Breaking

Tuesday, 24 July 2018

ഒന്‍പതുമാസം പ്രായമുള്ളപ്പോള്‍ മുറിച്ചുമാറ്റിയ കുഞ്ഞിക്കാലുകള്‍ തോല്‍പ്പിച്ചില്ല; മാതാപിതാക്കളെ കവര്‍ന്ന വിധിയെ തോല്‍പ്പിച്ച് അഷിത ഡോക്‌ടറാകും

17 വര്‍ഷം മുമ്പ്‌ ഒരു ബസ്‌ അപകടത്തിന്റെ രൂപത്തില്‍ വിധി മാതാപിതാക്കളെ കവരുമ്പോള്‍ അഷിതയ്‌ക്ക്‌ ഒന്‍പതുമാസം മാത്രമായിരുന്നു പ്രായം. അപകടത്തില്‍ ചതഞ്ഞരഞ്ഞ അവളുടെ കുഞ്ഞിക്കാലുകളും അന്ന്‌ ആശുപത്രിയില്‍ മുറിച്ചുമാറ്റേണ്ടിവന്നു.നീണ്ട ആശുപത്രിവാസവും മരുന്നുകളും അവളെ ജീവിതത്തിലേക്കു കൃത്രിമക്കാലുകളില്‍ പിച്ചവയ്‌പ്പിച്ചു. ഒറ്റയടിക്ക്‌ അനാഥത്വത്തിലേക്കു തള്ളിയിട്ട വിധിയോട്‌ അവള്‍ പരിഭവിച്ചില്ല. അപ്പോഴേക്ക്‌, ജീവിതം തിരികെനല്‍കിയ ഡോക്‌ടര്‍മാരുടെ കുപ്പായത്തെ അവള്‍ സ്‌നേഹിച്ചുതുടങ്ങിയിരുന്നു. ഇന്നലെ കണ്ണൂരില്‍നിന്ന്‌ എറണാകുളത്തെ ആ സ്‌പെഷലിസ്‌റ്റ്‌ ആശുപത്രിയില്‍ അഷിത വീണ്ടുമെത്തി... കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിനു പ്രവേശനം കിട്ടിയതിന്റെ ആഹ്‌ളാദം തന്റെ രക്ഷകരോടു പങ്കുവയ്‌ക്കാന്‍!



2000 ഡിസംബര്‍ ഒന്നിനാണു കണ്ണൂര്‍ അഞ്ചരക്കണ്ടി ചാമ്പാട്‌ സഹിജനിവാസില്‍ രാജീവന്‍-മഹിജ ദമ്പതികളെയും മകള്‍ അഷിതയേയും നിയന്ത്രണംവിട്ട്‌ പാഞ്ഞുവന്ന ബസ്‌ ഇടിച്ചത്‌. മഹിജയുടെ വീട്ടിലേക്കു പോകാന്‍ വീടിനു മുന്നില്‍ ബസ്‌ കാത്തുനില്‍ക്കുമ്പോഴായിരുന്നു അപകടം. രാജീവന്‍ സംഭവസ്‌ഥലത്തും മഹിജ പിറ്റേന്ന്‌ ആശുപത്രിയിലും മരിച്ചു. അഷിതയുടെ ഇരുകാലുകളും ചതഞ്ഞരഞ്ഞതിനാല്‍ മുറിച്ചുമാറ്റാതെ രക്ഷയില്ലായിരുന്നു. കണ്ണൂരില്‍നിന്ന്‌ അവളെ എറണാകുളത്തെ സ്‌പെഷലിസ്‌റ്റ്‌ ആശുപത്രിയിലേക്കു കൊണ്ടുവന്നു.

തുടര്‍ന്നിങ്ങോട്ട്‌ അമ്മൂമ്മ ജാനകിയും അമ്മാവന്‍ മഹേഷും അവള്‍ക്കു താങ്ങായി. കൃത്രിമക്കാലുകളില്‍ പതിയെ നടന്നുതുടങ്ങി. അസ്‌ഥിരോഗവിദഗ്‌ധന്‍ ഡോ. ചെറിയാന്‍ കോവൂരിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. നന്നായി പഠിച്ച്‌ അഷിത വിധിയോടു പോരാടി. പത്താം ക്ലാസില്‍ ഉന്നതവിജയവും പെരളശേരി എ.കെ.ജി. സ്‌മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നു പ്ലസ്‌ടുവിനു 90%-ല്‍ അധികം മാര്‍ക്കും നേടി. നീറ്റ്‌ പരീക്ഷയില്‍ അംഗപരിമിതരുടെ ക്വാട്ടയില്‍ 567-ാം റാങ്ക്‌ നേടിയാണ്‌ എം.ബി.ബി.എസിനു പ്രവേശനം കിട്ടിയത്‌. അടുത്ത മാസം ക്ലാസ്‌ തുടങ്ങും. ആ സന്തോഷം പങ്കുവയ്‌ക്കാനാണ്‌ അഷിത ഇന്നലെ അമ്മൂമ്മയ്‌ക്കും അമ്മാവനുമൊപ്പം എറണാകുളത്തെ ആശുപത്രിയിലെത്തിയത്‌. ഡോ. ചെറിയാനും നഴ്‌സുമാരുമൊക്കെ അവളെ അനുഗ്രഹിച്ചയച്ചു.

No comments:

Post a Comment