Reported : Admin
ഒരു കലാസൃഷ്ടിതന്നെയാകണം വീട് എന്നുണ്ടെങ്കിൽ പ്ലാനിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. പ്ലോട്ടിന്റെ സവിഷേതകൾക്കനുസരിച്ചാകണം വീടിൻറെ പ്ലാൻ. നിരപ്പായ ഭൂമിയാണോ, റോഡ് സൈഡിലാണോ, പ്ലോട്ടിന്റെ എത്ര അകലെയാണ് അയൽ വീടുകൾ, പ്ലോട്ടിലെ മരങ്ങളുടെ കാര്യം, സൂര്യപ്രകാശവും വായു സഞ്ചാരവും..... ഇങ്ങനെ പ്ലോട്ടിനെ വിശകലനം ചെയ്യുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
സ്വന്തം ആവശ്യങ്ങളെല്ലാം കുറിച്ചു വച്ചു വേണം പ്ലാൻ തയാറാക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ. ഒരു ഡമ്മി പ്ലാൻ ഉണ്ടാക്കിയതിനുശേഷം ആർക്കിടെക്ടിനെ/ എൻജിനീയറെ കാണുന്നത് ആഗ്രഹത്തിനനുസരിച്ച് വീടുപണിയാൻ സഹായിക്കും. സ്വന്തമായി ആശയങ്ങൾ ഉളളവരാണെങ്കിൽ സ്വന്തമായി പ്ലാൻ തയാറാക്കുകയുമാകാം. എന്നാൽ പഞ്ചായത്തിന്റെ അല്ലെങ്കിൽ മുനിസിപ്പാലിറ്റിയുടെ അംഗീകാരം നേടണമെങ്കിൽ ഒരു അംഗീകൃത എൻജിനീയർ സർട്ടിഫൈ ചെയ്യണം.
ഭൂമി നിരപ്പാക്കണോ തട്ടായതാണെങ്കിൽ അങ്ങനെത്തന്നെ നിലനിർത്തണോ എന്ന കാര്യത്തിലും തീരുമാനമുണ്ടാക്കാനുണ്ട്. ചെറിയ പൊക്ക വ്യത്യാസമാണെങ്കിൽ നിരപ്പാക്കുന്നതു തന്നെയാണ് നല്ലത്. ഭൂമി നിരപ്പാക്കുന്നതിനു പകരം അണ്ടർ ഗ്രൗണ്ട് ഫ്ലോർ പണിയുന്നത് പലപ്പോഴും ലാഭകരവും പണിയുന്നത് എളുപ്പവുമായിരിക്കും. പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപറേഷൻ ഇവയിൽ ഏതാണെന്നതനുസരിച്ച് നിയമം അനുശാസിക്കുന്ന വിധത്തിൽ ചുറ്റും സ്ഥലം വിട്ട് വേണം വീടുവയ്ക്കാൻ. ബിൽഡിങ് റൂൾ അനുസരിച്ച് മൂന്ന് സെന്റിൽ കൂടുതൽ സ്ഥലമുണ്ടെങ്കിൽ വീടിനു മുൻവശത്ത് കുറഞ്ഞത് മൂന്ന് മീറ്ററും വീടിനു പിന്നിൽ രണ്ട് മീറ്ററും ഒരുവശത്ത് 1.3 മീറ്ററും ഒരുവശത്ത് ഒരു മീറ്ററും ഒഴിച്ചിടണം.
ഓരോ സമയത്തും സൂര്യപ്രകാശം എവിടെയെല്ലാം വീഴുന്നുവെന്നതും സസൂക്ഷ്മം നിരീക്ഷിച്ചശേഷം മുറികളുടെ സ്ഥാനം തീരുമാനിക്കണം. ഉദാഹരണത്തിന് കിടപ്പുമുറികൾ പടിഞ്ഞാറു ഭാഗത്ത് പ്ലാൻ ചെയ്താൽ വൈകുന്നേരത്തെ വെയിൽ കിടപ്പുമുറികളെ ചൂടാക്കാൻ സാധ്യതയുണ്ട്. കിടപ്പുമുറികളിൽ രാത്രി ചൂട് കൂടാൻ ഇതു കാരണമാകും. പടിഞ്ഞാറ് ലിവിങ്ങോ ഡൈനിങ്ങോ ഏരിയകളാണെങ്കിൽ രാത്രിയിൽ അധിക സമയം ഉപയോഗിക്കേണ്ടി വരില്ലല്ലോ.
മൂന്ന് സെന്റ് സ്ഥലത്തിൽ കുറവാണെങ്കിൽ നിയമത്തിൽ പല ഇളവുകളും ലഭിക്കും. വീടിനു മുൻഭാഗത്ത് രണ്ട് മീറ്ററും പിന്നിൽ ഒരു മീറ്ററും ഒഴിച്ചിടണം. വശങ്ങളിൽ 90 സെമീയും 60 സെമീയും ഒഴിച്ചിട്ടാൽ മതിയാകും. 60 സെമീ ഒഴിച്ചിട്ട സ്ഥലത്ത് വാതിലോ ജനലോ നൽകരുത്. പകരം വെന്റിലേഷൻ നൽകാം. സെപ്റ്റിക് ടാങ്ക്, റെയിൻവാട്ടർ ഹാർവെസ്റ്റിങ് ടാങ്ക് തുടങ്ങി നിയമം നിഷ്കർഷിക്കുന്ന എല്ലാ സൗകര്യങ്ങളും എവിടെയെല്ലാം സ്ഥാപിക്കുന്നു എന്നതും പ്ലാനിൽ അടയാളപ്പെടുത്തേണ്ടതാണ്.
Team Architizer
No comments:
Post a Comment