്മ പാചകം തുടങ്ങിയിട്ട്. പാചകത്തിൽ എന്നല്ല ഒരു കാര്യത്തിലും ഈ പ്രായത്തിലും ഒരു കാര്യത്തിനും ഒരാളെയും മസ്തനാമ്മ ആശ്രയിക്കില്ല.ആരെങ്കിലും തങ്ങൾക്ക് കൂടി ഭക്ഷണം പാചകം ചെയ്തു തരാൻ പറഞ്ഞാൽ അതിലും വലിയ സന്തോഷം ഈ മുത്തശ്ശിക്കില്ല.
കൺട്രി ഫുഡ്‌സ് എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനൽ ഇതുവരെ 1,019,642 ആളുകൾ സബ്‌സ്‌ക്രൈബ് ചെയ്തു കഴിഞ്ഞു.ഇതിലൂടെ മികച്ച വരുമാനമാണ് അമൂമ്മയ്ക്ക് ലഭിക്കുന്നത്. സാധാരണ പാചകപരിപാടികളുടെ രീതിയിൽ നിന്ന് വ്യത്യസ്തമായി സ്വാഭാവിക പശ്ചാത്തലത്തിൽ നിന്നാണ് മസ്തനാമ്മയുടെ പാചകം.അതായത് തുറസ്സായ ഗ്രാമ പ്രദേശം തന്നെ.
ബാംബു ചിക്കൻ ബിരിയാണി, വാട്ടർ മെലൺ ചിക്കൻ, എഗ് ദോശ എന്നിവയാണ് മുത്തശ്ശിയുടെ സ്പെഷ്യാലിറ്റി ഫുഡ്സ്. എഗ് ദോശയ്ക്കാണ് ആരാധകരേറെ. നാടൻ മുട്ടകൾ അരിമാവിൽ ചേർത്തുണ്ടാക്കുന്ന ഈ രുചികരമായ വിഭവം കണ്ട് കൊതിച്ചത് ലക്ഷങ്ങളാണ്. എന്തായാലും വാർദ്ധക്യത്തിന്റെ നിറവിലും മികച്ച വരുമാനം കണ്ടെത്താൻ കഴിയുന്ന ഈ മുത്തശ്ശിക്ക് നല്ലൊരു കയ്യടി കൊടുക്കാതെ വയ്യ
No comments:
Post a Comment